'യുവ ആപ്ദ മിത്ര': എന്‍.എസ്.എസ് രണ്ടാം ബാച്ചിന്റെ പരിശീലന ക്യാമ്പിന് തുടക്കം
ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ 'യുവ ആപ്ദ മിത്ര' പദ്ധതിയുടെ ഭാഗമായി എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ക്കായി സംഘടിപ്പിക്കുന്ന പ്രത്യേക ദുരന്തനിവാരണ പരിശീലന പരിപാടിയുടെ രണ്ടാം ബാച്ചിന്റെ പരിശീലന ക്യാമ്പിന് തുടക്കമായി. ജനുവരി 27 മുതല്‍ ഫെബ്രുവരി 2 വരെയാണ് ക്യാമ്പ്. കോഴിക്കോട് എരഞ്ഞിപ്പാലം നവജ്യോതി റിനീവല്‍ സെന്ററില്‍ ആരംഭിച്ച ക്യാമ്പ് എന്‍.എസ്.എസ് സ്റ്റേറ്റ് ഓഫീസര്‍ ഡോ. ഡി ദേവിപ്രിയ ഉദ്ഘാടനം ചെയ്തു. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡെപ്യൂട്ടി കളക്ടര്‍ എം. രേഖ മുഖ്യപ്രഭാഷണം നടത്തി. ക്യാമ്പ് നോഡല്‍ ഓഫീസര്‍ ഡോ. സുരേഷ് പുത്തന്‍പറമ്പില്‍ അധ്യക്ഷനായി. എ എം സാദിഖ്, ജില്ലാ ഹസാര്‍ഡ് അനലിസ്റ്റ് പി അശ്വതി, ലിജോ ജോസഫ്, ആപ്ദ മിത്ര മാസ്റ്റര്‍ ട്രെയിനര്‍ ബിനോയ് എന്നിവര്‍ സംസാരിച്ചു.
കേരള ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും ആഭിമുഖ്യത്തിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ഏഴു ദിവസത്തെ ക്യാമ്പിന്റെ ഭാഗമായി അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്ന രീതികള്‍, ദുരന്ത മുഖങ്ങളിലെ പ്രവര്‍ത്തനങ്ങള്‍, രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍, ദുരന്തനിവാരണ ഉപകരണങ്ങളുടെ ഉപയോഗം എന്നിവയില്‍ വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രീയ പരിശീലനം നല്‍കും. അടിയന്തര സാഹചര്യങ്ങളില്‍ പ്രാഥമിക സഹായം നല്‍കാനും ദുരന്ത സമയങ്ങളില്‍ പ്രദേശവാസികള്‍ക്ക് സ്വയം പ്രതിരോധിക്കാന്‍ സഹായം എത്തിക്കാനും യുവജന സേനയെ രൂപപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. പരിശീലനം വിജയകരമായി പൂര്‍ത്തീകരിക്കുന്ന കേഡറ്റുകള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍, ഐ.ഡി കാര്‍ഡുകള്‍, യൂണിഫോം, എമര്‍ജന്‍സി റസ്‌പോണ്‍സ് കിറ്റുകള്‍ എന്നിവ നല്‍കും.









