മാലിന്യ സംഭരണ കേന്ദ്രങ്ങളില്‍ നിന്നും പ്ലാസ്റ്റിക് പാഴ്‌വസ്തുക്കള്‍ നീക്കിത്തുടങ്ങി

post

പത്തനംതിട്ട: ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ അജൈവ മാലിന്യ സംഭരണ  കേന്ദ്രങ്ങളില്‍ നിന്നും പ്ലാസ്റ്റിക് പാഴ് വസ്തുക്കള്‍ മാറ്റുന്ന പ്രവര്‍ത്തനത്തിന് മലയാലപ്പുഴ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജയലാല്‍ ശേഖരണ വാഹനം ഫ്ളാഗ് ഓഫ് ചെയ്തു. ഹരിതേകരളം മിഷന്‍ ജില്ലാ  കോ-ഓര്‍ഡിനേറ്റര്‍ ആര്‍. രാജേഷ്, ശുചിത്വമിഷന്‍  ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വിനോദ് കുമാര്‍, ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ ദിലീപ് കുമാര്‍, ഹരിതകേരളം മിഷന്‍ റിസോഴ്സ്‌പേഴ്സണ്‍ ഷിറാസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി റ്റി. ആര്‍. ലീലാമ്മ, അസിസ്റ്റന്റ് സെക്രട്ടറി സുമാഭായി എന്നിവര്‍ പങ്കെടുത്തു. 

മഴക്കാലരോഗ വ്യാപന സാധ്യത കണക്കിലെടുത്ത് ഊര്‍ജിത ശുചീകരണ പ്രവര്‍ത്തനങ്ങളും അജൈവ പാഴ് വസ്തു ശേഖരണവും അടിയന്തരമായി പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ലോക്ക്ഡൗണിന് മുമ്പേ നിറഞ്ഞിരിക്കുന്ന സംഭരണ കേന്ദ്രങ്ങളില്‍ നിന്നും പ്ലാസ്റ്റിക് ഒഴിവാക്കാതെ പാഴ് വസ്തുക്കള്‍ ശേഖരിക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. ഇത് പരിഹരിക്കാന്‍ ഹരിതകേരള മിഷന്‍, ശുചിത്വമിഷന്‍, ക്ലീന്‍ കേരള കമ്പനി, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവ കര്‍മ പദ്ധതി തയാറാക്കിയിട്ടുണ്ട്. ഇതിന്‍ പ്രകാരം പുന:ചംക്രമണ യോഗ്യമായ പ്ലാസ്റ്റിക് പാഴ് വസ്തുക്കള്‍ ക്ലീന്‍ കേരള കമ്പനിയുടെ ചുമതലയില്‍ കമ്പനി ഗോഡൗണിലേക്കും പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റിലേക്കും മാറ്റും. പുനരുപയോഗ യോഗ്യമല്ലാത്തവ അമ്പലമുകളിലുള്ള ഫാക്ടിന്റെ സബ്സിഡിയറി യൂണിറ്റിലേക്ക് ശാസ്ത്രീയ സംസ്‌കരണത്തിന് അയക്കും.