കുഷ്ഠരോഗ നിർമാർജന യജ്ഞം: ഭവന സന്ദർശനത്തിന് തുടക്കം

post

കുഷ്ഠരോഗ നിർമാർജന യജ്ഞത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടത്തുന്ന അശ്വമേധം 7.0 ഭവന സന്ദർശനത്തിന് ജില്ലയിൽ തുടക്കം. ജില്ലാതല ഉദ്ഘാടനം കുളനട വ്യാപാര ഭവനിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോൾ രാജൻ നിർവഹിച്ചു. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിനീത അനിൽ അധ്യക്ഷയായി. സിഗ്‌നേച്ചർ ക്യാമ്പയിൻ കലാകാരൻ സുനിൽ വിശ്വം ഉദ്ഘാടനം ചെയ്ത് പോസ്റ്റർ പ്രകാശനം നടത്തി.

ജില്ലാ ലെപ്രസി ഓഫീസർ ഡോ. സേതുലക്ഷ്മി, ആർദ്രം നോഡൽ ഓഫീസർ ഡോ. അംജിത്ത് രാജീവൻ , അസിസ്റ്റന്റ് ലെപ്രസി ഓഫീസർ സി പി ആശ, മെഡിക്കൽ ഓഫീസർമാരായ ഡോ. ജിനു.ജി.തോമസ്, ഡോ. അഞ്ജലി എസ് കുമാർ , ജില്ലാ പ്രോഗ്രാം ഓഫീസർമാരായ ആർ.സജിത്ത്, എം ജി വിനോദ് കുമാർ, ഡെപ്യൂട്ടി ജില്ലാ എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ എം പി ബിജു കുമാർ, ബ്ലോക്ക് സൂപ്പർ വൈസർമാരായ എ.സതീഷ് കുമാർ, എ റജുലാബീവി എന്നിവർ പങ്കെടുത്തു.

കുളനട കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് ആരംഭിച്ച ബോധവൽക്കരണ റാലി പന്തളം സ്റ്റേഷൻ ഹൗസ് ഓഫീസർ ടി വി പ്രജീഷ് ഫ്‌ളാഗ് ഓഫ് ചെയ്തു. ചിത്ര കോളജ് ഓഫ് നഴ്‌സിംഗിലെ വിദ്യാർഥിനികൾ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു. 2182 വോളണ്ടിയർമാർ ജില്ലയിൽ ഭവന സന്ദർശനം നടത്തും.

അരികുകൾ വ്യക്തമല്ലാത്തതും സ്പർശനശേഷി ഇല്ലാത്തതുമായ തൊലിയിലെ പാടുകൾ തടിപ്പുകൾ, വേദനയില്ലാത്ത ഉണങ്ങാത്ത മുറിവുകൾ, പുരികവും കൺപീലിയും കൊഴിയൽ, കൈകാലുകളിലെ പേശികളുടെ ബലക്കുറവ് , കണ്ണടയ്ക്കാനുള്ള പ്രയാസം എന്നിവയെല്ലാം കുഷ്ഠരോഗ ലക്ഷണമാകാം. ലക്ഷണമുള്ളവർ വൊളന്റിയർമാരെ അറിയിക്കണം.