മാരാമൺ കൺവെൻഷൻ; യോ​ഗം ചേർന്നു

post

മാരാമൺ തീർഥാടകർക്ക് സുരക്ഷിതത്വം ഉറപ്പാക്കും: മന്ത്രി വീണാ ജോർജ്

ഫെബ്രുവരി എട്ട് മുതൽ 15 വരെ മാരാമൺ പമ്പ മണപ്പുറത്ത് നടക്കുന്ന കൺവെൻഷൻ ക്രമീകരണം വിലയിരുത്താൻ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ യോ​ഗം ചേർന്നു. മാരാമൺ തീർഥാടനത്തിൽ പങ്കെടുക്കുന്നവർക്ക് സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. ക്രമസമാധാന പാലനവും സുരക്ഷയും പോലീസ് ഉറപ്പാക്കും. സമ്മേളന നഗരിയിൽ മഫ്തിയിലും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി വനിതാ പോലിസിനെയും ക്രമീകരിക്കും. ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ കോഴഞ്ചേരി, നെടുമ്പ്രയാർ ഉൾപ്പെടെ പ്രധാന കടവുകളിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കും. കൺവെൻഷൻ നഗറിലെ താൽക്കാലിക നടപ്പാലം, അപ്രോച്ച് റോഡ് എന്നിവയുടെ സുരക്ഷ പരിശോധിക്കും. നദിയിലെ ജലനിരപ്പ് ആവശ്യമെങ്കിൽ ക്രമീകരിക്കും. കൺവൻഷൻ നഗറിലും മാരാമൺ, കോഴഞ്ചേരി പ്രദേശങ്ങളിലും തടസം കൂടാതെയുള്ള വൈദ്യതി വിതരണം കെഎസ്ഇബി ഉറപ്പാക്കും. തെരുവ് വിളക്കുകളുടെ അറ്റകുറ്റപണി പൂർത്തിയാക്കും.

കൺവെൻഷൻ നഗറിൽ താൽക്കാലിക ഡിസ്‌പെൻസറിയും ആംബുലൻസ് സൗകര്യവും ആരോഗ്യവകുപ്പ് ക്രമീകരിക്കും. കോഴഞ്ചേരി സർക്കാർ ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും സേവനം ഉറപ്പാക്കും. കൺവെൻഷൻ നഗറിൽ അണുനശീകരണവും ശുചീകരണ പ്രവർത്തനം നടത്തും. ഭക്ഷണശാലകളിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്. കൺവെൻഷൻ നഗറിലേക്കുള്ള എല്ലാ റോഡുകളുടെയും അറ്റകുറ്റപ്പണി പൊതുമരാമത്ത് നിരത്ത് വിഭാഗം പൂർത്തിയാക്കും.

കൺവെൻഷൻ നഗറിലെ താൽക്കാലിക പന്തലിന്റെയും സ്റ്റേജിന്റെയും സുരക്ഷ പൊതുമരാമത്ത് കെട്ടിട വിഭാഗം പരിശോധിച്ച് ഉറപ്പാക്കും. ആധുനിക സൗകര്യമുള്ള ഫയർ യൂണിറ്റ് ക്രമീകരിക്കും. സ്‌കൂബ ഡൈവിംഗ് ടീമിന്റെ സേവനം ഉണ്ടാകും. കൺവൻഷൻ നഗറിൽ 24 മണിക്കൂറും ജലലഭ്യത ഉറപ്പാക്കും. കെഎസ്ആർടിസി വിവിധ ഡിപ്പോകളിൽ നിന്ന് സ്‌പെഷ്യൽ സർവീസ് ക്രമീകരിക്കും. തിരുവല്ല ഭാഗത്തേക്ക് പ്രത്യേക രാത്രി സർവീസും ഉണ്ടാകും.

കൺവെൻഷൻ നഗറിലും പരിസര പ്രദേശങ്ങളിലും വ്യാജ മദ്യം, നിരോധിത ലഹരി വസ്തുക്കൾ തുങ്ങിയവയുടെ വിൽപന തടയുന്നതിന് കർശന നടപടി എക്സൈസ് വകുപ്പ് സ്വീകരിക്കും. കൺവൻഷൻ നഗറിലെ പന്തലിന്റെ താൽക്കാലിക വൈദ്യൂതികരണ ജോലി പരിശോധിച്ച് സുരക്ഷ ഉറപ്പാക്കി സാക്ഷ്യപത്രം നൽകുന്നതിനുള്ള നടപടി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് സ്വീകരിക്കും. വിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് തിരുവല്ല സബ്കലക്ടർ, അടൂർ ആർഡിഒ എന്നിവരെ നിയോഗിച്ചു.

കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ, ജില്ലാ പോലീസ് മേധാവി ആർ ആനന്ദ്, തിരുവല്ല സബ് കലക്ടർ സുമിത് കുമാർ താക്കൂർ, മാർത്തോമ്മ സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പിസ്‌കോപ്പ, എഡിഎം ബി ജ്യോതി, ഡെപ്യൂട്ടി കളക്ടർ ആർ രാജലക്ഷ്മി എന്നിവർ പങ്കെടുത്തു.