ഭൗമദിനവും പത്താമുദയവും ആവേശമായി; നല്ല നാളെക്കായി വിത്ത് വിതച്ച് കര്‍ഷകര്‍
 
                                                പത്തനംതിട്ട: ആറന്മുള നിയോജക മണ്ഡലത്തില്‍ ഭൗമദിനം, പത്താമുദയം എന്നിവയോട് അനുബന്ധിച്ച് പച്ചക്കറി വിത്തുകള്‍ വിതച്ച് വീണാ ജോര്‍ജ് എംഎല്‍എയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍. ഇരവിപേരൂര്‍ പഞ്ചായത്തില്‍ 50,000 പച്ചക്കറി തൈകള്‍ക്കായുള്ള വിത്തുകള്‍ പാകി. വിത്ത് പാകലിന്റെ ഉദ്ഘാടനം വീണജോര്‍ജ് എംഎല്‍എ നിര്‍വഹിച്ചു. മണ്ഡലത്തില്‍ ഇതുവരെ വിത്തുകളടങ്ങിയ 75,000 പച്ചക്കറി  കിറ്റുകള്‍ വിതരണം ചെയ്തതായി വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും പച്ചക്കറികൃഷി വ്യാപകമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്നും എംഎല്‍എ പറഞ്ഞു.
മേയ് രണ്ടാം വാരത്തോടെ വിതരണത്തിന് സാധ്യമാകുന്ന തരത്തിലാണ് വള്ളംകുളം നന്നൂരുള്ള നഴ്സറിയില്‍ തൈകള്‍ പാകി കിളര്‍പ്പിക്കുന്നത്. കുടുംബശ്രീയുടെ മേല്‍നോട്ടത്തിലുള്ള നഴ്‌സറിയിലാണ് പച്ചക്കറി തൈകളുടെ പരിപാലനം നടക്കുന്നത്. പച്ചമുളക്, ചീര, വെണ്ട, തക്കാളി, വെള്ളരി എന്നിവയാണ് നഴ്‌സറിയില്‍ തയാറാക്കുന്നത്. കുടുംബശ്രീ നഴ്സറിയിലൂടെ മുപ്പതിനായിരത്തോളം പച്ചക്കറി തൈകള്‍ ജനുവരി അവസാനം വിതരണം ചെയ്തിരുന്നു. ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത് ഇപ്പോള്‍ വിളവെടുപ്പിന്റെ ഘട്ടത്തിലാണ്. രണ്ടാം ഘട്ടമായി കൃഷി വകുപ്പുമായി ചേര്‍ന്ന് പച്ചക്കറി വിത്തുകള്‍ വീടുകളില്‍ എത്തിച്ച് നല്‍കുന്ന പ്രവര്‍ത്തനവും പൂര്‍ത്തിയായി. പതിനേഴ് വാര്‍ഡുകളിലായി ഏഴായിരം പായ്ക്കറ്റുകളാണ് വിതരണം ചെയ്തത്. നാരങ്ങാനം ഗ്രാമപഞ്ചായത്തില്‍ കര്‍ഷകരുടെ നേതൃത്വത്തില്‍ പരിപാലിച്ച പച്ചക്കറി തൈകളും മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്തു കഴിഞ്ഞു.
ഇരവിപേരൂര്‍ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസൂയാ ദേവി, വൈസ് പ്രസിഡന്റ് അഡ്വ. എന്‍. രാജീവ്, മെമ്പര്‍മാരായ വി. കെ. ഓമനക്കുട്ടന്‍, സാബു ചക്കുംമൂട്ടില്‍, കൃഷി അസിസ്റ്റന്റ് അനില്‍ കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.










