പൊക്കാളി പൈതൃകവും കർഷക പാരമ്പര്യവും വിനോദസഞ്ചാരവുമായി ബന്ധിപ്പിക്കും - മുഖ്യമന്ത്രി വി ഡി സതീശൻ

post

പൊക്കാളി ഫാം ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു

പൊക്കാളി കൃഷിയുടെ പൈതൃകവും കർഷക പാരമ്പര്യവും പ്രയോജനപ്പെടുത്തി വിപുലമായ ടൂറിസം പദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. പള്ളിയാക്കൽ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച പൊക്കാളി ഫാം ടൂറിസം പദ്ധതിയായ 'പാടി'യുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിക്ക് സർക്കാരിന്റെ ഭാഗത്തുനിന്ന് പൂർണ പിന്തുണയും സഹകരണവും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊക്കാളി പൈതൃകം, കർഷക പാരമ്പര്യം, വിനോദസഞ്ചാര സാധ്യതകൾ എന്നിവ കൂട്ടിയിണക്കിയാണ് 'പാടി' പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. പ്രദേശത്തിന്റെ മനോഹാരിതയും കാർഷിക മേഖലയും കായലും ടൂറിസം വികസനത്തിന് വലിയ സാധ്യതകളാണ് നൽകുന്നത്. ഇവയെല്ലാം പ്രയോജനപ്പെടുത്തി മികച്ച ടൂറിസം പദ്ധതി രൂപപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാങ്ക് നടത്തുന്ന റെസ്റ്റോറന്റിൽ 51 സ്ത്രീകൾ തയ്യാറാക്കുന്ന പ്രത്യേക വിഭവങ്ങൾ മികച്ച ബ്രാൻഡായി മാറാൻ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ വിഭവങ്ങൾ രുചിക്കാനായിത്തന്നെ ആളുകൾ പ്രദേശത്തേക്ക് എത്തും. താനും റെസ്റ്റോറന്റിൽ എത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


വാട്ടർ മെട്രോയുടെ സേവനം ഈ പ്രദേശത്തേക്ക് കൂടി എത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എറണാകുളത്തുനിന്ന് മുസിരിസ് പദ്ധതിപ്രദേശങ്ങളിലേക്ക് വലിയ ബോട്ടുകൾ ഉപയോഗിച്ചുള്ള റിവർ ക്രൂയിസ് സർവീസുകൾ ആരംഭിക്കുന്നുണ്ട്. നിലവിൽ കടമക്കുടിയെ ഉൾപ്പെടുത്തിയാണ് ഈ പദ്ധതി ആസൂത്രണം ചെയ്യുന്നത്. ഇതോടൊപ്പം ഏഴിക്കരയെയും ഉൾപ്പെടുത്തി കൈതാരത്ത് അവസാനിക്കുന്ന രീതിയിൽ സർവീസ് വിപുലീകരിക്കാനാണ് ആലോചന. കൈതാരത്തുനിന്ന് വിനോദസഞ്ചാരികളെ മുസിരിസ് പൈതൃക പദ്ധതിയുടെ വിവിധ കേന്ദ്രങ്ങൾ കാണിച്ച് തിരിച്ചെത്തിക്കുന്ന യാത്രയിൽ 'പാടി' പദ്ധതിയെയും ഉൾപ്പെടുത്താനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു

ചെറായി പാലത്തിന് സമീപത്തുനിന്ന് തീരപ്രദേശത്തുകൂടിയുള്ള റോഡ് നിർമാണവും യാഥാർഥ്യമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് റിസോർട്ടുകൾ ഉൾപ്പെടെയുള്ള ടൂറിസം സൗകര്യങ്ങൾ വികസിപ്പിക്കാനും സാധ്യതയുണ്ട്. നിലവിൽ ആരംഭിച്ചിരിക്കുന്ന പദ്ധതിക്ക് പ്രതീക്ഷിക്കുന്നതിലും വിപുലമായ സാധ്യതകളുണ്ടെന്നും ഭാവിയിൽ റെസ്റ്റോറന്റിന്റെ സൗകര്യങ്ങൾ പോലും അപര്യാപ്തമാകുന്ന തരത്തിൽ സഞ്ചാരികൾ എത്തുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.


