മാലിന്യ ശേഖരണം: വാഹനങ്ങള്‍ ഉപയോഗിക്കാന്‍ ക്ലീന്‍ കേരള കമ്പനിക്ക് കളക്ടറുടെ അനുമതി

post

പത്തനംതിട്ട:  ജില്ലയിലെ അജൈവ മാലിന്യ ശേഖരണകേന്ദ്രങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ നീക്കുന്നതിന് ക്ലീന്‍ കേരള കമ്പനിയുടെ രണ്ടു വാഹനങ്ങള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി അനുമതി നല്‍കി ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവായി. ഗ്രാമപഞ്ചായത്തുകളിലും, മുന്‍സിപ്പാലിറ്റികളിലും പ്രവര്‍ത്തിക്കുന്ന അജൈവ മാലിന്യ ശേഖരണകേന്ദ്രങ്ങളില്‍ നിന്നും ആറന്‍മുളയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ആര്‍എഫിലേക്കും, മെഴുവേലിയിലുള്ള ഗോഡൗണിലേക്കും തരംതിരിച്ച പ്ലാസ്റ്റിക്ക് പാഴ്വസ്തുക്കള്‍ മാറ്റുന്നതിനായി ക്ലീന്‍ കേരള കമ്പനിയുടെ കെഎല്‍ 07 എപി 4357 ടിപ്പര്‍ ലോറിക്കും, കെഎല്‍ 41 ജി 8549 മിനി ലോറിക്കുമാണ് അനുമതി നല്‍കിയത്.

വാഹനങ്ങള്‍ ഉപയോഗിക്കുവാനുള്ള സമയം രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചു വരെ മാത്രമാണ്. മാലിന്യ നീക്കങ്ങള്‍ക്കല്ലാതെ മറ്റാവശ്യങ്ങള്‍ക്കായി ഈ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. തൊഴിലാളികള്‍ക്ക് ആവശ്യമായ കൈയുറകള്‍, മാസ്‌ക്, സാനിറ്റെസര്‍ തുടങ്ങിയവ നല്‍കുകയും തൊഴിലാളികള്‍ ഇത് ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.  ജില്ലാഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും എല്ലാ നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണം എന്നീ നിബന്ധനകള്‍ പ്രകാരമാണ് അനുമതി നല്‍കിയിരിക്കുന്നത്. നിബന്ധനകള്‍ പാലിക്കാത്ത പക്ഷം പ്രവര്‍ത്തന അനുമതി റദ്ദ് ചെയ്യും.

മുന്‍സിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ ശേഖര കേന്ദ്രങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നീക്കുന്നതിന്  ഹരിതകേരള മിഷന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ശുചിത്വ മിഷന്‍, എന്നിവരുമായി ആലോചിച്ച് ക്ലീന്‍ കേരള കമ്പനി പ്രവര്‍ത്തന പദ്ധതി തയാറാക്കി സമര്‍പ്പിച്ചിരുന്നു.