ഇന്ത്യാ ബ്രിക്സ് ഉച്ചകോടി-2026 ആജീവിക 'സരസ്' ബ്രാന്‍ഡ് ഉല്പന്ന പ്രദര്‍ശന വിഭാഗം: സ്ത്രീമുന്നേറ്റത്തിന്റെ കരുത്തുമായി കുടുംബശ്രീ സ്റ്റാള്‍
കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം ബോള്‍ഗാട്ടി പാലസില്‍ ആരംഭിച്ച ഇന്ത്യാ ബ്രിക്സ് ഉച്ചകോടി-2026-ല്‍ തിളങ്ങി കുടുംബശ്രീയും. ഉച്ചകോടിയുമായി ബന്ധപ്പെട്ട് സ്ത്രീകളുടെ മുന്നേറ്റവും ശാക്തീകരണവും വ്യക്തമാക്കുന്ന ആജീവിക 'സരസ്' ബ്രാന്‍ഡ് ഉല്പന്ന പ്രദര്‍ശന വിഭാഗത്തിലാണ് കുടുംബശ്രീ ഉല്പന്നങ്ങള് സന്ദര്‍ശകരുടെ മനം നിറയ്ക്കുന്നത്. കേരളത്തിലെ വിവിധ ജില്ലകളിലെ കുടുംബശ്രീ സംരംഭകര്‍ തയ്യാറാക്കിയ വിവിധ ഹെര്‍ബല്‍ ഫുഡ് സപ്ളിമെന്റ്സ്, ഡ്രൈ മിക്സ് പൗഡര്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, കരകൗശല വസ്തുക്കള്‍, വസ്ത്രങ്ങള്‍ തുടങ്ങി ഒട്ടേറെ ഉല്പന്നങ്ങള് സ്ത്രീശാക്തീകരണത്തിന്റെയും ഗ്രാമീണ സംരംഭകത്വത്തിന്റെയും നേര്‍കാഴ്ചയാവുകയാണ്.
കേരളം ഉള്‍പ്പെടെ രാജ്യത്തെ 19 സംസ്ഥാനങ്ങളില്‍ നിന്നുളള സംരംഭകരും സ്വയംസഹായ സംഘങ്ങളും തയ്യാറാക്കിയ ഉല്പന്നങ്ങളുമായി ആകെ 23 സ്റ്റാളുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പ്രദര്‍ശനത്തിനായി തങ്ങളുടെ ഉല്പന്നങ്ങള് തെരഞ്ഞെടുത്തത് ഗ്രാമീണ സംരംഭകരില്‍ ആത്മവിശ്വാസവും പുതിയ വിപണി സാധ്യതകളിലേക്കുള്ള പ്രതീക്ഷയും നല്‍കിയിട്ടുണ്ട്. ഇവരുടെ ഉല്പന്നങ്ങള്ക്ക് ദേശീയ അന്തര്‍ദേശീയ തലത്തില്‍ വിപണി സാധ്യതകള്‍ തുറന്നു കൊടുക്കുന്നതിനും ഇത് അവസരമൊരുക്കും.
സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിലാണ് കൊച്ചിയില്‍ ബ്രിക്സ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ആജീവിക 'സരസ്' ബ്രാന്‍ഡ് ഉല്പന്ന പ്രദര്‍ശന വിഭാഗത്തിന്റെ ചുമതല വഹിക്കുന്നത് കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും. ഉച്ചകോടിയില്‍ സരസ് ബ്രാന്‍ഡ് ഉല്പന്ന പ്രദര്‍ശനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് കുടുംബശ്രീയാണ്. സ്റ്റാളിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി കുടുംബശ്രീ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ചുമതലയും നല്‍കിയിട്ടുണ്ട്.
പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയുടെ ആധ്യക്ഷം വഹിക്കുന്നത് ഇന്ത്യയാണ്. ഇതുമായി ബന്ധപ്പെട്ട് നയതന്ത്ര വികസന അജണ്ടയും തയ്യാറാക്കിയിട്ടുണ്ട്. ഈ സമഗ്ര ഉച്ചകോടിയെ പിന്തുണയ്ക്കുന്നതിനായി ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ മന്ത്രിതല, വര്‍ക്കിങ്ങ് ഗ്രൂപ്പുകളുടെ യോഗവും സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായാണ് കൊച്ചിയില്‍ ബ്രിക്സ് 2026-ഉച്ചകോടി സംഘടിപ്പിക്കുന്നത്