അക്വാ ടൂറിസത്തിനും പ്രദേശത്ത് വലിയ സാധ്യതകളുണ്ട്. പൊക്കാളിപ്പാടങ്ങളിലൂടെയും വരമ്പുകളിലൂടെയും സഞ്ചാരികൾക്ക് നടക്കാനും പ്രദേശത്തിന്റെ പ്രത്യേകതകൾ നേരിട്ട് അനുഭവിക്കാനും സൗകര്യമൊരുക്കണം. ഇതിനോടനുബന്ധിച്ച് ചെറിയ സ്നാക്ക് പാർലറുകൾ ആരംഭിക്കാനാകും. ഇതിലൂടെ കൂടുതൽ പേർക്ക് തൊഴിൽ ലഭിക്കുകയും പ്രാദേശിക സാമ്പത്തിക സാധ്യതകൾ വർധിക്കുകയും ചെയ്യും. പ്രദേശത്തിന്റെ സവിശേഷതകൾക്ക് കോട്ടം വരുത്താതെയും പ്രകൃതിഭംഗി നഷ്ടപ്പെടുത്താതെയും ടൂറിസം വികസനം നടപ്പാക്കണമെന്നാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രദേശത്തെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും വേഗത്തിലാക്കുമെന്ന് അദ്ദേഹം അറിയിച്ചു. ജിഡയുടെ (GIDA) യോഗത്തിൽ പങ്കെടുത്തതായും രണ്ടര മണിക്കൂറോളം നീണ്ട യോഗത്തിൽ പ്രദേശത്തിന്റെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു. നഗരവുമായി പ്രദേശത്തിനുള്ള ദൂരവ്യത്യാസം കുറച്ച് 10 മുതൽ 15 മിനിറ്റിനുള്ളിൽ നഗരത്തിലെത്താൻ കഴിയുന്ന സാഹചര്യം ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായുള്ള തീരുമാനങ്ങൾ ജിഡയുടെ ആദ്യ യോഗത്തിൽത്തന്നെ എടുത്തിട്ടുണ്ട് എന്നും മുഖ്യമന്ത്രി അറിയിച്ചു. രണ്ട് പാലങ്ങൾക്കിടയിലുള്ള മറ്റൊരു പാലത്തിന്റെ നിർമാണവും റോഡ് വീതികൂട്ടി മികച്ച നിലവാരത്തിലാക്കുന്നതിനുള്ള നടപടികളും ഉണ്ടാകും. ഈ വികസന പ്രവർത്തനങ്ങളിൽ ചിലത് കടമക്കുടി കേന്ദ്രീകരിച്ചാണെങ്കിലും അതിന്റെ പ്രധാന പ്രയോജനം ഈ പ്രദേശത്തിനും ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.


'പാടി' പദ്ധതിയുടെ തുടർവികസനത്തിന് ആവശ്യമായ എല്ലാ സഹായവും നൽകും. പദ്ധതിയുടെ കാര്യത്തിൽ രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ പഞ്ചായത്തിന്റെയും ജനപ്രതിനിധികളുടെയും സർക്കാരിന്റെയും പൂർണ സഹകരണം ഉറപ്പാക്കും. ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ മാത്രം പദ്ധതിയായി കാണാതെ എല്ലാവരും ചേർന്ന് ഏറ്റെടുക്കേണ്ട സംരംഭമായി ഇതിനെ മാറ്റണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

പദ്ധതിയുടെ ഭാഗമായി പൊക്കാളിപ്പാടങ്ങളും കായലോര ഗ്രാമജീവിതവും പരമ്പരാഗത കൃഷിമത്സ്യബന്ധന രീതികളും തനത് ഭക്ഷണസംസ്കാരവും അടുത്തറിയാൻ അവസരമൊരുക്കുന്ന അനുഭവയാത്ര പാടിടെയിൽസ് എന്ന പേരിൽ അവതരിപ്പിക്കുന്നു. പ്രാദേശിക വനിതകൾ ഒരുക്കുന്ന നാടൻ ഭക്ഷണവിഭവങ്ങളോടുകൂടിയ റസ്റ്റോറൻ്റ്, സാഹസിക ജലകായിക വിനോദങ്ങൾ, ഓപ്പൺ എയർ തിയേറ്റർ, മത്സ്യപച്ചക്കറി വിപണനകേന്ദ്രങ്ങൾ, നഴ്‌സറി തുടങ്ങിയവയാണ് വില്ലേജ് ഹബ്ബിലെ പ്രധാന ആകർഷണങ്ങൾ. ബുക്കിംഗ്, ബില്ലിംഗ്, സാമ്പത്തിക ഇടപാടുകൾ, ദൈനംദിന പ്രവർത്തനങ്ങൾ എന്നിവ ഏകോപിപ്പിക്കുന്ന ഡിജിറ്റൽ മാനേജ്മെൻ്റ് സംവിധാനവും പദ്ധതിയുടെ സവിശേഷതയാണ്.


പരിപാടിയിൽ പള്ളിയാക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ സി ഷാൻ അധ്യക്ഷനായി. ഏഴിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീന സജീവ്, ജില്ലാ പഞ്ചായത്ത് അംഗം മേരി വിൻസെന്റ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ലീന ബിജു, ഗ്രാമപഞ്ചായത്ത് അംഗം ഭുവനചന്ദ്രൻ, നോർത്ത് പറവൂർ സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ സാജൻ റൂസ് വെൽറ്റ്, ചത്തോത്ത് കൃഷി ഓഫീസർ സി സജീറ, ടൂറിസം ഇന്ത്യ മാനേജിങ് എഡിറ്റർ കെ വി രവിശങ്കർ, ഭരണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.