കുടുംബശ്രീ അംഗങ്ങളുടെ വീടുകളില്‍ അടുക്കള തോട്ടമൊരുക്കുന്ന പ്രവര്‍ത്തനത്തിന് തുടക്കം

post

പത്തനംതിട്ട : ഗ്രീന്‍ കോന്നി പദ്ധതിയുടെ ഭാഗമായി നിയോജക മണ്ഡലത്തിലെ എല്ലാ കുടുംബശ്രീ അംഗങ്ങളുടെ വീട്ടിലും അടുക്കള തോട്ടമൊരുക്കുന്ന പ്രവര്‍ത്തനത്തിനു തുടക്കമായി. കലഞ്ഞൂര്‍ പഞ്ചായത്തിലെ 17-ാം വാര്‍ഡില്‍ വിജയ നിവാസില്‍ ഷീലാ വിജയന്റെ വീടിനോടു ചേര്‍ന്ന് അടുക്കള തോട്ടത്തിനൊരുക്കിയ സ്ഥലത്ത് വിത്തിട്ട് അഡ്വ.കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ നിയോജക മണ്ഡലംതല ഉദ്ഘാടനം നിര്‍വഹിച്ചു.

     കുടുംബശ്രീ ജില്ലാ മിഷനുമായി ചേര്‍ന്ന് നിയോജകമണ്ഡലത്തിലെ 11 പഞ്ചായത്തുകളിലെയും കുടുംബശ്രീ അംഗങ്ങളുടെ വീടുകളില്‍ അടുക്കളത്തോട്ടം ഉണ്ടാക്കും. പച്ചക്കറിവിത്തുകള്‍ കുടുംബശ്രീ വഴി വീടുകളില്‍ നല്കും. ഇങ്ങനെ നടത്തുന്ന അടുക്കള തോട്ടക്കൃഷിയില്‍ മികച്ചതിന് എം.എല്‍.എയും കുടുംബശ്രീ മിഷനും അവാര്‍ഡുകള്‍ നല്കും. ലോക്ക്ഡൗണ്‍ സമയത്ത് പച്ചക്കറി സ്വയം പര്യാപ്തതയിലേക്ക് എത്തുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനമാണ് അടുക്കള തോട്ടക്കൃഷിയിലൂടെ നടത്തുന്നത്. ഇതിനായി 'എന്റെ കൃഷി, എന്റെ ആരോഗ്യം, ഒപ്പം നിങ്ങളുടേതും' എന്ന മുദ്രാവാക്യവും മുന്നോട്ടു വയ്ക്കുന്നുണ്ട്.

     ഗ്രീന്‍ കോന്നി പദ്ധതിയുടെ ഭാഗമായി അടുക്കള തോട്ടകൃഷി കൂടാതെ ഓഫീസ്-സ്‌കൂള്‍വക സ്ഥലങ്ങളിലെ കൃഷി, തരിശുനില കൃഷി തുടങ്ങിയവയും നടത്തുന്നുണ്ട്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഭക്ഷ്യക്ഷാമം ഉണ്ടാകുന്നത് തടയാന്‍ കാര്‍ഷിക മേഖല ശക്തിപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഗ്രീന്‍ കോന്നി പദ്ധതിയിലൂടെ എം.എല്‍.എ മുന്നോട്ടുവയ്ക്കുന്നത്. നിരവധി ആളുകള്‍ തരിശുനിലം വാഗ്ദാനം ചെയ്തും ഭൂമി നല്കിയാല്‍ കൃഷി ചെയ്യാന്‍ തയ്യാറാണെന്നറിയിച്ചും രംഗത്ത് വരുന്നുണ്ട്.

      ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.മനോജ് കുമാര്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സജീവ് റാവുത്തര്‍, കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.വിധു, അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍ കെ.എച്ച്.സലീന, പഞ്ചായത്ത് സെക്രട്ടറി ടി.എസ്.സജീഷ്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഉഷാ മോഹന്‍, കുടുംബശ്രീ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ഋഷി സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.