വിലക്കയറ്റം: ഇടുക്കിയിൽ അവലോകന യോഗം ചേര്‍ന്നു
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സംബന്ധിച്ച വിവരങ്ങള്‍ അവലോകനം ചെയ്യുന്നതിനായി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്തിന്റെ അധ്യക്ഷതയില്‍ യോഗം ചേർന്നു.
ഇടുക്കി ജില്ലയില്‍ പൊതുവെ പച്ചക്കറി, പലചരക്ക് സാധനങ്ങള്‍ക്ക് വില കൂടിയതായി യോഗം വിലയിരുത്തി.
ജില്ലയില്‍ പഞ്ചായത്ത് ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കടകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാനും ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് ഫുഡ് സേഫ്റ്റി വകുപ്പിന് കത്ത് നല്‍കുന്നതിനും യോഗം തീരുമാനിച്ചു. ഭക്ഷ്യ പൊതുവിതരണം, കൃഷി എന്നീ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍, വ്യാപാര പ്രതിനിധികള്‍ ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസ്സിയേഷന്‍ ഭാരവാഹികള്‍ എന്നിവരെ ഉള്‍പ്പെടുത്തിയുള്ള അവലോകന യോഗമാണ് ജില്ലാ കളക്ടറേറ്റില്‍ നടന്നത്.
വിലക്കയറ്റവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍, വിവിധ താലൂക്കുകളിലായി നടത്തിയ പൊതുവിപണി പരിശോധനകളില്‍ കണ്ടെത്തിയ ക്രമക്കേടുകള്‍, ക്രമക്കേടുകള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ എന്നിവയെക്കുറിച്ച് ജില്ലാ സപ്ലൈ ഓഫീസര്‍ ടി. ജെ ആശ യോഗത്തില്‍ വിശദീകരിച്ചു. താലൂക്ക് സപ്ലൈ ആഫീസര്‍മാരുടെ നേതൃത്വത്തില്‍ താലൂക്ക്തല സ്‌ക്വാഡ് രൂപീകരിച്ച് പൊതുവിപണി പരിശോധനകള്‍ ഊര്‍ജ്ജിതമായി നടന്നുവരുന്നതായും സപ്ലൈ ഓഫീസര്‍ അറിയിച്ചു.









