എംഎല്‍എയുടെ ഫേയ്സ്ബുക്ക് ലൈവ് വൈറലായി

post

പത്തനംതിട്ട : കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രാജു എബ്രഹാം എംഎല്‍എ നടത്തിയ ഫേസ്ബുക്ക് ലൈവ് വൈറലായി. തങ്ങളുടെ അഭിപ്രായങ്ങളും ആശങ്കകളും പങ്കുവയ്ക്കാനും കൊറോണ കാലത്ത് ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ എംഎല്‍എയെ അഭിനന്ദിക്കാനും ജനങ്ങള്‍ മറന്നില്ല. വിദേശത്തുനിന്നും ലൈവില്‍ പങ്കെടുത്തവര്‍ക്ക് അറിയേണ്ടിയിരുന്നത് തങ്ങള്‍ക്ക് എന്നത്തേക്ക് നാട്ടില്‍ എത്താം എന്നതായിരുന്നു. കൂടാതെ ഇവിടെ വന്നു കഴിഞ്ഞാല്‍ എന്തൊക്കെ നടപടികള്‍ നേരിടേണ്ടി വരും എന്ന സംശയങ്ങളും അവര്‍ക്കുണ്ടായിരുന്നു. വിദേശത്ത് പഠിക്കുന്ന അവരുടെ മക്കളുടെ ഫീസിന്റെ കാര്യമായിരുന്നു മറ്റൊരു പ്രശ്നം. സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ ഇതിന് നടപടി സ്വീകരിച്ചിരുന്നു.

ബാംഗളൂര്‍, ഡല്‍ഹി, മുംബൈ തുടങ്ങിയ നഗരങ്ങള്‍ ഉള്‍പ്പെടെ മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സുമാര്‍ക്ക് യാതൊരുവിധ സുരക്ഷിതത്വവുമില്ല എന്ന ആശങ്കയും അവര്‍ പങ്കുവച്ചു. സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട് ഇവരുടെ  സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് എംഎല്‍എ ഉറപ്പുനല്‍കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം മാതൃകയാണെന്ന് ഒട്ടേറെ പേര്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനങ്ങളെയും ലൈവില്‍ പങ്കെടുത്തവര്‍ അഭിനന്ദിച്ചു. കേരളം ലോകത്തിന് തന്നെ മാതൃകയാണ് എന്നായിരുന്നു അവരുടെ അഭിപ്രായം. സന്നദ്ധ സംഘടനകളുടെ ജില്ലയിലെ പ്രവര്‍ത്തനം ഒട്ടേറെപ്പേര്‍ എടുത്ത് പറഞ്ഞു. പ്രത്യേകിച്ച് റാന്നി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാര്‍ ക്രിസോസ്റ്റം പാലിയേറ്റീവ് കെയര്‍. ഏറെ സഹായങ്ങള്‍ തങ്ങളുടെ വീടുകളില്‍ ചെയ്യുന്നുണ്ട് എന്നും അതിനു പ്രത്യേകം നന്ദിയും പാലിയേറ്റീവ് കെയര്‍ പ്രസിഡന്റ് കൂടിയായ എംഎല്‍എയെ അറിയിച്ചു.

       വിദേശത്തുനിന്നുള്ളവര്‍ നാട്ടിലെത്തിയാല്‍ വേണ്ട എല്ലാ  സുരക്ഷാസംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ളതായി എംഎല്‍എ അറിയിച്ചു. കേന്ദ്രസര്‍ക്കാരാണ് ഇവരെ നാട്ടിലെത്തിക്കുന്നതിനുള്ള തീരുമാനമെടുക്കേണ്ടത്. ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അറിയിച്ചു. തിങ്കളാഴ്ച രണ്ടുമണിക്കൂര്‍ ലൈവ് നിശ്ചയിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ പത്രസമ്മേളനം വൈകിട്ട് ആറിന്് തുടങ്ങും എന്നതിനാല്‍ ഒരു മണിക്കൂറായി ലൈവ് ചുരുക്കി. ലൈവ് മറ്റൊരു ദിവസം കൂടി വേണം എന്ന ആവശ്യപ്രകാരം വെള്ളിയാഴ്ച രാവിലെ 10.30 മുതല്‍ 12.30 വരെ നടത്തുമെന്നും അപ്പോള്‍ കൂടുതല്‍ പേര്‍ക്ക് ഇതില്‍ പങ്കെടുക്കാനാകുമെന്നും എംഎല്‍എ അറിയിച്ചു.