മണിയനും കുടുംബത്തിനും വീടൊരുക്കി സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍

post

പത്തനംതിട്ട : അടൂരും പരിസര പ്രദേശങ്ങളിലും വീടില്ലാതെ അഗതിയായി കഴിഞ്ഞിരുന്ന മണിയനും കുടുംബത്തിനും കോവിഡ് ഭീതിയിലും ഇനി നിറഞ്ഞ് സന്തോഷിക്കാം. കയറിക്കിടക്കാന്‍ താത്കാലികമായാണെങ്കിലും വീടെന്ന സ്വപ്നം പൂവണിഞ്ഞ സന്തോഷത്തിലാണ് മണിയനും ഭാര്യയും. കൊട്ടാരക്കര സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ്  കേഡറ്റുകളാണ് മണിയനും കുടുംബത്തിനും പന്നിവിഴ കനാല്‍ പരിസരത്ത് വീട് നിര്‍മ്മിച്ചുനല്‍കിയത്. വീടിന്റെ താക്കോല്‍ദാനം ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. 

അടൂര്‍ പന്നിവിഴ കനാല്‍സൈഡില്‍ വര്‍ഷങ്ങളായി താമസിച്ചുവന്നിരുന്ന കൂലിപ്പണിക്കാരനായ മണിയനും കുടുംബത്തിനും കാറ്റിലും മഴയിലുംപെട്ട് തങ്ങളുടെ സ്വന്തമായ കൂര തകര്‍ന്ന് വീണതോടെ കയറിക്കിടക്കാന്‍ ഒരു ഇടമില്ലാതായി. വിവാഹം കഴിഞ്ഞ മകളോടൊപ്പം ഭാര്യയെ പറഞ്ഞുവിട്ട് മണിയന്‍ പിന്നീട് അടൂരുള്ള കടകളുടെ വരാന്തകളില്‍ അന്തിയുറങ്ങി. ഒരു വര്‍ഷമായി ഇത്തരത്തില്‍ ജീവിതം തള്ളിനീക്കവേയാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അഗതികളേയും ഭിക്ഷക്കാരേയും കണ്ടെത്തി ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ അടൂര്‍ ജനമൈത്രി പോലീസ് ഇവര്‍ക്കായി ക്യാമ്പ് ഒരുക്കി നല്‍കിയത്. അഗതിക്യാമ്പിലെത്തിയ മണിയന്റെ വിവരങ്ങളറിഞ്ഞ അടൂര്‍ ഡിവൈ.എസ്പി ജവഹര്‍ ജനാര്‍ദ്ദ് കൊട്ടാരക്കര സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപകനും സ്റ്റുഡന്റ് പോലീസ് കേഡറ്റ് ചുമതലക്കാരനുമായ ജോണ്‍സണോട് ഇക്കാര്യങ്ങള്‍ പറഞ്ഞതോടെയാണ് മണിയന് വീട് നിര്‍മ്മിച്ച് നല്‍കാന്‍ ഇവര്‍ മുന്നിട്ടിറങ്ങിയത്. 

മണിയനും കുടുംബത്തിനും വീടിനായി പട്ടികജാതി പട്ടികവര്‍ഗവകുപ്പില്‍ നിന്ന് വസ്തുവും നഗരസഭയുടെ വീടും അനുവദിച്ചു കിട്ടുന്നതുവരെ ഈ വീട്ടില്‍ ഇവര്‍ക്കിനി അന്തിയുറങ്ങാം. ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സിന്ധുതുളസീധര കുറുപ്പ്, ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍, നഗരസഭാ അംഗം ബിന്ദു, ഡി.വൈ.എസ്.പി ജവഹര്‍ ജനാര്‍ദ്ദ്, സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് കൊട്ടാരക്കര റൂറല്‍ സബ് ഇന്‍സ്പെക്ടര്‍ രാജീവ്, സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍ ജോണ്‍സണ്‍ എന്നിവര്‍ പങ്കെടുത്തു.