ദേശീയ ചൂണ്ടയിടൽ മത്സരത്തിന് സമാപനം
കാസർഗോഡ് ബ്ലോക്ക് പഞ്ചായത്തും ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന് കുമ്പള ഗ്രാമപഞ്ചായത്തിന്റെയും ഇന്ത്യ ടൂറിസത്തിന്റെയും സഹകരണത്തോടെ നടത്തിയ ശ്രദ്ധേയമായ ദേശീയ ചൂണ്ടയിടൽ മത്സരം സമാപിച്ചു. കാസർഗോഡ് ആരിക്കാടി ഷിറിയ പുഴയുടെ തീരത്ത് നടത്തിയ ദേശീയ മത്സരത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 71 മത്സരാർത്ഥികൾ പങ്കെടുത്തു. ചൂണ്ടയിടൽ മത്സരം രാവിലെ കാസർകോട് ലോക്സഭ എംപി രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. എ കെ എം അഷറഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. വിവിധ ടീമുകൾ അണിനിരന്ന മൂന്ന് മണിക്കൂർ നീണ്ട മത്സരത്തിൽ കൗസർ അഹമ്മദ് മൊഗ്രാൽ ഒന്നാം സ്ഥാനം നേടി. മുഹമ്മദ് നിസാർ ആരിക്കാടി രണ്ടാം സ്ഥാനവും അഫ്സൽ നെല്ലിക്കുന്ന് മൂന്നാം സ്ഥാനവും നേടി.
മത്സരത്തിൽ പങ്കെടുത്ത എല്ലാ മത്സരാർത്ഥികൾക്കും വിജയികൾക്കും ഉള്ള സമ്മാനദാനം ആരിക്കാടി കെപിഎസ് റിസോർട്ടിൽ വെച്ച് മത്സരശേഷം നടന്നു. സമ്മാനദാനത്തിൻ്റെ ഉദ്ഘാടനം കർണാടക സംസ്ഥാന മിനിമം വേജ് അഡ്വൈസറി ബോർഡ് ചെയർമാൻ ടി എം ഷാഹിദ് തെക്കിൽ നിർവഹിച്ചു. കാസർഗോഡ് ആദ്യമായി ഇങ്ങനെ ഒരു ദേശീയ മത്സരം സംഘടിപ്പിച്ചതിനെ അദ്ദേഹം സംഘാടക സമിതിയെ അഭിനന്ദിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അബ്ദുല്ല കുഞ്ഞി ചെർക്കള അധ്യക്ഷത വഹിച്ചു. മത്സരത്തിൽ പങ്കെടുത്ത എല്ലാ മത്സരാർത്ഥികൾക്കും സർട്ടിഫിക്കറ്റും പ്രോത്സാഹന സമ്മാനങ്ങളും കൈമാറി.
ഡിടിപിസി സെക്രട്ടറി ജിജേഷ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷറഫ് കാർല, കാഞ്ഞങ്ങാട് സബ് ഇൻസ്പെക്ടർ സൈഫുദ്ദീൻ, കുമ്പള പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അനൂപ്, കെപിഎസ് റിസോർട്ട് ഉടമകളായ മുനീറുദ്ദീൻ, ഹക്കീം, മത്സരത്തിലേക്ക് സ്പോൺസർഷിപ്പ് നൽകിയ നിഷാൻ കാനാനി മംഗളൂർ എന്നിവർ സംസാരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സക്കീന അബ്ദുള്ള, സി വി ജെയിംസ്, സോയ ലത്തീഫ്, നസീമ കൊടിയമ്മ, അഡ്വ നാസിഫ, സഫീന ചെമ്മനാട്, കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിപി അബ്ദുൽ ഖാദർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എകെ ആരിഫ്, മുൻ പ്രസിഡണ്ട് താഹിറ യൂസഫ്, മംഗൽപാടി പഞ്ചായത്ത് പ്രസിഡണ്ട് അബ്ദു റഹ്മാൻ, അംഗങ്ങൾ ആയ സഹീദ്, സിദ്ദീഖ് എന്നിവർ സംബന്ധിച്ചു.









