തുല്യതാ പഠിതാക്കൾ വഴിയുള്ള തുല്യതാ രജിസ്ട്രേഷൻ- ഗുരുദക്ഷിണ പദ്ധതിക്ക് ഉജ്ജ്വല തുടക്കം

post

പത്തനംതിട്ട ജില്ലയിലെ തുല്യതാ രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താൻ തുല്യതാ പഠിതാക്കൾ വഴിയുള്ള തുല്യതാ റെജിസ്ട്രേഷൻ പദ്ധതിയായ ഗുരുദക്ഷിണ പദ്ധതിക്ക് തുടക്കമായി. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ദീനാമ്മ റോയ് കുളനട ഗ്രാമപഞ്ചായത്ത് ഹാളിൽ നിർവഹിച്ചു. ഗുരു ദക്ഷിണ പദ്ധതിയുടെ ഭാഗമായി തുല്യതാ പഠിതാക്കൾ പത്താംതരം ഹയർ സെക്കൻഡറി വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവരെ കണ്ടുപിടിച്ച് സെൻറർ കോർഡിനേറ്റർമാരെ ഏൽപ്പിക്കും . സെൻറർ കോഡിനേറ്റർമാർ അതത് ഗ്രാമപഞ്ചായത്തുകളിലെ പ്രേരകുമാർ വഴി ഓൺലൈൻ രജിസ്ട്രേഷൻ നടത്തും.


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യമായി രജിസ്ട്രേഷൻ നടത്താം. പദ്ധതി വെച്ചിട്ടില്ലാത്ത തദ്ദേശ സ്വയം സ്ഥാപനങ്ങൾ അടുത്ത റിവിഷനിലോ അടുത്ത വർഷത്തെ പദ്ധതിയിലോ ഉൾപ്പെടുത്തി സംസ്ഥാന സാക്ഷരതാ മിഷന് ഫീസ് കൈമാറും. 17 വയസ്സ് പൂർത്തിയായ ഏഴാം തരം വിജയിച്ചവർക്ക് പത്താംതരം തുല്യത കോഴ്സിനും 22 വയസ്സ് പൂർത്തിയായ പത്താംതരം വിജയിച്ചവർക്ക് ഹയർ സെക്കൻഡറി തുല്യതാ കോഴ്സിനും രജിസ്ട്രേഷൻ നടത്താം.ഉയർന്ന പ്രായ പരിധി ഇല്ല. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും മാത്രമായിരിക്കും ക്ലാസുകൾ. നിശ്ചിത യോഗ്യതകൾ ഉള്ള റിട്ടയേഡ് അധ്യാപകർ, പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ളവർ, നിശ്ചിത യോഗ്യതകൾ ഉള്ള തൊഴിൽരഹിതർ എന്നിവർക്ക് അധ്യാപകരായി പ്രവർത്തിക്കാം പത്താം തരത്തിന് മണിക്കൂറിന് 225 രൂപ വീതവും ഹയർസെക്കൻഡറിക്ക് മണിക്കൂറിന് 350 രൂപ വീതവും സാക്ഷരതാ മിഷൻ പ്രതിഫലം നൽകും.ഗുരുദക്ഷിണ പദ്ധതിയുടെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന തുല്യതാ പഠിതാക്കൾക്ക് അവാർഡും ആദരവും നൽകും.


ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡണ്ട് അനീഷ് വരിക്കണ്ണാമല അധ്യക്ഷത വഹിച്ചു. ഗുരുദക്ഷിണ പദ്ധതിയുടെ ലോഗോ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിനീത അനിൽ പ്രകാശനം ചെയ്തു.കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പോൾരാജ് ഗുരുദക്ഷിണ പദ്ധതിയുടെ ഭാഗമായുള്ള ആദ്യ റജിസ്ട്രേഷൻ പഠിതാക്കളായ സാമുവൽ അബ്രഹാം,രാഹുൽ എന്നിവരിൽ നിന്ന് സ്വീകരിച്ചു .സാക്ഷരതാമിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി.പ്രശാന്ത് കുമാർ പദ്ധതി വിശദീകരിച്ചു.പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സോഫിയ രാജൻ ,പന്തളം ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിലാസിനി അമ്മ, കുളനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുജിത്ത് കളീക്കൽ ,ഗുരുദക്ഷിണ പദ്ധതിയുടെ കോഡിനേറ്റർ അഫ്സൽ ആനപ്പാറ ,തുല്യതാ അധ്യാപിക ചന്ദ്രിക ടീച്ചർ, പ്രേരക് മാരായിട്ടുള്ള ചന്ദ്രബോസ് പി വി , നിസ ജെ, പഠിതാക്കളുടെ പ്രതിനിധികളായി അനില ആനന്ദ് സാമുവൽ അബ്രഹാം, സെൻറർ കോഡിനേറ്റർ ഗീതാകുമാരി ജെ എന്നിവർ പ്രസംഗിച്ചു.