റിപ്പബ്ലിക് ദിനാഘോഷം : ആലോചനായോഗം ചേർന്നു

post

റിപ്പബ്ലിക് ദിനാഘോഷം ജില്ലയിൽ സമുചിതമായി സംഘടിപ്പിക്കാൻ ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന ആലോചന യോഗത്തിൽ തീരുമാനിച്ചു. കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ വിവിധ വകുപ്പുകൾ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ ചർച്ച ചെയ്തു. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മൈതാനമാണ് വേദി. സെറിമോണിയൽ പരേഡിന്റെ പൂർണ ചുമതല പത്തനംതിട്ട എ ആർ ക്യാമ്പ് അസിസ്റ്റന്റ് കമാൻഡന്റിനായിരിക്കും. പോലീസ് മൂന്ന്, ഫോറസ്റ്റ് ഒന്ന്, ഫയർ ഫോഴ്സ് രണ്ട്, എക്സൈസ് ഒന്ന്, എസ് പി സി ആറ്, സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് ഏഴ്, തുടങ്ങി പ്ലറ്റൂണുകൾ അണിനിരക്കും. ജനുവരി 22, 23, 24 തീയതികളിലായി പരേഡ് റിഹേഴ്സൽ സംഘടിപ്പിക്കും. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കും. റിഹേഴ്സൽ ദിവസങ്ങളിലും റിപ്പബ്ലിക് ദിനത്തിലും ലഘു ഭക്ഷണവും കുടിവെള്ളവും ലഭ്യമാക്കും.

ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ, പത്തനംതിട്ട, തിരുവല്ല വിദ്യാഭ്യാസ ഓഫീസർമാർ എന്നിവരുടെ മേൽനോട്ടത്തിൽ സാംസ്‌കാരിക പരിപാടികൾ, പി റ്റി ഡിസ്പ്ലേ, ബാൻഡ് സെറ്റ് എന്നിവ സംഘടിപ്പിക്കും. പരിപാടിക്കാവശ്യമായ പന്തൽ, ബാരിക്കേഡ് തുടങ്ങിയവ പൊതുമരാമത്ത് (കെട്ടിട വിഭാഗം) നിർമിക്കും. റിഹേഴ്സൽ, റിപ്പബ്ലിക് ദിനങ്ങളിൽ ആംബുലൻസ് ഉൾപ്പടെ മെഡിക്കൽ സംഘത്തിന്റെ സേവനമുണ്ടാകും. പത്തനംതിട്ട നഗരസഭ സെക്രട്ടറി വേദിയിൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കും. അടിയന്തരഘട്ട സേവനത്തിനായി ഫയർഫോഴ്സും ഉണ്ടാകും. കോഴഞ്ചേരി തഹസിൽദാർ പൊതുവായ ഏകോപനം നിർവഹിക്കും. എഡിഎം ബി ജ്യോതി, വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു