മോക്ഡ്രിൽ 19ന് വഞ്ചിക്കവലയിൽ

post

പ്രകൃതി ദുരന്തങ്ങൾ നേരിടുന്നതുമായി ബന്ധപ്പെട്ട് നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സിന്റെ നേതൃത്വത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുമായി സഹകരിച്ച് 19 തിങ്കളാഴ്ച്ച 11 മണിക്ക് വഞ്ചിക്കവല ഇലഞ്ഞിച്ചോട് പേപ്പാറയിൽ മോക്ക്ഡ്രിൽ നടത്തും. മണ്ണിടിച്ചിലിനെ തുടർന്നുണ്ടാകുന്ന രക്ഷാപ്രവർത്തനവും ദുരന്ത നിവാരണ പ്രവർത്തനങ്ങളുമാണ് മോക്ക് ഡ്രില്ലിൽ ആവിഷ്‌ക്കരിക്കുന്നത്.

ദുരന്ത സാഹചര്യങ്ങളിൽ ഓറഞ്ച് ബുക്ക് പ്രകാരമുള്ള ചുമതലകൾ സംബന്ധിച്ച് ഓരോ വകുപ്പുകൾക്കും അവബോധം പകരുന്നതിനും ദുരന്ത പ്രതികരണവുമായി ബന്ധപ്പെട്ട പോരായ്മകൾ കണ്ടെത്തുന്നതിനുമായാണ് മോക്ക് ഡ്രിൽ സംഘടിപ്പിക്കുന്നത്.

മോക്ക് ഡ്രിൽ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ടേബിൾ ടോപ് മീറ്റിങ് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്നു. പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ വിവിധ വകുപ്പുകളുടെ ഉത്തരവാദിത്വങ്ങളെപ്പറ്റി ഡെപ്യൂട്ടി കമാൻഡന്റ് സങ്കേത്. ജി പവർ പോയിന്റ് അവതരണം നടത്തി.

മോക്ക് ഡ്രില്ലുമായി ബന്ധപ്പെട്ട് റവന്യൂ, പഞ്ചായത്ത്, ഫയർ ഫോഴ്‌സ്, പോലീസ്, ആരോഗ്യവകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകൾ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

യോഗത്തിൽ എൻ ഡി ആർ എഫ് ടീം കമാൻഡർ പ്രശാന്ത് ജി. സി, മറ്റ് കമാൻഡോകളായ വൈശാഖ് വി, അജയ് ശങ്കർ വി. എം, ജിനേഷ് പി,ദേവരാജൻ ആർ ജൂനിയർ സൂപ്രണ്ട് (ഡി. എം ) ജെയിൻ സ്റ്റീഫൻ, ഹസാർഡ് അനലിസ്റ്റ് രാജീവ് റ്റി. ആർ, പ്ലാനിങ് കോ-ഓർഡിനേറ്റർ കൃഷ്ണപ്രിയ തുടങ്ങിയവർ പങ്കെടുത്തു.