തിരുവാങ്കുളം ജംഗ്ഷൻ വികസനവും കുരീക്കാട് ആർ.ഒ.ബിയും: നടപടികൾ വേഗത്തിലാക്കാൻ മന്ത്രി അനൂപ് ജേക്കബിന്റെ നിർദ്ദേശം
തിരുവാങ്കുളം ജംഗ്ഷൻ വികസനത്തിനായുള്ള നടപടികൾ വേഗത്തിൽ ആരംഭിച്ചതായും കുരീക്കാട് റെയിൽവേ ഓവർബ്രിഡ്ജിനായുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികൾ അന്തിമഘട്ടത്തിലാണെന്നും മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ചേംബറിൽ ചേർന്ന ഓൺലൈൻ അവലോകന യോഗത്തിലാണ് പദ്ധതികളുടെ പുരോഗതി വിലയിരുത്തിയത്.
കുരീക്കാട് റെയിൽവേ ഓവർബ്രിഡ്ജിനായി സ്ഥലം ഏറ്റെടുക്കുന്നതിൻ്റെ ഭാഗമായി സ്ഥലവില നിർണ്ണയം സംബന്ധിച്ച 17 ഡി.വി.എസ് റിപ്പോർട്ടുകൾ കളക്ടറേറ്റിൽ ലഭിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക അറിയിച്ചു. മൂന്ന് ദിവസത്തിനകം ഇവയ്ക്ക് അനുമതി നൽകുമെന്നും തുടർന്ന് ഫണ്ട് ലഭ്യമാക്കുമെന്നും കളക്ടർ ഉറപ്പ് നൽകി. ഫണ്ട് ലഭ്യമാക്കാൻ ആർ.ഡി.ബി.സി (RDBC) ഡെപ്യൂട്ടി കളക്ടർ കിഫ്ബിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. 2026 ജനുവരിയിൽ അന്നത്തെ എം.എൽ.എ ആയിരുന്ന അനൂപ് ജേക്കബ് എൻ.എച്ച്.എ.ഐ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയുടെ തുടർച്ചയായാണ് ഈ അവലോകന യോഗം ചേർന്നത്.
കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ റിപ്പോർട്ടുകൾ പ്രകാരം തിരുവാങ്കുളവും കരിങ്ങാച്ചിറയും ബ്ലാക്ക് സ്‌പോട്ടുകൾ ആയി നിർണ്ണയിച്ചിട്ടുള്ളതായി നാഷണൽ ഹൈവേ അതോറിറ്റി പ്രോജക്ട് ഡയറക്ടർ യോഗത്തിൽ അറിയിച്ചു. അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി തിരുവാങ്കുളം ജംഗ്ഷനിൽ 30 മീറ്റർ വീതിയിൽ എൻ.എച്ച് ആക്റ്റ് പ്രകാരം സ്ഥലം ഏറ്റെടുക്കാനാണ് പദ്ധതി. സർവേ നടപടികൾക്കായി എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുമെന്ന് സർവേ ഡയറക്ടർ അറിയിച്ചു. സർവേ അലൈൻമെന്റ് ലഭിച്ചാൽ മറ്റ് ഓഫീസുകളിൽ നിന്നും കൂടുതൽ സർവേയർമാരെ നിയോഗിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ സർവേ നടപടികൾ പൂർത്തിയാക്കും.
തിരുവാങ്കുളം ജംഗ്ഷനില്‍ മൂവാറ്റുപുഴ ഭാഗത്തേക്കു ബസ്- ബേ വേണമെന്നും മാമല മുതല്‍ ഇരുമ്പനം പാലം വരെ തകര്‍ന്ന കാനകളും കവര്‍ സ്ലാബുകളും നവീകരിക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു. കരിങ്ങാച്ചിറ മുതല്‍ പുതിയ റോഡ് കവല വരെ റോഡിന് പടിഞ്ഞാറുഭാഗത്ത് സര്‍വീസ് റോഡോ നടപ്പാതയോ നിര്‍മ്മിക്കണം. ഇരുമ്പനം പഴയ ടോള്‍ബൂത്തിന്റെ തെക്കുഭാഗത്ത് ദേശീയപാത വിഭാഗം ടെന്‍ഡര്‍ ചെയ്തിരുന്നതും ഇപ്പോഴത്തെ പ്രവൃത്തിമൂലം റദ്ദാക്കിയതുമായ കാനയുടെ നിര്‍മ്മാണം ഉടന്‍ നടത്താനും മന്ത്രി നിര്‍ദേശിച്ചു.
പൈപ്പ് ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് എൻ.എച്ച്.എ.ഐ, കേരള വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചേർന്ന് വയലിൽപാടം റോഡ് മുതൽ തിരുവാങ്കുളം കവല വരെ സംയുക്ത പരിശോധന നടത്തി.









