സാങ്കേതിക വിദ്യയിലും ശാസ്ത്രീയ രക്ഷാമാർഗ്ഗങ്ങളിലും അറിവുള്ള അഗ്നിശമന രക്ഷാസേനയെ വാർത്തെടുക്കും: മുഖ്യമന്ത്രി
ആധുനിക കാലത്തെ വെല്ലുവിളികൾ നേരിടാൻ പാകത്തിൽ അഗ്നിരക്ഷ സേനയെ പ്രാപ്തമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ അഞ്ചരക്കണ്ടി ബംഗ്ലാവ് മെട്ടയിൽ നിർമിക്കുന്ന ഫയർ ആൻഡ് സേഫ്റ്റി സയൻസ് പോസ്റ്റ് ഗ്രാജുവേറ്റ് ആൻഡ് റിസർച്ച് സെന്റർ ശിലസ്ഥാപനം നിർവ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
രാസാപകടങ്ങളും, ബഹുനില കെട്ടിടങ്ങളിലെ തീപിടിത്തങ്ങളും, മറ്റ് പ്രകൃതിദുരന്തങ്ങളും പരമ്പരാഗത അഗ്നിശമനരക്ഷാ രീതികൾക്കു വലിയ വെല്ലുവിളികളാണ് ഉയർത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ വെല്ലുവിളികളെ ഫലപ്രദമായി നേരിടുന്നതിനായി നൂതന സാങ്കേതികവിദ്യകൾ, ഗവേഷണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവ ഉൾപ്പെടുത്തിയ മനുഷ്യവിഭവശേഷി വികസനം അനിവാര്യമാണ്. അവിടെയാണ് ശാസ്ത്രീയമായ അറിവിന്റെയും ഗവേഷണത്തിന്റെയും പ്രസക്തി. വെറും കായികക്ഷമതയ്ക്കപ്പുറം, സാങ്കേതിക വിദ്യയിലും ശാസ്ത്രീയ രക്ഷാമാർഗ്ഗങ്ങളിലും അറിവുള്ള ഒരു അഗ്നിശമന രക്ഷാസേനയെ വാർത്തെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഈ ലക്ഷ്യം മുൻനിർത്തിയാണ് സർക്കാർ ഫയർ ഫോഴ്സിനെ 'ഫയർ ആൻഡ് റെസ്‌ക്യൂ സർവ്വീസസ്' എന്ന് പുനർനാമകരണം ചെയ്തത്.

സമീപകാലത്ത് നമ്മുടെ സംസ്ഥാനത്ത് ഉണ്ടായ വലിയ ദുരന്തങ്ങളിലും മറ്റ് അടിയന്തര സാഹചര്യങ്ങളിലും ശ്ലാഘനീയമായ പ്രവർത്തനം കാഴ്ചവെച്ച സേനയാണ് ഫയർ ഫോഴ്‌സ്. പ്രളയ ഘട്ടങ്ങളിലും കോവിഡ് കാലത്തും മാത്രമല്ല, ബ്രഹ്‌മപുരത്തെ പാഴ്‌വസ്തു സംഭരണ കേന്ദ്രത്തിൽ ഉണ്ടായ വൻ അഗ്നിബാധ കെടുത്തുന്നതിലും, മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ വേളയിലും വകുപ്പ് കാഴ്ചവെച്ച പ്രവർത്തനമികവ് ദേശീയ - അന്തർദേശീയ തലങ്ങളിൽ വരെ ശ്രദ്ധിക്കപ്പെട്ടതാണ്. മികച്ച ഫീൽഡ് ലെവൽ പരിശീലനവും ശാസ്ത്രീയമായ പ്രവർത്തന പരിചയവും സമന്വയിച്ച വകുപ്പിന്റെ മനുഷ്യവിഭവ ശേഷിയാണ് ഈ നേട്ടങ്ങളുടെ അടിസ്ഥാനശക്തിയെന്ന് പറയുന്നതിൽ അഭിമാനമുണ്ട്. കഴിഞ്ഞ പത്ത് വർഷക്കാലത്തിനിടയിൽ അഗ്നിശമന സേനയുടെ നവീകരണത്തിനായി സംസ്ഥാന സർക്കാർ നടത്തിയ ഇടപെടലുകൾ നിരവധിയാണ്. സേനയ്ക്ക് അത്യാധുനിക ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം സേനാംഗങ്ങളുടെ വൈജ്ഞാനിക നിലവാരം ഉയർത്തുന്നതിലും സർക്കാർ ശ്രദ്ധിച്ചിട്ടുണ്ട്. അതിന്റെ അടുത്ത ഘട്ടമായിട്ടാണ് റിസർച്ച് സെന്ററിനെ സർക്കാർ കാണുന്നത്. ഒരു സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു സ്ഥാപനം വരുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഫയർ ആൻഡ് റെസ്‌ക്യൂ സർവ്വീസസ് ജീവനക്കാരുടെ പ്രൊഫഷണൽ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനൊപ്പം അഗ്നിസുരക്ഷ, ദുരന്തനിവാരണം എന്നീ മേഖലകളിൽ തൊഴിലധിഷ്ഠിതവും ആഗോളതലത്തിൽ മത്സരക്ഷമതയുള്ളതുമായ വിദഗ്ദ്ധരെ വാർത്തെടുക്കുന്നതിന് ഈ കേന്ദ്രം വഴിയൊരുക്കും. വകുപ്പിന്റെ ദീർഘകാല പ്രവർത്തന അനുഭവസമ്പത്തിനെ അക്കാദമിക് കോഴ്‌സുകളുടെ ഭാഗമാക്കുന്നതിലൂടെ വിദ്യാഭ്യാസം, ഗവേഷണം, പരിശീലനം എന്നിവ സംയോജിപ്പിക്കുന്ന മികവിന്റെ കേന്ദ്രമായി ഈ സ്ഥാപനം മാറും. മാത്രമല്ല, സൈദ്ധാന്തികവും പ്രായോഗികവുമായ അറിവുകൾ ഫലപ്രദമായി ഏകോപിപ്പിക്കുന്നതിലൂടെ, കേരളത്തിന്റെ അടിയന്തര പ്രതികരണ ശേഷി ശക്തിപ്പെടുത്തുന്നതിലും ഈ പഠനകേന്ദ്രം നിർണായക പങ്ക് വഹിക്കും.

കുസാറ്റിന്റെ അംഗീകാരത്തോടെ നാല് കോഴ്‌സുകളാണ് ഈ സെന്ററിൽ ആരംഭിക്കുന്നത്. ഇന്ത്യയിൽ തന്നെ ആദ്യമായാണ് എം എസ് സി ഫയർ ആൻഡ് സേഫ്റ്റി സയൻസ് കോഴ്‌സ് ആരംഭിക്കുന്നത്. ഇതിന് രാജ്യത്തും രാജ്യത്തിനുപുറത്തും വൻ തൊഴിൽ സാധ്യതയാണ് ഉള്ളത്. ഇതോടൊപ്പം രണ്ട് പി ജി ഡിപ്ലോമ കോഴ്‌സുകളും ഒരു റിസർച്ച് സെന്ററും ഇവിടെയുണ്ടാകും. സാധാരണഗതിയിൽ സർവകലാശാലകളോ അക്കാദമിക് സ്ഥാപനങ്ങളോ ആണ് ഇത്തരം കോഴ്സുകൾക്ക് നേതൃത്വം നൽകുക. എന്നാൽ, പ്രായോഗിക അനുഭവസമ്പത്തുള്ള ഫയർ ആൻഡ് റെസ്‌ക്യൂ സർവ്വീസസ് തന്നെ ഇത്തരമൊരു അക്കാദമിക് രംഗത്തേക്ക് കടന്നുവരുന്നു എന്നത് അഭിമാനകരമായ കാര്യമാണ്. പദ്ധതിക്കായി 20 കോടി രൂപയുടെ ഭരണാനുമതി സർക്കാർ നൽകിയിട്ടുണ്ട്. ആവശ്യമായ സാങ്കേതികാനുമതികളും ലഭ്യമായിട്ടുണ്ട്. 