പത്തനംതിട്ടയ്ക്കായി നഗര കൃഷി പദ്ധതി

post

പത്തനംതിട്ട : നഗരത്തിലെ ഓരോ വീടും പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തമാകുന്നത് ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സ്ഥലപരിമിതി പ്രശ്നമല്ല. ഒരു സെന്റ് സ്ഥലം മുതല്‍ എത്ര സെന്റ് വരെയുള്ളയിടത്തും പച്ചക്കറി കൃഷി ചെയ്യാം. വീണാ ജോര്‍ജ് എം.എല്‍.എയാണ് പത്തനംതിട്ട നഗരത്തിനായി പ്രത്യേക നഗര കൃഷി പദ്ധതി ആവിഷ്‌കരിച്ചത്. റസിഡന്റ് അസോസിയേഷനുകള്‍, മാര്‍ച്ചന്റ് അസോസിയേഷന്‍, ക്ലബുകള്‍, സ്ഥാപനങ്ങള്‍ തുടങ്ങി നഗരത്തിലെ കൂട്ടായ്മകള്‍ കേന്ദ്രീകരിച്ചാണ് പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പിലാക്കുന്നത്. സംസ്ഥാന കൃഷി വകുപ്പും, ഹരിതകേരളം മിഷനും എം.എല്‍.എയുടെ നഗര കൃഷി പദ്ധതിക്ക് പിന്തുണയുമായി ഒപ്പമുണ്ട്. കൃഷി വിജ്ഞാന്‍ കേന്ദ്രയാണു പദ്ധതിക്കുവേണ്ടി സാങ്കേതിക സഹായവും മേല്‍നോട്ടവും നിര്‍വഹിക്കുന്നത്.

നഗരകൃഷി പദ്ധതിയുടെ സവിശേഷത

ഒരു വര്‍ഷം മുഴുവന്‍ വീട്ടിലേക്ക് ആവശ്യമായ പച്ചക്കറി ഈ കൃഷിയില്‍ നിന്നു ലഭിക്കും. ഒരു സെന്റ് സ്ഥലത്തും കൃഷി ചെയ്യാം. കാല്‍ സെന്റ് വീതം ഓരോ ഇനം പച്ചക്കറിക്കും കൂടി കൃഷി ചെയ്യും. കൃഷിക്ക് ആവശ്യമായ വിത്ത്, തൈകള്‍, വളം, ആവശ്യമെങ്കില്‍ വീട്ടിലേക്കുവേണ്ട ഉപകരണങ്ങള്‍ എന്നിവ ലഭ്യമാക്കണം. വീട്ടിലെ ആവശ്യം കഴിഞ്ഞ് പച്ചക്കറി ഉത്പാദിക്കുന്നുണ്ടെങ്കില്‍ കൃഷി വകുപ്പ് അവ ഏറ്റെടുക്കും. ഗ്രോബാഗുകള്‍ ആവശ്യമെങ്കില്‍ നിറച്ചുനല്‍കും. 

കരിമ്പനക്കുഴി റസിഡന്റ്‌സ് അസോസിയേഷനിലെ 80 വീടുകളില്‍ കൃഷി ചെയ്യുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വീടുകളിലെ കൃഷി കൂടാതെ 80 സെന്റ് സ്ഥലം മാതൃകാ കൃഷിയിടമായി വികസിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

കൃഷി വകുപ്പ് എ.ഡി.എ ജോര്‍ജ് ബോബി, ഹരിതകേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ആര്‍.രാജേഷ്, കൃഷി വകുപ്പ് ഫീല്‍ഡ് ഓഫീസര്‍ തോമസ്‌കുട്ടി, രാജേഷ് കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.  കാര്‍ഡ് കൃഷി വിജ്ഞാന്‍ കേന്ദ്രം ഡയറക്ടര്‍ ഡോ. റോബര്‍ട്ട്, ഡോ.അലക്സ് ജോണ്‍, ഡോ. റിന്‍സി കെ എബ്രഹാം എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു നിര്‍ദേശം നല്‍കി.

നാലുവര്‍ഷം കൊണ്ട് മണ്ഡലത്തില്‍ നെല്ലുത്പാദനത്തില്‍ ഉണ്ടായ വര്‍ധന 3800 ടണ്‍ ആണ്. നെല്ലുത്പാദനത്തിലെ ഈ മുന്നേറ്റം പച്ചക്കറി ഉല്‍പ്പാദനത്തിലും സൃഷ്ടിക്കാനാണു ശ്രമമെന്നു വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. വിഷരഹിത പച്ചക്കറി വീടുകളില്‍ ഉപയോഗത്തിനു ലഭ്യമാക്കുന്നതിന്നൊപ്പം ഭക്ഷ്യക്ഷാമത്തെ ഇല്ലാതാക്കുവാനും നമ്മുക്ക് കഴിയേണ്ടതുണ്ട്.

കൃഷി വിജ്ഞാന്‍ കേന്ദ്രയുടെ അംഗങ്ങള്‍ സ്ഥലം സന്ദര്‍ശിച്ച് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങളും വിശദമായ പ്ലാനും തയ്യാറാക്കും. പ്രിസിഷന്‍ ഫാര്‍മിങ്ങിലൂടെ (കൃത്യതാ ഫാമിങ്ങ്) കൂടുതല്‍ വിളവ് ലഭിക്കത്തക്ക രീതിയാണ് അവലംബിക്കുന്നത്.  പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വാട്സാപ്പ് കൂട്ടായ്മകളും രൂപീകരിച്ചിട്ടുണ്ട്. റസിഡന്റ് അസോസിയേഷനിലെ ശകുന്തള കമലന്റെ  വീട്ടിലെ പുരയിടത്തില്‍ ചീര നട്ടു കൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. 

റസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.വി.ആര്‍ രാധാകൃഷ്ണന്‍, സെക്രട്ടറി ദേവരാജന്‍, ജോയിന്റ് സെക്രട്ടറിമാരായ ബിജു എസ് പണിക്കര്‍, വര്‍ഗീസ് പോള്‍, കൃഷി കണ്‍വീനര്‍ മോഹനന്‍ നായര്‍, ട്രഷറര്‍ അച്ചന്‍ കുഞ്ഞ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.