കൊച്ചിയെ മാലിന്യമുക്തമാക്കാൻ 'കൊച്ചു' മുയൽക്കുട്ടി
കൊച്ചിയുടെ വേസ്റ്റ് മാനേജ്മെന്റ് മസ്കോട്ട് 'കൊച്ചു' എന്ന മുയൽക്കുട്ടിയെ സംസ്ഥാന സർക്കാറിന്റെ 'നിർമലം – പുതുയുഗ ശുചിത്വ കേരളം' ക്യാമ്പയിൻ കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ തല ഉദ്ഘാടനച്ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജി അവതരിപ്പിച്ചു. ശുചിത്വത്തിന്റെയും മാലിന്യസംസ്കരണത്തിന്റെയും സന്ദേശം കുട്ടികളിലൂടെ പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘കൊച്ചു’ വിനെ ക്യാമ്പയിന്റെ ഭാഗമായി അവതരിപ്പിച്ചത്. ഇതിനായി കൊച്ചി കോർപ്പറേഷനിലെ എല്ലാ സ്കൂളുകളിലും ‘നിർമലം ക്ലബ്ബുകൾ’ രൂപീകരിച്ചു.

ഒരു വർഷം നീളുന്ന പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ക്ലബ്ബുകൾക്ക് പുരസ്കാരവും നൽകും.വാർഡ്തല ശുചിത്വ പ്രവർത്തനങ്ങൾ ഏകോപനത്തിനായി 74 നിർമലം വളണ്ടിയർമാർക്കുള്ള ബാഡ്ജും വിതരണം ചെയ്തു. മാലിന്യമുക്ത കൊച്ചിക്കായി നഗരസഭ നടത്തുന്ന ഇടപെടലുകൾ സംസ്ഥാനത്തിന് തന്നെ മാതൃകയാണെന്നും സർക്കാർ പ്രഖ്യാപിക്കുന്ന എല്ലാ ജനക്ഷേമ പദ്ധതികളെയും ഇരു കൈകളും നീട്ടി സ്വീകരിക്കുന്ന നഗരസഭയുടെ സമീപനം കൊച്ചിയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുന്നുവെന്നത് അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു.

പുനരുപയോഗ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനായി എറണാകുളം ജില്ലാ കളക്ടർ പ്രിയങ്ക ജി. ഐ.എ.എസ്. നേതൃത്വം നൽകുന്ന 'RELOVE – LET GOOD THINGS LIVE AGAIN' ക്യാമ്പയിനും പരിപാടിയിൽ ശ്രദ്ധേയമായി. ക്യാമ്പയിന്റെ ഭാഗമായി പൊതുജനങ്ങളിൽ നിന്ന് ശേഖരിച്ച സ്നേഹോപഹാരം മന്ത്രിക്ക് എറണാകുളം ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ ഡോ. സുമി ചെറിയാൻ KAS കൈമാറി.

സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ, ശുചിത്വ മിഷന്റെ സഹകരണത്തോടെ നിർമലം ക്യാമ്പയിനിലൂടെ മലിന്യമുക്ത കൊച്ചിയെന്ന ലക്ഷ്യം നടപ്പാക്കുവാൻ സാധിക്കുമെന്ന് കൊച്ചി നഗരസഭ മേയർ അഡ്വ. വി കെ മിനിമോൾ പറഞ്ഞു. കൊച്ചിയുടെ ശുചിത്വ അംബാസഡറും ചലച്ചിത്രതാരവുമായ ടിനി ടോമും ചടങ്ങിൽ സന്നിഹിതനായിരുന്നു. ടി.ഡി.എം. ഹാളിൽ നടന്ന പരിപാടിയിൽ എറണാകുളം എം.പി. ഹൈബി ഈഡൻ, എം.എൽ.എമാരായ മുഹമ്മദ് ഷിയാസ്, ടി.ജെ. വിനോദ് , ഉമ തോമസ്, ദീപക് ജോയ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീന ടീച്ചർ ക്യാമ്പയിൻ വിശദീകരണം നടത്തി. വ്യാപാരി-വ്യവസായി സംഘടനാ പ്രതിനിധികൾ, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, വിവിധ സാമൂഹിക-സാംസ്കാരിക സംഘടനാ പ്രതിനിധികൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.