18 മാസത്തിനുള്ളിൽ തന്നെ ഈ കെട്ടിടം പൂർത്തിയാക്കി നാടിനു സമർപ്പിക്കാൻ സാധിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിന്റെ ഭൗതിക, സാമൂഹ്യ, വ്യവസായ സവിശേഷതകൾക്ക് അനുസൃതമായ ഗവേഷണവും പരിശീലനവും നടത്തുക വഴി, സംസ്ഥാനത്ത് കൂടുതൽ സുരക്ഷിതവും സുസ്ഥിരവുമായ പൊതുസുരക്ഷാ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ഈ കേന്ദ്രം നിർണായക പങ്ക് വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബംഗ്ലാവ് മെട്ടയിൽ ഫയർ ആൻഡ് സേഫ്റ്റി സയൻസ് പോസ്റ്റ് ഗ്രാജുവേറ്റ് ആൻഡ് റിസർച്ച് സെന്റർ സ്ഥാപിക്കുന്നതിന്റെ തുടക്കം തനിക്ക് ലഭിച്ച പ്രദേശവാസിയുടെ ഒരു കത്താണെന്ന മുഖ്യമന്ത്രി ഉദ്‌ഘാടന പ്രസംഗത്തിൽ പരാമർശിച്ചു. കാടുപിടിച്ച് ഇഴജന്തുക്കളുടെ താവളമായി മാറിയ പ്രദേശം സർക്കാർ സ്ഥാപനം ആരംഭിക്കുന്നതിന് ഉപയോഗപ്പെടുത്തണമെന്നായിരുന്നു കത്തിൽ പരാമർശിച്ചത് എന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ സമയം മുഖ്യമന്ത്രിക്ക് കത്തെഴുതിയ പ്രദേശവാസിയയായ സുജാത ടീച്ചർ സദസ്സിൽനിന്ന് എഴുനേറ്റു മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്തത് ഉദ്‌ഘാടന ചടങ്ങിലെ വേറിട്ട കാഴ്ചയായി.

രജിസ്ട്രേഷൻ, മ്യൂസിയം പുരാവസ്‌തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വി.പി.സാബു റിപ്പോർട്ട് അവതരിപ്പിച്ചു. വി. ശിവദാസൻ എം.പി, ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ബിനോയ് കുര്യൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രഭാകരൻ മാസ്റ്റർ, അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. കെ. സീന, അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് അംഗം ടി. മഹേഷ്, ഫയർ ആൻ്റ് റെസ്‌ക്യു സർവ്വീസസ് ഡയറക്ടർ ജനറൽ നിതിൻ അഗ്രവാൾ, കേരള ഫയർ ആന്റ് റെസ്ക്യൂ സർവ്വീസസ് ടെക്നിക്കൽ ഡയറക്‌ടർ എം.നൗഷാദ് വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ കെ.കെ.രാഗേഷ്, കെ.കെ.ജയരാജൻ മാസ്റ്റർ, ടി. പ്രകാശൻ മാസ്റ്റർ, എൻ.കെ.റഫീഖ് മാസ്റ്റർ, സംഘടക സമിതി കൺവീനർ കെ. പി. ലോഹിതാക്ഷൻ, കേരള ഫയർഫോഴ്‌സ് ഓഫീസേഴ്സ് അസോസിയേഷൻ മേഖലാ സെക്രട്ടറി ഒ. കെ. രജീഷ്, കേരള ഫയർ സർവീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി വി.പ്രണവ്, കേരള ഫയർ സർവീസ് ഡ്രൈവേഴ്‌സ് ആൻഡ് മെക്കാനിക്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.കെ. ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.
