സപ്ലൈകോ കൺവീനിയൻസ് സ്റ്റോർ ശൃംഖലയിലെ ആദ്യ സ്റ്റോർ 'സപ്ലൈകോ ഗോ' വൈറ്റിലയിൽ

post

ജനത്തിരക്കുള്ള കേന്ദ്രങ്ങളിൽ സപ്ലൈകോ ആരംഭിക്കുന്ന കൺവീനിയൻസ് സ്റ്റോർ ശൃംഖലയിലെ ആദ്യ സ്റ്റോർ 'സപ്ലൈകോ ഗോ' വൈറ്റില ഹബ്ബിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. കാലത്തിൻറെ മാറ്റത്തെ ഉൾക്കൊണ്ട് നവീകരിച്ച രീതിയിലുള്ള വിവിധ വില്പനശാലാ മാതൃകകൾ സപ്ലൈകോ സ്വീകരിക്കുന്നതിന് ഉദാഹരണമാണ് കൺവീനിയൻസ് സ്റ്റോർ എന്ന് മന്ത്രി പറഞ്ഞു. വൈറ്റില മൊബിലിറ്റി ഹബ്ബിലെ ബസ് ബേയ്ക്ക് സമീപം (ഏകദേശം 200 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ) പ്രവർത്തിക്കുന്ന സ്റ്റോർ രാവിലെ 7 മുതൽ വൈകിട്ട് 9 വരെയാണ് തുറന്നിരിക്കും. സപ്ലൈകോ ഗോ സ്റ്റോറുകൾ ക്ലസ്റ്റർ രൂപത്തിലാണ് നടപ്പാക്കുകയെന്നും എറണാകുളം നഗരത്തിലെ ജനത്തിരക്കുള്ള മേഖലകളിൽ ആറോളം സപ്ലൈകോ ഗോ സ്റ്റോറുകൾ പ്രവർത്തനമാരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.


ജില്ലയിൽ അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇൻഫോപാർക്കിലും ഇത്തരം സ്റ്റോറുകൾ ആരംഭിക്കും. കോഴിക്കോട് , തിരുവനന്തപുരം ജില്ലകളിലും സപ്ലൈകോ ഗോ സ്റ്റോറുകൾ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. ഉത്സവകാലങ്ങളിൽ മാത്രമല്ല, എല്ലാ അവസരങ്ങളിലും

വിപണി ഇടപെടലിൽ നിരന്തര ജാഗ്രത സപ്ലൈകോയും ഭക്ഷ്യവകുപ്പും പുലർത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.


സർക്കാരിന്റെ നൂറു ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സപ്ലൈകോ ഗോ സ്റ്റോർ ഉദ്ഘാടനം ചെയ്തത്. യാത്രക്കാർക്ക് ആവശ്യമായ ഭക്ഷ്യോൽപന്നങ്ങൾ, ലഘു ഭക്ഷണങ്ങൾ , പാനീയങ്ങൾ, വ്യക്തിഗത ഉപയോഗത്തിനുള്ള അവശ്യവസ്തുക്കൾ തുടങ്ങിയ വിവിധ ഉത്പന്നങ്ങളാണ് വൈറ്റില മൊബിലിറ്റി ഹബ്ബിലെ ബസ് ബേയുടെ സമീപമുള്ള സപ്ലൈകോ ഗോ സ്റ്റോറിൽ ലഭ്യമാകുന്നത്.


ടി. ജെ വിനോദ് എംഎൽഎ അധ്യക്ഷനായിരുന്നു. വിലക്കയറ്റത്തിനെതിരെ ശക്തമായ ഇടപെടൽ നടത്തുന്നതിന് സപ്ലൈകോ പ്രധാന പങ്കുവഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സപ്ലൈകോ മാനേജിംഗ് ഡയറക്ടർ വി എം ജയകൃഷ്ണൻ, ജനറൽ മാനേജർ എം യു ബിജു, നഗരസഭ കൗൺസിലർ വി. പി ചന്ദ്രൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ഹംസ മൂലയിൽ, ഇ എം മൈക്കിൾ തുടങ്ങിയവർ പങ്കെടുത്തു. സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായാണ് ഈ കൺവീനിയൻസ് സ്റ്റോർ ശൃംഖല ആരംഭിച്ചിരിക്കുന്നത്. എറണാകുളം നഗരത്തിലെ തിരക്കേറിയ മേഖലകൾ, വിമാനത്താവളം, ഇൻഫോപാർക്ക് എന്നിവിടങ്ങളിൽ കൂടുതൽ 'സപ്ലൈകോ ഗോ' സ്റ്റോറുകൾ ആരംഭിക്കാൻ പദ്ധതിയുണ്ട്.