അഗതികള്‍ക്ക് ആശ്രയമൊരുക്കി വീണാ ജോര്‍ജ് എംഎല്‍എ

post

പത്തനംതിട്ട : ടൗണില്‍ അലഞ്ഞുതിരിഞ്ഞ് ഉച്ചയ്ക്ക് ഭക്ഷണത്തിനായി എത്തുന്നവരെ ഷെല്‍ട്ടര്‍ ഹോമില്‍ എത്തിച്ച് വീണ ജോര്‍ജ് എംഎല്‍എ. പോലീസിന്റെയും റവന്യൂ വകുപ്പിന്റെയും സഹായത്തോടെയാണ് ആളുകളെ അഗതികള്‍ക്കുള്ള ഷെല്‍ട്ടര്‍ ഹോമില്‍ എത്തിച്ചത്. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ പകല്‍ കഴിച്ചുകൂട്ടുകയും രാത്രി കടത്തിണ്ണകളില്‍ ഉറങ്ങുകയും ചെയ്യുന്ന ഇവര്‍ ഉച്ചസമയത്ത് ഭക്ഷണത്തിനായി നഗരത്തിലെത്തും.

അഗതികള്‍ക്ക് ആയി ഷെല്‍ട്ടര്‍ ഹോം തുറന്നിട്ടുണ്ട് എങ്കിലും ദിവസവും 25 ഉം 30 ഉം പേരാണ് ഭക്ഷണത്തിനായി നഗരത്തില്‍ കൂടുന്നത്. ആരെങ്കിലും ഭക്ഷണം നല്‍കുമോ എന്ന് കരുതി കാത്തിരിക്കും. ഭക്ഷണ പൊതിയുമായി ആരെങ്കിലും എത്തിയാല്‍ ഓടിയടുക്കും. ഇല്ലെങ്കില്‍ വിശപ്പോടെ മടങ്ങും. വ്യാഴാഴ്ച ഉച്ചയ്ക്ക് ടൗണില്‍ എത്തിയ വീണ ജോര്‍ജ് എംഎല്‍എ ഇക്കാര്യം നേരില്‍ കണ്ടു. ഇന്നലെ (വെള്ളിയാഴ്ച ) രാവിലെ ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണുമായി എംഎല്‍എ ഇക്കാര്യം സംസാരിച്ചു. ഇവരെ സഹായിക്കുന്നതിന് പോലീസ് സഹകരണം ഉറപ്പാക്കി. കോഴഞ്ചേരി തഹസില്‍ദാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്നിവരും സ്ഥലത്തെത്തി.

യാചകര്‍ക്ക് പാര്‍പ്പിടം ഒരുക്കുന്ന കെന്നഡി ചാക്കോയോട് ഭക്ഷണവുമായി 12.15 ന് എത്താന്‍ ആവശ്യപ്പെട്ടു. വാഹനം എത്തിയപ്പോഴേക്കും വിവിധ ഭാഗങ്ങളില്‍നിന്നായി ആളുകള്‍ ഭക്ഷണത്തിന് പതിവുപോലെ ഓടിക്കൂടി. സി.ഐ. ന്യൂമാന്റെ നേതൃത്വത്തില്‍ പോലീസും എത്തി. പോലീസിന്റെ സഹായത്തോടെ അവരുടെ വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞു. 10 പേര്‍ക്ക് ഭക്ഷണം ഇല്ലാത്തവരാണ്. ഇവരില്‍ മൂന്നു പേര്‍ക്ക് കിടപ്പാടവും ഇല്ലാതെ അലയുന്നവരാണ്. ഇവരെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി. മറ്റുള്ളവര്‍ ഒറ്റയ്ക്ക് കഴിയുന്ന അതിഥി തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും ആണ് . ഇവര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനുള്ള ക്രമീകരണം ചെയ്യണമെന്ന് എംഎല്‍എ  നിര്‍ദേശം നല്‍കി