മുട്ടത്ത് കോവിഡ് കെയര്‍ സെന്റര്‍ തുറന്നു; ആദ്യഘട്ടത്തില്‍ അഞ്ച് പേരെ നിരീക്ഷണത്തിലാക്കി

post

ഇടുക്കി : കോവിഡ് 19 രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയും ഇതര സംസ്ഥാനത്ത് നിന്നെത്തിയവരെയും നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നതിനായി തൊടുപുഴക്ക് സമീപം മുട്ടത്ത് കോവിഡ് കെയര്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. കോവിഡ് പ്രതിരോധത്തിനായുള്ള തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് കോ.ഓര്‍ഡിനേഷന്‍ കമ്മിറ്റി, മുട്ടം ഗ്രാമ പഞ്ചായത്ത്, മുട്ടം സാമൂഹിക ആരോഗ്യ കേന്ദ്രം എന്നിവയുടെ നേതൃത്വത്തില്‍ മുട്ടം റൈഫിള്‍ ക്ലബ്ബിലാണ് സെന്ററിന്റെ പ്രവര്‍ത്തനം.

മണിയാറന്‍ കുടി സ്വദേശിയായ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ മൂന്ന് പേരെയും മൈസൂരില്‍ നിന്നെത്തിയ  രണ്ട് പേരെയുമാണ് ആദ്യഘട്ടത്തില്‍ ഇവിടെ പാര്‍പ്പിക്കുക. ഇവരുടെ വീടുകളില്‍ ക്വാറന്റൈനില്‍ പാര്‍പ്പിക്കുന്നതിനുള്ള സൗകര്യങ്ങളില്ലാത്തതിനെ തുടര്‍ന്നാണ് മുട്ടത്ത് കോവിഡ് സെന്റര്‍ തുറന്നത്.

ആകെ 13 മുറികളാണ് സെന്ററില്‍ തയ്യാറാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ എത്തിച്ചിരിക്കുന്ന അഞ്ച് പേര്‍ക്കും പ്രത്യേകം മുറികളാണ് നല്‍കിയിരിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കിയ രണ്ട് വോളന്റിയര്‍മാര്‍ മുഴുവന്‍ സമയവും സെന്ററിലുണ്ടാവും. മുട്ടം സി.എച്ച്.സി.യില്‍ നിന്നുള്ള ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും നിരീക്ഷണത്തിന് മേല്‍നോട്ടം വഹിക്കും. ഇവിടെ എത്തിക്കുന്നവര്‍ക്ക് ആവശ്യമായ ഭക്ഷണവും ചികിത്സയും ബ്ലോക്ക് കോ.ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെന്ററിലെത്തിച്ച് നല്‍കും.

ഇതില്‍ മണിയാറന്‍കുടി സ്വദേശിയായ രോഗിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ മൂന്ന് പേരില്‍ നിന്നും ഏഴാമത്തെ ദിവസവും മൈസൂരില്‍ നിന്നെത്തിയവരില്‍ നിന്നും പത്താമത്തെ ദിവസവും സ്രവം ശേഖരിച്ച് പരിശോധനക്കയക്കും. രോഗ ലക്ഷണങ്ങള്‍ കാട്ടിയാല്‍ ഈ ദിവസങ്ങള്‍ക്കുള്ളില്‍ സ്രവ പരിശോധന നടത്തുമെന്നും മുട്ടം സി.എച്ച്.സി. മെഡിക്കല്‍ ഓഫീസര്‍ കെ.സി. ചാക്കോ പറഞ്ഞു.

പൊള്ളാച്ചിയില്‍ നിന്ന് ഏപ്രില്‍ 21ന് പുലര്‍ച്ചെയാണ് മണിയാറന്‍കുടി സ്വദേശിയായ രോഗി തൊടുപുഴയിലെത്തിയതെന്ന് ആരോഗ്യ വകുപ്പധികൃതര്‍ പറഞ്ഞു. ഇവിടെ നിന്നും വെള്ളിയാമറ്റം സ്വദേശിയുടെ പിക്ക് അപ്പ് ജീപ്പില്‍ കയറി കാഞ്ഞാര്‍ കൂവപ്പള്ളിക്കവലയിലെ പച്ചക്കറികടയിലെത്തി. അവശനായതിനെ തുടര്‍ന്ന് മണിയാറന്‍കുടി സ്വദേശി കടക്കുള്ളില്‍ കയറി വിശ്രമിച്ചു. ഈ സമയം വെള്ളിയാമറ്റം സ്വദേശിയായ ഡ്രൈവറും കടയിലുണ്ടായിരുന്ന കുടയത്തൂര്‍, കോടിക്കുളം സ്വദേശികളും ചേര്‍ന്ന് പച്ചക്കറികള്‍ കടയിലിറക്കി. ഏതാനും സമയത്തിന് ശേഷം ഇതേ വാഹനത്തില്‍ത്തന്നെ അറക്കുളം അശോക കവലയിലെത്തിച്ചു. ഇവിടെ നിന്നും ഓട്ടോയില്‍ മണിയാറന്‍കുടിക്ക് പോകും വഴി അന്ന് തന്നെ ഇയ്യാളെ പോലീസ് പിടികൂടുകയും തുടര്‍ന്ന് ക്വാറന്റൈനിലാക്കുകയുമായിരുന്നു. പനിയും ശാരീരികാസ്വാസ്ഥ്യങ്ങളും ഉണ്ടായിരുന്നതിനാല്‍ അതേ ദിവസം ഇയ്യാളുടെ സ്രവം പരിശോധനക്കയച്ചു. 23 ന് കോവിഡ് സ്ഥിരീകരിച്ചതോടെ ഇയ്യാളെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

വിവരം പുറത്ത് വന്നതോടെ ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ വെള്ളിയാമറ്റം, കുടയത്തൂര്‍, കോടിക്കുളം സ്വദേശികളെ കണ്ടെത്തിയിരുന്നു. കട ആരോഗ്യ വകുപ്പധികൃതരും കാഞ്ഞാര്‍ പോലീസുമെത്തി പൂട്ടുകയും ചെയ്തു. ഇതില്‍ വെള്ളിയാമറ്റം, കോടിക്കുളം സ്വദേശികള്‍ നടത്തുന്ന ഈരാറ്റുപേട്ടയിലെ കടയും പൂട്ടുകയും ആരോഗ്യ വകുപ്പ് തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.മൈസൂരിലെ ജോലി സ്ഥലത്ത് നിന്നും കഴിഞ്ഞ ദിവസമെത്തിയ വെള്ളിയാമറ്റം സ്വദേശികളാണ് മറ്റ് രണ്ടു പേര്‍. ഇവരുടെ വീടുകളിലെ അസൗകര്യം മൂലമാണ് ഇരുവരെയും കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിക്കുന്നത്.