കുഞ്ഞുമനസുകള്‍ക്ക് ആത്മവിശ്വാസമേകാന്‍ സാന്ത്വനം

post

ഇടുക്കി: പത്താം തരം പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കായി ജില്ലാ ശിശുക്ഷേമ സമിതിയും ഇടുക്കി ഡയറ്റും സംയുക്തമായി നടത്തുന്ന ഉത്തേജന പദ്ധതിയായ സാന്ത്വനത്തിന്റെ ഈ വര്‍ഷത്തെ ഒന്നാം ഘട്ട പരിശീലനം ആരംഭിച്ചു. 75 ശതമാനത്തില്‍ താഴെ വിജയം നേടിയ ഹൈസ്‌കൂളുകളെ കേന്ദ്രീകരിച്ച് അവിടുത്തെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉത്തേജനമേകുന്നതിനും കുട്ടികളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനു മുള്ള ക്ലാസ്സുകളും ചര്‍ച്ചകളുമാണ് സാന്ത്വനം പദ്ധതിയില്‍ നടക്കുന്നത്.  ഇതിന്റെ ഭാഗമായി രണ്ട് ഘട്ടങ്ങളിലായി വിദ്യാലയ സന്ദര്‍ശനവും ക്ലാസും സംഘടിപ്പിക്കും. കട്ടപ്പന, തൊടുപുഴ ഡി.ഇ.ഒ. പരിധികളിലെ ഏഴ് വീതം വിദ്യാലയങ്ങളെയാണ് പദ്ധതിയിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ പരിപാടി സംഘടിപ്പിച്ചിരുന്നു.

തൊടുപുഴ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച ഒന്നാം ഘട്ടം പ്രോഗ്രാമിന്റെ ഉദ്ഘാടനം സര്‍വ്വശിക്ഷാ കേരളയുടെ ജില്ലാ കോ.ഓര്‍ഡിനേറ്റര്‍ ബിന്ദു മോള്‍.ഡി നിര്‍വഹിച്ചു. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ.ആര്‍.ജനാര്‍ദ്ദനന്‍ ആമുഖ പ്രഭാഷണവും ഡയറ്റ് പ്രിന്‍സിപ്പല്‍ കെ.എം. സോമരാജന്‍ പദ്ധതി വിശദീകരണവും നടത്തി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഷീബ മുഹമ്മദ്, ഡയറ്റ് ലക്ചറര്‍ ജിജോ.എം.തോമസ്, ബിജോ അഗസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു. സാജുമോന്‍, കെ.ആര്‍.രാമചന്ദ്രന്‍ , പി.കെ.രാജു എന്നിവര്‍ ക്ലാസ് നയിച്ചു.