കോവിഡ് 19 രോഗമുക്തിനേടി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ച് 62 കാരി ആശുപത്രി വിട്ടു

post

പത്തനംതിട്ട : കോവിഡ് 19 സ്ഥിരീകരിച്ച് 40 ദിവസത്തില്‍ അധികമായി കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന റാന്നി വടശേരിക്കര ചെറുകുളഞ്ഞി സ്വദേശിനിയായ 62 കാരി പരിശോധനയില്‍ ഡബിള്‍ നെഗറ്റീവായതിനെ തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ച് ആശുപത്രി വിട്ടു. ഇറ്റലിയില്‍ നിന്ന് റാന്നിയിലെത്തിയ, കോവിഡ് 19 ആദ്യം സ്ഥിരീകരിച്ച കുടുംബത്തിന്റെ സുഹൃത്തുകളായിരുന്നു 62 കാരി. രാജ്യത്ത് തന്നെ ആദ്യമായാണ് ദീര്‍ഘനാള്‍ കോവിഡ് പോസിറ്റീവായി കഴിഞ്ഞ ശേഷം രോഗം ഭേദമാകുന്നത്. ഇറ്റലിയില്‍ നിന്ന് കുടുംബം റാന്നിയില്‍ എത്തിയപ്പോള്‍ 62 കാരി ഇവരുടെ വീട്ടിലെത്തുകയും ഇവര്‍ക്കൊപ്പം യാത്ര ചെയ്യുകയും ചെയ്തിരുന്നു. ഇറ്റലിയില്‍ നിന്നെത്തിയ കുടുംബവും 62 കാരിയുടെ വീട് സന്ദര്‍ശിച്ചിരുന്നു. റാന്നിയിലെ ഇറ്റലി കുടുംബത്തിന് രോഗം സ്ഥിരീകരിച്ചപ്പോള്‍ പ്രൈമറി കോണ്‍ടാക്റ്റ് ആയതിനാല്‍ തങ്ങള്‍ക്കും രോഗം വരാന്‍ ഇടയുണ്ടെന്ന് മനസിലാക്കി 62 കാരിയും മകളും വടശേരിക്കര ഗ്രാമപഞ്ചായത്ത് അധികൃതരെയും വടശേരിക്കര പിഎച്ച്സിയിലെ ഡോ.ശ്രീകുമാറിനെയും അറിയിക്കുകയായിരുന്നു. ഡോ. ശ്രീകുമാര്‍ ഡെപ്യൂട്ടി ഡിഎംഒ ഡോ.സി.എസ്. നന്ദിനിയെ അറിയിച്ചു. തുടര്‍ന്ന് 62 കാരിയെയും മകളെയും കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
മാര്‍ച്ച് എട്ടിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 62 കാരിക്കും മകള്‍ക്കും മാര്‍ച്ച് പത്തിന് രോഗം സ്ഥിരീകരിച്ചു. മകള്‍ രോഗം ഭേദമായി പത്ത് ദിവസം മുമ്പ് ഡിസ്ചാര്‍ജായിരുന്നു. എന്നാല്‍ 62 കാരി രോഗലക്ഷണങ്ങള്‍ കുറഞ്ഞെങ്കിലും കോവിഡ് പോസിറ്റീവായി ആശുപത്രിയില്‍ തുടരുകയായിരുന്നു. ഏപ്രില്‍ 21 മുതല്‍ ഇവരുടെ പരിശോധന ഫലം നെഗറ്റീവായി. കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഡോ. അഭിലാഷ്, ഡോ.ശരത്ത്, ഡോ.മനോജ് എന്നിവരാണ് 62 കാരിയെ ചികില്‍സിച്ചത്. 62 കാരിയും മകളും ആരോഗ്യ പ്രവര്‍ത്തകരോട് മാതൃകാപരമാണ് പെരുമാറിയതെന്ന് കോഴഞ്ചേരി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രതിഭ പറഞ്ഞു.
മക്കളേക്കാള്‍ വാല്‍സല്യത്തിലാണ് ആശുപത്രി ജീവനക്കാര്‍ പരിപാലിച്ചതെന്ന് 62 കാരി പറഞ്ഞു. ആശുപത്രി ജീവനക്കാര്‍ ഇവര്‍ക്ക്  സമ്മാനങ്ങള്‍ നല്‍കി യാത്രയാക്കി. യാത്രയയ്ക്കുന്ന ചടങ്ങില്‍ കോഴഞ്ചേരി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രതിഭ, ഡോ.അഭിലാഷ്, ഡോ.ശരത്ത്, നഴ്സിംഗ് സൂപ്രണ്ട് ലതാകുമാരി, ഹെല്‍ത്ത് ഇന്‍പെക്ടര്‍ ആര്യ, നഴ്സിംഗ് സൂപ്രണ്ട് വസന്തകുമാരി, ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോളര്‍ സുനില, ഹെഡ് നഴ്സുമാരായ ലിസി, ശുഭ, ഐസലേഷന്‍ സ്റ്റാഫ് നഴ്സുമാരായ സിഞ്ചു സോമരാജന്‍, സിന്‍സി, എല്‍സ, മിനികുമാരി, ഓഫീസ് പിആര്‍ഒ സുനു, മറ്റ് ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.