സഹകരണ മേഖലയെ ആധുനികവത്കരിക്കാൻ സമഗ്ര പദ്ധതികൾ; നിക്ഷേപ സുരക്ഷ ശക്തിപ്പെടുത്തും: മന്ത്രി എം. ലിജു
സാമ്പത്തിക വളർച്ചയ്ക്കൊപ്പം സാമൂഹിക ഉത്തരവാദിത്വവും ഉയർത്തിപ്പിടിച്ച് കേരളത്തിന്റെ സഹകരണ മേഖലയെ കൂടുതൽ കരുത്തുറ്റതാക്കാനും ആധുനികവത്കരിക്കാനും സമഗ്ര പദ്ധതികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുമെന്ന് സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു പറഞ്ഞു. 73-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ സുതാര്യതയും പ്രൊഫഷണലിസവും ഉറപ്പാക്കുന്നതിനൊപ്പം നിക്ഷേപ സുരക്ഷ ശക്തിപ്പെടുത്തുകയും അടിസ്ഥാന സൗകര്യ വികസനത്തിൽ സഹകരണ മേഖലയുടെ പങ്കാളിത്തം വർധിപ്പിക്കുകയും ചെയ്യും. സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ എട്ട് ശതമാനത്തോളം സംഭാവന ചെയ്യുന്ന സഹകരണ മേഖല ഗ്രാമീണ സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലാണെന്നും 20,000-ത്തിലധികം സഹകരണ സംഘങ്ങളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ജനങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഡെപ്പോസിറ്റ് ഗ്യാരണ്ടി സ്കീം വിപുലീകരിക്കും. നിലവിൽ 4,000 സംഘങ്ങളാണ് പദ്ധതിയിലുള്ളത്. നിക്ഷേപം സ്വീകരിക്കാൻ യോഗ്യതയുള്ള മുഴുവൻ സംഘങ്ങളെയും ഇതിന്റെ പരിധിയിൽ കൊണ്ടുവരും. നിക്ഷേപ പ്രതിസന്ധി നേരിടുന്ന സംഘങ്ങൾക്കും ആനുകൂല്യം ലഭ്യമാക്കുന്ന രീതിയിൽ പദ്ധതി പരിഷ്കരിക്കും.

സാമ്പത്തിക ഇടപാടുകൾ കാര്യക്ഷമമാക്കാനും സുതാര്യത ഉറപ്പാക്കാനും സംസ്ഥാനത്തെ മുഴുവൻ സഹകരണ സംഘങ്ങളെയും ബന്ധിപ്പിക്കുന്ന കോമൺ സോഫ്റ്റ്വെയർ നടപ്പാക്കും. ഇത് കൃത്യമായ ഓഡിറ്റിങ്ങിനും ഏകോപനത്തിനും സഹായകമാകും.
വൈദ്യുതി മേഖലയുൾപ്പെടെയുള്ള സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ സഹകരണ സ്ഥാപനങ്ങളുടെ നിക്ഷേപം പ്രയോജനപ്പെടുത്തും. സാധാരണക്കാരുടെ നിക്ഷേപമായതിനാൽ ലാഭകരവും മികച്ച വരുമാനസാധ്യതയുള്ളതുമായ പദ്ധതികൾക്ക് മാത്രമായിരിക്കും മുൻഗണന നൽകുക. ഇതിനായി റൗണ്ട് ടേബിൾ കോൺഫറൻസും പഠനപ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.
സഹകരണ സംഘങ്ങൾക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്ന ആശ്വാസ പദ്ധതിയിലൂടെ 70,000-ത്തിലധികം അപേക്ഷകൾ തീർപ്പാക്കുകയും 400 കോടി രൂപ സംഘങ്ങളിലേക്ക് തിരിച്ചെത്തിക്കുകയും ചെയ്തു.
സാമ്പത്തിക പ്രവർത്തനങ്ങൾക്കപ്പുറം സമൂഹത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന ജനകീയ പ്രസ്ഥാനമെന്ന നിലയിൽ സഹകരണ മേഖലയെ പുതിയ കാലഘട്ടത്തിനനുസരിച്ച് വളർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.









