വേലിയേറ്റ ദുരിതത്തിന് ശാശ്വത പരിഹാരം; സംസ്ഥാനവ്യാപക പദ്ധതിക്ക് വഴിയൊരുക്കും: മുഖ്യമന്ത്രി
ഏഴിക്കരയിലെ 'റെസിലിയന്റ് ലങ്ക' പൈലറ്റ് പദ്ധതിക്ക് സംസ്ഥാന സർക്കാരിന്റെ പൂർണ പിന്തുണ.
കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് കടൽനിരപ്പ് ഉയരുന്നതും വേലിയേറ്റജലം പുഴകളിലൂടെയും കായലുകളിലൂടെയും കരയിലേക്ക് കയറുന്നതും മൂലം തീരദേശ മേഖലകൾ നേരിടുന്ന പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ സംസ്ഥാന സർക്കാർ പിന്തുണ നൽകുമെന്ന് മുഖ്യമന്ത്രി അഡ്വ. വി ഡി സതീശൻ. ഏഴിക്കര പഞ്ചായത്തിൽ ആരംഭിക്കുന്ന 'റെസിലിയന്റ് ലങ്ക' പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പാക്കുന്നത്. പ്രകൃതിദുരന്തങ്ങൾക്ക് പുറമേ കടൽനിരപ്പ് ഉയരുന്നതുമൂലമുള്ള വേലിയേറ്റ പ്രതിസന്ധി തീരദേശവാസികളുടെ ജീവിതത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്. മുൻകാലങ്ങളിൽ വൃശ്ചികമാസത്തിൽ മാത്രം അനുഭവപ്പെട്ടിരുന്ന വേലിയേറ്റം ഇപ്പോൾ വർഷം മുഴുവൻ അനുഭവപ്പെടുന്ന സാഹചര്യമാണുള്ളത്. പുഴകളുടെയും കായലുകളുടെയും തോടുകളുടെയും തീരങ്ങളിൽ താമസിക്കുന്നവർക്ക് ഇത് വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്.
പദ്ധതിയുടെ നടത്തിപ്പ് ചുമതല ഇക്വിനോക്ട് ('EQUINOCT') നിർവഹിക്കുമ്പോൾ, 'ഹാപ്പിനെസ്സ് പ്രൊജക്റ്റ്' സാമ്പത്തിക പിന്തുണ നൽകുന്നു. പദ്ധതിയുടെ ചുമതല വഹിക്കുന്നവർ പ്രദേശവാസികളുമായി നിരന്തരം സംവദിച്ചും അവരുടെ അനുഭവങ്ങളും പരമ്പരാഗത അറിവുകളും ശാസ്ത്രീയ ഗവേഷണവുമായി സംയോജിപ്പിച്ചുമാണ് പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. ഗവേഷണഫലങ്ങൾ സാധാരണക്കാരുടെ ജീവിതപ്രശ്നങ്ങൾക്ക് പ്രായോഗിക പരിഹാരമാകുന്ന മാതൃകയാണിതെന്നും അദ്ദേഹം പറഞ്ഞു.

ഏഴിക്കരയിലെ പൈലറ്റ് പദ്ധതി വിജയകരമായാൽ സമാനമായ വേലിയേറ്റ-വെള്ളക്കെട്ട് പ്രശ്നങ്ങൾ നേരിടുന്ന സംസ്ഥാനത്തെ മറ്റ് പ്രദേശങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ഇതിനായി സംസ്ഥാനവ്യാപക പദ്ധതി ആവിഷ്കരിക്കുന്നതിന് സർക്കാർ പിന്തുണ നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഏഴിക്കരയിലെ അടിസ്ഥാനസൗകര്യ വികസനത്തിനും വിനോദസഞ്ചാര സാധ്യതകൾക്കും പഞ്ചായത്ത് പ്രാധാന്യം നൽകുന്നുണ്ട്. പ്രദേശത്തെ ഒറ്റപ്പെട്ട ജനവാസമേഖലകളെ ബന്ധിപ്പിക്കുന്നതിനായി പാലങ്ങളുടെ നിർമാണം പുരോഗമിക്കുകയാണ്. കായൽത്തീരത്തുകൂടി മനോഹരമായ ടൂറിസം റോഡ് നിർമിച്ച് ഏഴിക്കര പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനും പദ്ധതിയുണ്ട്. അതേസമയം, പാടശേഖരങ്ങളും പ്രകൃതിസമ്പത്തും സംരക്ഷിച്ചുകൊണ്ടായിരിക്കും വികസന പ്രവർത്തനങ്ങൾ നടപ്പാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ ഏഴിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീന സജീവ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ജി രാധാകൃഷ്ണൻ, പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ആർ സൈജൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷൈജോ പറമ്പി, ഏഴിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി എം രാജഗോപാൽ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ മേരി വിൻസെന്റ്, ബിന്ദു ജോർജ്, സ്ഥിരം സമിതി അധ്യക്ഷർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, ഇക്വിനോക്ട് പ്രതിനിധികളായ ഡോ. സി ജി മധുസൂദനൻ, എം പി ഷാജൻ, മുൻ ഡിജിപി ഹോർമിസ് തരകൻ, കുഫോസ് വൈസ് ചാൻസലർ പ്രൊ. എ ബിജു കുമാർ, സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ അനിൽകുമാർ, സംസ്ഥാന ആസൂത്രണ സമിതി അംഗം ശ്രീധർ രാധാകൃഷ്ണൻ, ഹാപ്പിനെസ്സ് പ്രോജക്ട് പ്രതിനിധി അഭിന എന്നിവർ പങ്കെടുത്തു.









