മണ്ണിടിച്ചില്‍: മോക്ക്ഡ്രില്‍ സംഘടിപ്പിച്ചു

post

അടിയന്തര ഘട്ടങ്ങളെ നേരിടാന്‍ സജ്ജരായിരിക്കുകയെന്ന സന്ദേശം നല്‍കി ചെറുതോണിയില്‍ മോക്ക്ഡ്രില്‍ സംഘടിപ്പിച്ചു. ചെറുതോണി ചെട്ടിമാട്ടകവലയില്‍ മണ്ണിടിച്ചിലുണ്ടാവുകയും അവിടെ നടത്തിയ രക്ഷാപ്രവര്‍ത്തനവുമാണ് മോക്ക്ഡ്രിലില്‍ ഉണ്ടായിരുന്നത്. 11 മണിക്ക് അപകടം നടന്നതായി വാഴത്തോപ്പ് പഞ്ചായത്തില്‍ നിന്നും ഇടുക്കി തഹസീല്‍ദാരേയും അവിടെ നിന്ന് കളക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമിലേക്കും അറിയിച്ചു. തുടര്‍ന്ന് വിവിധ വകുപ്പുകളിലേക്കും അറിയിപ്പ് നല്‍കി. 11.08 ന് പോലീസ്, 11.09 ന് ഇടുക്കി തഹസീല്‍ദാര്‍, 11.10 ന് ഫയര്‍ ആന്റ് റെസ്‌ക്യൂ, 11.16 ന് ആംബുലന്‍സ് മെഡിക്കല്‍ സംഘം എന്നിവര്‍ സംഭവസ്ഥലത്തെത്തി. കൂടുതല്‍ രക്ഷാപ്രവര്‍ത്തകരെ ആവശ്യമായി വന്നതിനാല്‍ 11.15 ന് പൈനാവില്‍ ക്യാമ്പ് ചെയ്തിരിക്കുന്ന ദേശീയ ദുരന്തനിവാരണസേനയെ വിവരം അറിയിക്കുകയും 11.26 ന് കൂടുതല്‍ സന്നാഹങ്ങളുമായി അവരും സ്ഥലത്തെത്തി. 15 പേരാണ് അപകടത്തില്‍ പെട്ടത്.


ദുരന്തബാധിത പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തി ദുരന്തബാധിതരെ ഷെല്‍ട്ടര്‍ ക്യാമ്പിലേക്ക് മാറ്റുന്നതും, പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കുന്നതും, ഗുരുതര പരിക്കേറ്റവരെ ആശുപത്രിയിലേക്ക് നീക്കുന്നതും മോക്ക് ഡ്രില്ലിന്റെ ഭാഗമായി സംഘടിപ്പിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂവിന്റെ സിവില്‍ ഡിഫന്‍സ് ടീമും പങ്കാളികളായി.

ദേശീയ ദുരന്ത പ്രതികരണസേന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഫയര്‍ ആന്‍് റെസ്‌ക്യു, പോലീസ്, ആരോഗ്യം എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് മോക്ക്ഡ്രില്‍ സംഘടിപ്പിച്ചത്.


മോക്ഡ്രില്ലിന് എന്‍ ഡി ആര്‍ എഫ് ടീം കമാന്‍ഡര്‍ പ്രശാന്ത് ജി. സി, ഡെപ്യൂട്ടി കമാന്‍ഡന്റ് സങ്കേത്. ജി പവര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ. എസ്. പി. യൂനസ് ടി. എ., ഹസാര്‍ഡ് അനലിസ്റ്റ് രാജീവ് റ്റി. ആര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.