അസാപ്പ് ഓണ്‍ലൈന്‍ ക്ലാസില്‍ കളക്ടര്‍ സംവദിക്കും

post

ഇടുക്കി : ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) സംഘടിപ്പിക്കുന്ന അസാപ് ഓണ്‍ലൈന്‍ വെബിനാര്‍ സീരീസില്‍ തിങ്കളാഴ്ച ഇടുക്കി ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്‍, ദേവികുളം സബ്കളക്ടര്‍ പ്രേംകൃഷ്ണന്‍ എന്നിവര്‍ പൊതുജനങ്ങളോടും വിദ്യാര്‍ഥികളോടും സംവദിക്കും.

കോവിഡ്-19  ലോക്ക് ഡൗണ്‍ മൂലം വീടുകളില്‍ കഴിയേണ്ടി വരുന്ന ദിവസങ്ങള്‍ സൃഷ്ടിപരമായി വിനിയോഗിയ്ക്കാന്‍ വിവിധ വിഷയങ്ങളില്‍ ഉപകാരപ്രദമായ ക്ലാസുകള്‍ ദിവസവും അസാപ് ഓണ്‍ലൈന്‍ വെബിനാര്‍ വഴി സംഘടിപ്പിക്കുന്നുണ്ട്. ശാസ്ത്രം, സാങ്കേതികം, വിദ്യാഭ്യാസം, സംരഭകത്വം, പൊതുഭരണം തുടങ്ങി വിവിധ മേഘലകളിലുള്ള പ്രമുഖര്‍ ഒരു മാസത്തോളമായി നടക്കുന്ന വെബിനാറുകളില്‍ ക്ലാസുകള്‍ എടുക്കുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് തിങ്കളാഴ്ച നടക്കുന്ന രണ്ടു വെബിനാറുകളിലായി കളക്റ്ററും സബ്കളക്ടറും പങ്കെടുക്കുന്നത്.

രാവിലെ പതിനൊന്നു മണിയ്ക്ക് ദേവികുളം സബ്കളക്ടര്‍ പ്രേംകൃഷ്ണന്‍, 'പകര്‍ച്ചവ്യാധിയും ദുരിതങ്ങളും: സമഗ്രമായ ദുരന്തനിവാരണ പദ്ധതിയുടെ ആവശ്യകത' എന്ന വിഷയത്തില്‍ ഒരു മണിക്കൂര്‍ ക്ലാസെടുക്കും. മൊബൈല്‍ ഫോണിലോ കംപ്യൂട്ടറിലോ 'സിസ്‌കോ വെബ്-എക്‌സ്' അപ്ലിക്കേഷന്‍ ഉപയോഗിച്ച് വെബിനാര്‍ അറ്റന്‍ഡ് ചെയ്യാം. www.skillparkkerala.in/webinars/ എന്ന ലിങ്ക് വഴി വെബിനാറില്‍ പങ്കെടുക്കാം.വൈകുന്നേരം മൂന്നു മണിയ്ക്ക് അസാപ്-ഇടുക്കി ജില്ലാ വെബിനാര്‍ സീരീസിന്റെ ഔപചാരിക ഉദ്ഘാടനം ഇടുക്കി ജില്ലാ കളക്ടര്‍ എച്ച്.ദിനേശന് നിര്‍വഹിക്കും. ഇതിനു തുടര്‍ച്ചയായി, ദേശീയ യുവപ്രതിഭാ പുരസ്‌കാര ജേതാവും ആരോഗ്യ രംഗത്തെ നൂതന സങ്കല്പങ്ങളുടെ പ്രയോക്താവുമായ ഡോ. വിജിത നായര്‍ 'സ്വപ്നത്തില്‍ നിന്നും യാഥാര്‍ത്ഥ്യത്തിലേക്ക്: ഒരു വിജയഗാഥ' എന്ന വിഷയത്തില്‍ ക്ലാസ്സെടുക്കും. www.skillparkkerala.in/idukki/ എന്ന ലിങ്ക് വഴി ഈ വെബിനാറില്‍ പങ്കെടുക്കാം.

പൊതുവിഷയങ്ങളില്‍ നടത്തപ്പെടുന്ന ഇത്തരം വെബിനാറുകള്‍ക്ക് പുറമേ, വിവിധ യൂണിവേഴ്‌സിറ്റികളുമായി സഹകരിച്ച് കോളേജ് വിദ്യാര്‍ഥികള്‍ക്ക് അവരുടെ എടുത്തു തീര്‍ക്കാനുള്ള പാഠഭാഗങ്ങള്‍ ലൈവ് ഓണ്‍ലൈന്‍ ക്ലാസുകളായി ലഭ്യമാക്കാനുള്ള സൗകര്യവും അസാപ്പ് ഒരുക്കിയിട്ടുണ്ട്. രാവിലെ 8:30 മുതല്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകളില്‍ വിവിധ ബിരുദ-ബിരുദാനന്തര ആര്‍ട്‌സ്, സയന്‍സ്, കൊമേഴ്‌സ്, എഞ്ചിനീയറിംഗ്, പോളിടെക്‌നിക് വിദ്യാര്‍ഥികള്‍ക്ക് അവരുടെ വിഷയത്തിലെ ക്ലാസുകളില്‍ പങ്കെടുക്കാം. പ്രമുഖരായ അധ്യാപകര്‍ നയിക്കുന്ന ക്ലാസുകള്‍ www.skillparkkerala.in/online-classes എന്ന ലിങ്കില്‍ ലഭ്യമാകുമെന്ന് അസാപ് ഇടുക്കി ജില്ലാ പ്രോഗ്രാം മാനേജര്‍ ബിനോജ് അബ്രഹാം അറിയിച്ചു.