പമ്പ - ചാലക്കയം റോഡ് നവീകരണം പൊതുമരാമത്ത് വകുപ്പിന്റെ അഭിമാന നേട്ടമെന്ന് മന്ത്രി പി കെ ബഷീര്‍
പ്രധാന ശബരിമല പാതയായ മണ്ണാറക്കുളഞ്ഞി പമ്പ റോഡിലെ ചാലക്കയം - പമ്പ റോഡിന്റെ ആധുനിക രീതിയിലുള്ള നവീകരണം ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് വകുപ്പിന്റെ അഭിമാന നേട്ടമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീര്‍. മുഖ്യമന്ത്രി വി.ഡി. സതീശന് നല്കിയ പിന്തുണയും വിവിധ വകുപ്പുകളുടെ ഏകോപനവും പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കാരണമായി. റോഡിന്റെ ഉദ്ഘാടനം ചാലക്കയത്ത് നാട മുറിച് നിര്‍വഹിച്ച ശേഷം പമ്പയില്‍ സംഘടിപ്പിച്ച ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 15 കോടി രൂപ ചെലവഴിച്ചാണ് 4.5 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 12 മീറ്റര്‍ വീതിയില്‍ ആധുനിക നിലവാരത്തിലാണ് റോഡ് നവീകരിച്ചത്.
ശബരിമല തീര്‍ഥാടനത്തിന് മുന്നോടിയായി അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന അവലോകന യോഗത്തിലാണ് റോഡ് നവീകരണം അടിയന്തരമായി ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. സാമ്പത്തിക പ്രതിസന്ധികള്‍ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ ഒരു മേഖലയും ബാധിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
24 മണിക്കൂറിനുള്ളില്‍ ഭരണാനുമതിയും ഒരു മണിക്കൂറിനുള്ളില്‍ മന്ത്രിസഭാ അംഗീകാരവും ലഭ്യമാക്കിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. ആവശ്യമായ നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി. പൊതുമരാമത്ത് വകുപ്പിന്റെ കാര്യക്ഷമതയും സമയബന്ധിതമായി പദ്ധതികള്‍ നടപ്പാക്കാനുള്ള ശേഷിയും തെളിയിക്കുന്നതാണ് ഈ നവീകരണ പ്രവൃത്തിയെന്നും മന്ത്രി പറഞ്ഞു.

നിശ്ചിത സമയത്തേക്കാള്‍ വളരെ വേഗം പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ കരാറുകാരനും ഉദ്യോഗസ്ഥരും നടത്തിയ ഏകോപിത പ്രവര്‍ത്തനങ്ങള്‍ നിര്‍ണായകമായി. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ 553 കോടി രൂപയുടെ പ്രത്യേക പാക്കേജിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായും മന്ത്രി അറിയിച്ചു. പാക്കേജില്‍ ഉള്‍പ്പെട്ട 80 ശതമാനം പ്രവൃത്തികളും ഇതിനോടകം ടെന്‍ഡര്‍ ചെയ്തുകഴിഞ്ഞു. തീര്‍ത്ഥാടന പാതകളുടെ വികസനത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഇതിലൂടെ കൂടുതല്‍ വേഗം കൈവരിക്കാനാകും.
പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് സഹകരിച്ച കരാറുകാരന് എം.പി. ജോളി, ജില്ലാ കളക്ടര്‍ എ നിസാമുദ്ദീന്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍, പോലീസ്, ജില്ലാ ഭരണകൂടം എന്നിവരെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പിനുള്ള ജില്ലാ ഭരണ കൂടത്തിന്റെ മെമന്റോ മന്ത്രി കെ മുരളീധരന് പി ഡബ്ലു ഡി സ്പെഷ്യല്‍ സെക്രട്ടറി അദീല അബ്ദുള്ളയ്ക്ക് നല്കി.3

ചടങ്ങില്‍ ആരോഗ്യം- ദേവസ്വം മന്ത്രി കെ മുരളീധരന് അധ്യക്ഷനായിരുന്നു. ആന്റോ ആന്റണി എം.പി വിശിഷ്ടാതിഥിയായി. പഴകുളം മധു എം.എല്‍.എ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍, പി ഡബ്ലു ഡി സ്പെഷ്യല്‍ സെക്രട്ടറി അദീല അബ്ദുള്ള, ജില്ലാ കളക്ടര്‍ എ നിസാമുദ്ദീന്‍, ജില്ലാ പോലീസ് മേധാവി ആര് ആനന്ദ്, പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍ എം അന്‍സാര്‍, സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ജി ആര് ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.









