മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് പരിഹാരവുമായി കുടുംബശ്രീ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക്

post

എറണാകുളം : കൊറോണ എന്ന മഹാമാരിയുടെ കാലത്ത് വീടുകളില്‍ അടച്ചിരിക്കേണ്ടി വന്ന പലരും ഒട്ടേറെ പ്രതിസന്ധികളിലൂടെയും മാനസിക സമ്മര്‍ദ്ദങ്ങളിലൂടെയും കുടുംബ പ്രശ്‌നങ്ങളിലൂടെയും കടന്നു പോകുകയാണ്.ഏതെങ്കിലും വിധേന ഈ സമ്മര്‍ദ്ദങ്ങള്‍ ആരോടെങ്കിലും ഒന്നു ഉറക്കെ പറയണമെന്നും മനസ്സിന് ഒരു അയവു കിട്ടണമെന്നും ആഗ്രഹിക്കുന്നുണ്ടോ?എന്നാല്‍ സുഹൃത്തുക്കളോടും ബന്ധുക്കളോടും മറ്റാരോടും പറയുന്നതിനോ സങ്കടങ്ങള്‍ അറിയിക്കുന്നതിനോ പലര്‍ക്കും സാധിക്കുന്നുണ്ടാകില്ല. ഒരു കൗണ്‍സിലിംഗിനോ മീഡിയേഷനോ പോകുന്നതിന് താത്പര്യവുമില്ലായിരിക്കാം. ഇങ്ങനെ കരുതുന്ന സ്ത്രീകള്‍ക്കായി കുടുംബശ്രീ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക്, എറണാകുളം ആവിഷ്‌കരിച്ചിരിക്കുന്ന പുതിയ സംവിധാനമാണ് Frustration box (സമ്മര്‍ദ്ദപ്പെട്ടി).

പല കാരണങ്ങളാല്‍  മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുന്ന ദേഷ്യം, ഭയം, സങ്കടം, വെറുപ്പ് തുടങ്ങി എന്ത് അസ്വസ്ഥതകളും 8594034255 ഈ നമ്പറിലേക്ക് വാട്ട്‌സ് ആപ്പ് ചെയ്യാം.ശബ്ദ സന്ദേശങ്ങളോ, എഴുത്തോ, ഫോട്ടോയോ , വീഡിയോകളോ ഏത് മാര്‍ഗ്ഗത്തിലും നിങ്ങള്‍ക്ക് ഇതില്‍ അയക്കാം.മറ്റാരോടും പറയാന്‍ കഴിയാത്ത വിഷയങ്ങള്‍ കേള്‍ക്കുവാനും മനസ്സിലാക്കുവാനും ഈ നമ്പറില്‍ ഒരു കൗണ്‍സിലറുടെ സേവനം ലഭ്യമാണ്. നിങ്ങളെ മുഴുവനായി കേള്‍ക്കുമെങ്കിലും നിങ്ങളാവശ്യപ്പെടാതെ, നിങ്ങളുടെ അനുമതി ഇല്ലാതെ കൗണ്‍സിലര്‍ ആ വിഷയങ്ങളില്‍ ഇടപെടില്ല. ഓരോ വ്യക്തിയുടെയും സ്വകാര്യതയെ മാനിച്ചു കൊണ്ട് പൂര്‍ണമായും രഹസ്യസ്വഭാവം കാത്തു സൂക്ഷിക്കുകയും ചെയ്യും. കൗണ്‍സിലര്‍ ആയുള്ള സംസാരം മുഖേന മാനസിക സമ്മര്‍ദ്ദം കുറയ്ക്കുവാന്‍ ചില ടിപ്‌സുകള്‍ നിങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യും. നേരിട്ട് പിന്തുണ ആഗ്രഹിക്കുന്നവര്‍ക്ക് ഈ നമ്പറില്‍ വിളിക്കാവുന്നതുമാണ്. മേല്‍ വിഷയങ്ങളില്‍ സ്‌നേഹിതയുടെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് അവശ്യം വേണ്ട എല്ലാ ഇടപെടലുകളും നടത്തുന്നതാണ്.