പ്രവാസികള്‍ക്ക് സഹായമായി കൈത്താങ്ങ് ഹെല്‍പ്പ് ഡെസ്‌ക്ക്

post

പത്തനംതിട്ട : കോവിഡ് വ്യാപന കാലത്ത് പ്രവാസികള്‍ക്കും, കുടുംബാംഗങ്ങള്‍ക്കും, സഹായമായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയുടെ പ്രവാസി കൈത്താങ്ങ് ഹെല്‍പ്പ് ഡസ്‌ക്. പ്രവാസികളുടെ വിവരങ്ങള്‍ അന്വേഷിച്ച് ഹെല്‍പ്പ് ഡസ്‌കില്‍ എത്തുന്നവര്‍ക്ക് എല്ലാ വിധ സഹായവും വേഗത്തില്‍ ലഭ്യമാക്കാന്‍ മികച്ച ഇടപെടലാണ് നടത്തുന്നത്.

     സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന കുമ്മണ്ണൂര്‍ സ്വദേശിയെ പറ്റി ഒരു വിവരവും ലഭിക്കുന്നില്ല എന്ന പരാതിയുമായി ഭാര്യ ഹെല്‍പ്പ് ഡസ്‌കിനെ സമീപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് നോര്‍ക്ക വഴി ഇടപെട്ട് അന്വേഷണം നടത്തിയപ്പോള്‍ ഇദ്ദേഹം കോവിഡ് ബാധിതനായി കിടക്കുകയാണെന്ന വിവരം ലഭിച്ചു. തുടര്‍ന്ന് പ്രവാസി സംഘടനയായ കൈരളി വഴി എംഎല്‍എ ആവശ്യമായ സഹായം എത്തിച്ചു നല്‍കി. ഇപ്പോള്‍ രോഗം ഭേദമായി വരുന്നു.

       കുളത്തുമണ്‍ സ്വദേശിയെ കാണാനില്ല എന്നു ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് യുഎഇയില്‍ അന്വേഷണം നടത്തി കണ്ടെത്തി. കോവിഡ് ബാധിതനായിരുന്നു. ആരോഗ്യം മെച്ചപ്പെടുന്നു എന്ന വിവരം കുടുംബത്തിനു കൈമാറി. കലഞ്ഞൂര്‍ സ്വദേശി യുഎഇ റാസല്‍ഖൈമയില്‍ സ്‌ട്രോക്ക് ബാധിച്ച് കിടപ്പിലായതിനെ തുര്‍ന്ന് എംഎല്‍എയുടെ ഹെല്‍പ്പ് ഡസ്‌ക് ഇടപെട്ട് സഹായങ്ങള്‍ എത്തിച്ചു നല്‍കി. സീതത്തോട് കോട്ടമണ്‍ പാറ സ്വദേശി ഖത്തറില്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് മൃതദേഹം വീട്ടില്‍ എത്തിച്ചു നല്‍കാന്‍ മുഖ്യമന്ത്രിയുടെ ഒഫീസ് എല്ലാ സഹായവും നല്‍കി. നോര്‍ക്ക ആംബുലന്‍സില്‍  മൃതദേഹം വീട്ടില്‍ എത്തിച്ചു നല്‍കി.

     കോവിഡ് ബാധിതനായി ദുബായിയില്‍ മരിച്ച ളാഹ സ്വദേശിയുടെ കുടുംബത്തിന് ജോലി ചെയ്ത കമ്പനിയില്‍ നിന്നും ആനുകൂല്യം ലഭിക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തി. ഒമാനില്‍ മരണപ്പെട്ട കലഞ്ഞൂര്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാനും മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു.239 പ്രവാസികള്‍ക്ക് ഹെല്‍പ്പ് ഡസ്‌ക് വഴിമരുന്ന് എത്തിച്ചു നല്‍കി. നോര്‍ക്ക വഴിയാണ് മരുന്ന് വിദേശത്ത് എത്തിക്കുന്നത്. മരുന്ന് എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഹെല്‍പ്പ് ഡസ്‌കിലേക്ക് വിളി വന്നാല്‍ ഉടന്‍ വോളന്റിയര്‍മാര്‍ വീട്ടിലെത്തി സേവനം നല്‍കും.

     കേരള പ്രവാസി സംഘവുമായി ചേര്‍ന്നാണ് എംഎല്‍എ ഓഫീസില്‍ ഹെല്‍പ്പ് ഡസ്‌ക് പ്രവര്‍ത്തിക്കുന്നത്. പ്രവാസികള്‍ക്കും, കുടുംബാംഗങ്ങള്‍ക്കും ഏതു സമയത്തും സഹായത്തിനായി ഹെല്‍പ്പ് ഡെസ്‌ക് നമ്പരിലേക്ക് വിളിക്കാവുന്നതാണെന്ന് എംഎല്‍എ പറഞ്ഞു. പ്രവാസി കൈത്താങ്ങ് ഹെല്‍പ്പ് ഡെസ്‌ക് നമ്പര്‍: 9745633874, 7558034080, 0468-2343330.