മഴക്കാല മുന്നൊരുക്കം: മാര്‍ഗനിര്‍ദേശങ്ങളുമായി പത്തനംതിട്ട ജില്ല ഭരണകൂടം

post

മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ വിവിധ വകുപ്പുകള്‍ക്ക്  മാര്‍ഗനിര്‍ദേശം നല്‍കി. സ്വകാര്യ ഭൂമിയിലെ അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണം. മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട ഏതെങ്കിലും പരാതി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിലവിലുണ്ടെങ്കില്‍ പഞ്ചായത്ത് രാജ് ആക്ട്  പ്രകാരം അടിയന്തരമായി നടപടി സ്വീകരിക്കണം. ഏതെങ്കിലും വകുപ്പുകളുടെ കൈവശമുള്ള ഭൂമിയില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റേണ്ടത് അതാത് വകുപ്പുകളുടെ ഉത്തരവാദിത്തമാണ് . വകുപ്പുകള്‍ സ്വന്തമായി പണം കണ്ടെത്തി മരങ്ങള്‍ മുറിച്ച് നീക്കി അപകട സാഹചര്യം ഒഴിവാക്കണം. ഡാമുകളില്‍ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യുന്നതിനും തോടുകളിലെയും മറ്റ് ജല നിര്‍ഗമന പാതകളിലുമുള്ള മാലിന്യം നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുന്നതിനും ഇറിഗേഷന്‍ വകുപ്പ് നടപടി സ്വീകരിക്കണം. വൈദ്യുതി കമ്പികളിലേക്ക് മരങ്ങള്‍ ഒടിഞ്ഞു വീണ് അപകടം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡ് തദ്ദേശസ്വയംഭരണ വകുപ്പ്, പൊതുമരാമത്ത് എന്നീ വകുപ്പുകള്‍ സംയുക്തമായി സ്വീകരിക്കണം.  മരം മുറിക്കലുമായി ബന്ധപ്പെട്ട് ട്രീ കമ്മിറ്റി കൂടേണ്ട അടിയന്തര സാഹചര്യമുണ്ടെങ്കില്‍ അതില്‍ നടപടി സ്വീകരിക്കണം. പരസ്യ ഹോര്‍ഡിങ്ങുകള്‍ വീണ് നഷ്ടവും ജീവഹാനിയും ഉണ്ടാകുന്നതിന് സാധ്യതകളില്ലെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പു വരുത്തണമെന്നും ജില്ല കലക്ടര്‍ അറിയിച്ചു.