ഫയർ ആൻഡ് സേഫ്റ്റി സയൻസ് റിസർച്ച് സെന്റർ : ആദ്യഘട്ടിൽ നിർമ്മിക്കുക അഞ്ച് നിലകളുള്ള അക്കാദമിക് ബ്ലോക്ക്
ധർമ്മടം നിയോജക മണ്ഡലത്തിലെ അഞ്ചരക്കണ്ടി ബംഗ്ലാവ് മെട്ടയിൽ നാലര ഏക്കർ ഭൂമിയിലാണ് ഫയർ ആൻഡ് സേഫ്റ്റി സയൻസ് പോസ്റ്റ് ഗ്രാജുവേറ്റ് ആൻഡ് റിസർച്ച് സെൻ്റർ നിർമ്മിക്കുക. കെട്ടിടത്തിന്റെ ഒന്നാം ഘട്ടത്തിന് 20 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. അക്കാദമിക് ബ്ലോക്ക്, അഡ്മിനിട്രേറ്റീവ്ബ്ലോക്ക്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ കെട്ടിടം റെസിഡൻഷ്യൽ ക്വാർട്ടേഴ്‌സുകൾ എന്നിവ ഉൾപ്പെടുന്നതാണ് റിസർച്ച് സെന്റർ.
കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിൽ ഫാക്കൽറ്റി റൂം, സന്ദർശകർക്കുള്ള മുറി, സ്വീകരണമുറി, ലോബി, വാഹനങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദർശനം, ഉപകരണങ്ങൾ സൂക്ഷിക്കുന്ന സ്ഥലം, നടുമുറ്റം, പാൻട്രി, ഇലക്ട്രിക്കൽ റൂം, ബാറ്ററി/യുപിഎസ് റൂം, ലിഫ്റ്റുകൾ, സ്റ്റൈയർകേസ്, ശുചിമുറികൾ, വാഹന പാർക്കിംഗ് സൗകര്യം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. 1265 ചതുരശ്ര മീറ്റർ വിസ്തീർണത്തിലുള്ള ഒന്നാം നില. ജനറൽ ലാബുകൾ സ്കിൽ ഡെവലപ്മെന്റ് സെൻറർ, കണ്ടിന്യൂയിംഗ് എജ്യുക്കേഷൻ ഫെസിലിറ്റി റൂം, സ്‌മാർട്ട് ക്ലാസ് റൂമുകൾ ഫാക്കൽറ്റി റൂം എന്നിവ ഉൾപ്പെടുന്നു. ജനറൽ ലാബുകൾ എക്സാമിനേഷൻ ഹാൾ സ്മാർട്ട് ക്ലാസ് റൂമുകൾ എന്നിവ ഉൾപ്പെട്ടതാണ് 1265 ചതുരശ്ര മീറ്റർ വിസ്തീർണത്തിലുള്ള രണ്ടാം നില.
പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ അക്കാദമിക് ബ്ലോക്കിന്റെ നിർമ്മാണമാണ് നടത്തുന്നത്. 6447 ചതുരശ്ര മീറ്ററിൽ അഞ്ച് നിലകളിലായാണ് അക്കാദമിക് ബ്ലോക്ക് നിർമ്മിക്കുന്നത്. ആദ്യ മൂന്നു നിലകളുടെ ഫിനിഷിംഗ് പ്രവൃത്തികൾ മുഴുവനായും നാലാം നിലയുടെ ആർ.സി.സി സ്ട്രക്‌ചറൽ പ്രവൃത്തികളും ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുന്നുണ്ട്. കൂടാതെ റീറ്റെയ്‌നിങ് വാൾ, സെപ്റ്റിക് ടാങ്ക്, മഴവെള്ള സംഭരണി എന്നീ പ്രവൃത്തികളും ഇതോടൊപ്പം പൂർത്തീകരിക്കും.









