ഹോട്ട്സ്പോട്ട്: തൊടുപുഴയിലും അടിമാലിയിലും ഇളവ്

post

ഇടുക്കി :  ജില്ലയില്‍ കോവിഡിന്റെ സാഹചര്യത്തില്‍ നിശ്ചയിച്ചിരിക്കുന്ന ഹോട്ട്സ്പോട്ടില്‍ നിന്ന് തൊടുപുഴയിലെ കുമ്പംകല്ല് ഉള്‍പ്പെടുന്ന വാര്‍ഡ് ഒഴികെ നഗരസഭാ പരിധിയെയും അടിമാലിയെയും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു. കുമ്പംകല്ലിലും ഹോട്ട്സ്‌പോട്ടായി നിശ്ചയിച്ചിട്ടുള്ള മറ്റിടങ്ങളിലും കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. 

 ജില്ലയിലെ മറ്റിടങ്ങളിലെ ഇളവുകള്‍:

 പലവ്യഞ്ജനം, പച്ചക്കറി, പാല്‍, പഴം എന്നിവ വില്‍ക്കുന്ന കടകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ പമ്പുകള്‍, നിര്‍മാണ സാമഗ്രികള്‍ വില്ക്കുന്ന കടകള്‍(മണല്‍, കമ്പി, സിമന്റ്, സാനിട്ടറി, ഇലക്ട്രിക്കല്‍, പെയിന്റ്), ബുക്ക്സ്റ്റാള്‍, കാര്‍ഷിക ഉപകരണങ്ങള്‍, വളം, കീടനാശിനി, വൈദ്യുതി മോട്ടോര്‍വില്പന കടകള്‍, കണ്ണട കടകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം.

 റോഡ് നിര്‍മാണം, ടാറിംഗ്, മറ്റ് പൊതുനിര്‍മാണ പ്രവര്‍ത്തനങ്ങള്‍, വീട് നിര്‍മാണം, ക്വാറികള്‍, കൃഷി എന്നിവയ്ക്ക് അനുമതി ഉണ്ട്.

 ഇളവുകള്‍ ലഭിച്ച കടകള്‍ക്ക് രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് അനുവദനീയ പ്രവര്‍ത്തന സമയം.  

 എന്നാല്‍ ആളുകള്‍ കൂട്ടമായി എത്തുന്ന സ്വര്‍ണം, വസ്ത്രം കടകളും ഷോപ്പിംഗ് മാളുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവ തുറക്കാന്‍ പാടില്ല.

 ഹോട്ടലുകളില്‍ പാഴ്സല്‍ അനുവദിക്കും. ഇരുന്ന് കഴിക്കാന്‍ പാടില്ല.  

 ബസ്, ടാക്സി ഉള്‍പ്പെടെ പൊതുഗതാഗതം അനുവദിക്കില്ല. കാറുകളിലും ഇരുചക്രവാഹനങ്ങളിലും യാത്രയ്ക്കുള്ള നിയന്ത്രണങ്ങള്‍ തുടരും. കടകളില്‍ കോവിഡ് ചട്ടങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്. ഇക്കാര്യത്തില്‍ ഉടമകള്‍ വീഴ്ച വരുത്താന്‍ പാടില്ല. ഒരു കാരണവശാലും ആളുകള്‍ കൂട്ടം കൂടി നില്‍ക്കാന്‍ അനുവദിക്കരുത്. അനാവശ്യമായ യാത്രകള്‍ അനുവദിക്കില്ല. ഇത്തരക്കാര്‍ക്കെതിരേ നടപടി തുടരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.