കൊച്ചി കോര്‍പ്പറേഷനിലെ വെള്ളക്കെട്ടൊഴിവാക്കാന്‍ അടിയന്തര നടപടി

post

കൊച്ചി  : കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ വെള്ളക്കെട്ടൊഴിവാക്കാന്‍ അടിയന്തരമായി അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കണമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍.

വെള്ളക്കെട്ടു സംബന്ധിച്ച് കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലെ ജനപ്രതിനിധികളും മേയറും ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി അടിയന്തരമായി ജോലികള്‍ ആരംഭിക്കാന്‍ നിര്‍ദേശം നല്‍കിയത്. 

കൊച്ചി കോര്‍പ്പറേഷനില്‍ 24 ന് ശേഷവും ലോക്ക് ഡൗണ്‍ തുടരുന്നതിനാല്‍ ജോലികള്‍ ആരംഭിക്കാനിയി പ്രത്യേക അനുവാദം സംസ്ഥാന സര്‍ക്കാരില്‍ നിന്ന് സ്വീകരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. എം.ജി റോഡ്, പനമ്പിള്ളി നഗര്‍, കലൂര്‍, തുടങ്ങിയ മേഖലകളിലെ വെള്ളക്കെട്ടിന് പരിഹാരം കാണാനായി കൊച്ചി മെട്രോ, പി.ഡബ്ലു, ഡി, സ്മാര്‍ട് സിറ്റി പ്രോജക്ട് തുടങ്ങിയവരുമായി ചര്‍ച്ച നടത്താനും യോഗത്തില്‍ തീരുമാനമായി. 

ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയും കോര്‍പ്പറേഷന്‍റെ വാര്‍ഷിക അറ്റകുറ്റപ്പണികളും സംയുക്തമായി നടപ്പാക്കാനാണ് ശ്രമിക്കുന്നത്. നഗരത്തില്‍ വെള്ളക്കെട്ടുണ്ടാവുന്ന മേഖലകള്‍ നേരത്തെ കണ്ടെത്തിയിട്ടുണ്ട്.ഈ മേഖലകളില്‍ ശാസ്ത്രീയമായി പഠനം നടത്തിയ ശേഷം മാത്രമേ ചില നിര്‍മാണങ്ങള്‍ നടത്താനാവു എന്ന് ജില്ല കളക്ടര്‍ എസ്.സുഹാസ് വ്യക്തമാക്കി. അത്തരം സ്ഥലങ്ങളില്‍ താത്കാലികമായ പ്രശ്നപരിഹാര നടപടികള്‍ സ്വീകരിക്കും. 

വെള്ളക്കെട്ടുണ്ടാവുന്ന ഹോട്സ്പോട്ടുകള്‍ കണ്ടെത്തി ആ പ്രദേശങ്ങളില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാനാണ് മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്.  കോവിഡ് പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ചും സാനിറ്റൈസൈഷന്‍ ഉറപ്പാക്കിയും  മാത്രമേ ജോലികള്‍ അനുവദിക്കു എന്ന മന്ത്രി  വ്യക്തമാക്കി.  ജില്ല കളക്ടര്‍ എസ്. സുഹാസ്, എം.എല്‍എമാരായ പി.ടി തോമസ്,  ടി.ജെ.വിനോദ്, കെ.ജെ.മാക്സി, എം.സ്വരാജ്, മേയര്‍ സൗമിനി ജെയിൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി എം ഹാരിസ് തുടങ്ങിയവര്‍ പങ്കെടുത്തു.