ദേശീയ സമ്മതിദായക ദിനാഘോഷത്തില്‍ ഇടുക്കി ജില്ലയ്ക്ക് അംഗീകാരം

post

തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല ദേശീയ സമ്മതിദായക ദിനാഘോഷത്തില്‍ ഇടുക്കി ജില്ലയ്ക്ക് അംഗീകാരം. കേരള ഗവര്‍ണറാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്.

ലളിതവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ (Accessible & Inclusive Electoral Practices) എന്ന പ്രമേയത്തിന് കീഴില്‍ ഇടുക്കി ജില്ലാ കളക്ടറെ മികച്ച ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായി തിരഞ്ഞെടുത്തു. മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍, കന്നിവോട്ടര്‍മാര്‍, വിദൂര ഗോത്രവര്‍ഗ മേഖലകളിലുള്ളവര്‍ എന്നിവര്‍ക്ക് തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ കൂടുതല്‍ വോട്ടര്‍ സൗഹൃദമാക്കിയതിനാണ് ഈ അംഗീകാരം ലഭിച്ചത്.

ചടങ്ങില്‍, തൊടുപുഴ നിയമസഭാ മണ്ഡലത്തിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ഇടുക്കി സബ് കളക്ടര്‍ അനൂപ് ഗാര്‍ഗ് കേരളത്തിലെ മികച്ച ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ (ERO) അവാര്‍ഡിന് അര്‍ഹനായി.


പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പുതുക്കല്‍ (Special Intensive Revision, SIR) പ്രക്രിയയില്‍ നടത്തിയ നൂതനവും ഫലപ്രദവുമായ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

വീടുവീടാന്തരം കയറിയുള്ള വിവരശേഖരണം, ഡിജിറ്റൈസേഷനും തത്സമയ നിരീക്ഷണത്തിനായുള്ള ഡാഷ്‌ബോര്‍ഡുകളും, വോട്ടര്‍പട്ടികയിലെ പിഴവുകള്‍ പരിഹരിക്കല്‍, അതിഥി തൊഴിലാളികള്‍, മുതിര്‍ന്ന പൗരന്മാര്‍, പിന്നാക്ക വിഭാഗങ്ങള്‍ എന്നിവര്‍ക്ക് വോട്ടിംഗ് ബോധവല്‍ക്കരണം, കൃത്യതയും വേഗതയും ഉറപ്പാക്കാന്‍ സാങ്കേതികവിദ്യയുടെ ഉപയോഗവും രാത്രികാല ഡിജിറ്റൈസേഷന്‍ ഡ്രൈവുകളും തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയത്.

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കല്‍, പരിശോധന, തിരുത്തലുകള്‍, വിവരങ്ങളുടെ ഗുണനിലവാരം എന്നിവയില്‍ കേരളത്തിലെ തന്നെ ഏറ്റവും മികച്ച മണ്ഡലങ്ങളിലൊന്നായി തൊടുപുഴ മാറി.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാഴ്ചപ്പാടിനനുസരിച്ച് സുതാര്യവും ജനകീയവും എല്ലാവരെയും ഉള്‍ക്കൊളിക്കുന്നതുമായ ഒരു തിരഞ്ഞെടുപ്പ് സംവിധാനം കെട്ടിപ്പടുക്കുന്നതില്‍ ഇടുക്കി ജില്ല കൈവരിച്ച നേട്ടങ്ങളെ അടിവരയിടുകയാണ് ഈ പുരസ്‌കാരങ്ങള്‍.