ലോക്ക്ഡൗണിലും ലോക്കാകാതെ കുടുംബശ്രീ യൂണിറ്റുകള്‍

post

പത്തനംതിട്ട: ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകള്‍ പലതും മാസ്‌കുകളും സൗജന്യ കിറ്റിനായുള്ള സഞ്ചിയും തുന്നുന്ന തിരക്കിലാണ്. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ മാസ്‌കുകള്‍ക്ക് ക്ഷാമം നേരിട്ടപ്പോള്‍ ലഭ്യത ഉറപ്പാക്കുക എന്ന ഉദ്ദേശ്യത്തോടെ  കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലാണ് മാസ്‌ക് നിര്‍മാണം ആരംഭിച്ചത്. ജില്ലയിലെ സൗജന്യ റേഷന്‍ കിറ്റ് വിതരണത്തിനായി സഞ്ചികളും ഇവര്‍ നിര്‍മിച്ചു വരുന്നു. 

നാല് സപ്ലൈകോ ഡിപ്പോകളുടെ 1,80,000 സഞ്ചികളുടെ ഓര്‍ഡറാണ് യൂണിറ്റുകള്‍ക്ക് ലഭിച്ചിട്ടുള്ളത്. ജില്ലാ മിഷന്റെ കീഴില്‍ ഏഴ് ബ്ലോക്കുകളിലായി 31 പ്രകൃതി സൗഹൃദ കുടുംബശ്രീ യൂണിറ്റുകളാണ് കോട്ടണ്‍ മാസ്‌ക് നിര്‍മാണം, തുണിസഞ്ചി നിര്‍മാണം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും ഈ യൂണിറ്റുകളില്‍ നിന്ന് 26,500 തുണിസഞ്ചികള്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞതായും കുടുംബശ്രീ ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ കെ. വിധു പറഞ്ഞു. ഇതുവരെ 1,16,000 മാസ്‌കുകളും ഈ യൂണിറ്റുകളില്‍ നിര്‍മിച്ച് വിതരണം ചെയ്തു കഴിഞ്ഞു.

കഴുകി വൃത്തിയാക്കി പലതവണ ഉപയോഗിക്കാന്‍ കഴിയുന്ന കട്ടിയുള്ള ലൈനിംഗ് കോട്ടണ്‍ തുണികള്‍ ഉപയോഗിച്ചാണ് മാസ്‌കുകള്‍ നിര്‍മിക്കുന്നത്.  പല നിറങ്ങളുള്ള തുണികള്‍ മാസ്‌ക് നിര്‍മാണത്തിനായി ഉപയോഗിക്കുന്നുണ്ട്. കോട്ടണ്‍ മാസ്‌കുകള്‍ക്ക് 15 രൂപയാണ് വില. മാസ്‌കുകള്‍  ജില്ലയിലെ വിവിധ വകുപ്പുകള്‍, കുടുംബശ്രീ സംസ്ഥാന മിഷന്‍ എന്നിവിടങ്ങളിലേക്കാണ് നല്‍കുന്നത്.

മാസ്‌ക്ക് നിര്‍മിച്ച് നല്‍കി സ്‌കൂള്‍ ജീവനക്കാരും

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മൈലപ്ര സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കഡറി സ്‌കൂള്‍ അധ്യാപകരും ജീവനക്കാരും ചേര്‍ന്നു തയാറാക്കിയ 500 മാസ്‌ക്ക് ജില്ലാ കളക്ടര്‍ പി. ബി. നൂഹിന് കൈമാറി. സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കഡറി സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി ഫാ. ജോര്‍ജ് വര്‍ഗീസ്, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജോസ് ഇടിക്കുള, അധ്യാപകന്‍ റെജി ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ജില്ലാ കളക്ടര്‍ക്ക് മാസ്‌ക്ക് കൈമാറിയത്. മാസ്‌ക്ക് കൈമാറുന്ന ചടങ്ങില്‍ ഡി എം ഒ (ആരോഗ്യം) ഡോ. എ. എല്‍. ഷീജ, എന്‍എച്ച്എം ഡിപിഎം ഡോ. എബി സുഷന്‍ എന്നിവര്‍ പങ്കെടുത്തു