അര്‍ബുദ രോഗിക്ക് തുണയായി അഗ്നി രക്ഷാവിഭാഗം

post

തൃശൂര്‍ : മരുന്ന് എത്തിച്ചിടത്തു  മരുന്നിനുള്ള പണവും എത്തിച്ച് കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്‍. റാന്നി സ്വദേശിയും അര്‍ബുദരോഗിയുമായ കുട്ടിക്ക് മരുന്നെത്തിച്ചു നല്‍കുന്നതിനിടയിലാണു കുടുംബത്തിന്റെ ബുദ്ധിമുട്ട് അഗ്നിരക്ഷാസേന മനസിലാക്കിയത്. കെ.എഫ്.എസ്.എ ജില്ലാ അംഗങ്ങള്‍ പിരിച്ചെടുത്ത ഒരു നേരത്തെ മരുന്നിന്റെ വിലയായ 10000 രൂപ റാന്നി എം.എല്‍.എ രാജു എബ്രഹാമിന്റെ നേതൃത്വത്തില്‍ കുട്ടിയുടെ വീട്ടിലെത്തി കൈമാറി. 

ജില്ലാ അഗ്നിരക്ഷാ നിലയത്തിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ അരുണ്‍ കൃഷ്ണന്‍, അനൂപ് എന്നിവര്‍ കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്‍ പത്തനംതിട്ട യൂണിറ്റ് ഭാരവാഹികളുടെ ശ്രദ്ധയില്‍പെടുത്തിയതോടെയാണ് ആര്‍.സി.സിയില്‍ ചികിത്സയിലുള്ള കുട്ടിയുടെ ഈ കുടുംബത്തിന് ആശ്വാസമാര്‍ഗം തെളിയുന്നത്.  അടുത്ത കുത്തിവയ്പ്പിനുള്ള മരുന്നിന്റെ തുക എം.എല്‍.എ ഉറപ്പുവരുത്തുകയും തുടര്‍ ചികിത്സയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ചികിത്സാ സഹായം ലഭിക്കുന്നതിനുള്ള നടപടികള്‍ നേരിട്ട് ഇടപെടല്‍ നടത്താമെന്നും ഉറപ്പുനല്‍കുകയും ചെയ്തു. 

പത്തനംതിട്ട അഗ്നിരക്ഷാ നിലയം സ്റ്റേഷന്‍ ഓഫീസര്‍ വി. വിനോദ് കുമാര്‍, കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്‍ കോട്ടയം മേഖല വൈസ് പ്രസിഡന്റ് ആര്‍.ആര്‍ ശരത്ത്, സംസ്ഥാനകമ്മിറ്റിയംഗം പോള്‍ വര്‍ഗീസ്,  യൂണിറ്റ് കണ്‍വീനര്‍ കൃഷ്ണനുണ്ണി, മേഖലാ കമ്മിറ്റി അംഗം രഞ്ജിത്ത് തുടങ്ങിയവര്‍ നേതൃത്വത്തിലാണ് കുട്ടിക്ക് മരുന്നും മറ്റും എത്തിച്ചു നല്‍കിയത്.