പുതുവത്സര ആഘോഷങ്ങൾക്ക് സമ്പൂർണസുരക്ഷ ഉറപ്പാക്കും: ജില്ലാ വികസനസമിതി യോഗം

post

പുതുവത്സര ആഘോഷങ്ങൾക്ക് സമ്പൂർണ സുരക്ഷ ഉറപ്പാക്കുമെന്ന് ജില്ലാ വികസനസമിതി യോഗത്തിൽ അധ്യക്ഷനായ ജില്ലാ കളക്ടർ എൻ ദേവിദാസ്. എക്‌സൈസ്, പൊലിസ് വകുപ്പുകൾ അതിർത്തി ചെക്ക്‌പോസ്റ്റുകൾ, അന്തർ സംസ്ഥാന ബസുകൾ, ഹൗസ് ബോട്ട് തുടങ്ങിയവ കേന്ദ്രീകരിച്ച് സംയുക്തപരിശോധന നടത്തും. സ്വാഭാവിക ആഘോഷങ്ങൾക്ക് വിഘാതമാകാത്ത വിധമായിരിക്കും സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തുകയെന്നും വ്യക്തമാക്കി.

പത്തനാപുരത്തെ പിറവന്തൂർ ഗ്രാമപഞ്ചായത്ത്, കമുകുചേരി നിവാസികൾക്ക് പട്ടയം അനുവദിക്കുന്നത് സംബന്ധിച്ച് റവന്യൂ, ധനകാര്യം, ഗതാഗതം, ജലവിഭവ വകുപ്പ് മന്ത്രിമാരുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ജനുവരി അഞ്ചിന് പുറമ്പോക്ക് ഭൂമിയിൽ സംയുക്ത പരിശോധന നടത്തുമെന്നും അറിയിച്ചു.

തലവൂർ സർക്കാർ യു.പി സ്‌കൂളിലെ 1.36 കോടി രൂപയുടെ നിർമാണപ്രവർത്തനങ്ങൾക്ക് ഭരണാനുമതി അനുവദിക്കുന്ന നടപടിക്രമങ്ങൾ വേഗത്തിലാക്കണം, കല്ലട സബ് സ്റ്റേഷൻ രണ്ടാംഘട്ട നിർമാണപ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണം, ചിറ്റുമല ചിറയുടെ തീരസംരക്ഷണം ഉറപ്പാക്കണം, ദേശീയപാത 66 കൊട്ടിയം-മൈലക്കാട് ഭാഗത്ത് അപകടസാധ്യതയ്ക്ക് ശാശ്വത പരിഹാരം കാണണം, സ്വകാര്യ ബസുകൾ വൈകിട്ട് ആറുമണിക്ക് ശേഷം സർവീസ് അവസാനിപ്പിക്കുന്നതിനെതിരേ നടപടി സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങൾ യോഗത്തിൽ ഉയർന്നു. ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് അധ്യക്ഷൻ വ്യക്തമാക്കി.

ജീവിതശൈലീരോഗങ്ങൾ നിയന്ത്രിക്കാനും ആരോഗ്യകരമായ ഭക്ഷണശീലം വളർത്താനുമുള്ള ബോധവത്കരണത്തിനായി ഭക്ഷ്യസുരക്ഷ വകുപ്പ് ‘ആരോഗ്യതളിക', ആരോഗ്യ വകുപ്പിന്റെ ‘ആരോഗ്യം ആനന്ദം വൈബ് 4 വെൽനെസ്' ക്യാമ്പയിനുകൾ സംബന്ധിച്ച് വിശദീകരിച്ചു.

ജനാഭിപ്രായം സ്വരൂപിച്ച് കേരളത്തിലെ വികസനക്ഷേമ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സിറ്റിസൺസ് റെസ്‌പോൺസ് പ്രോഗ്രാമിന്റെ ജില്ലാതല സംഘാടനവും തുടർപ്രവർത്തനങ്ങളും സംബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസർ വിശദീകരിച്ചു.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്ലാനിങ് ഓഫീസർ എം.ആർ ജയഗീത, മന്ത്രി കെ.ബി ഗണേഷ്‌കുമാറിന്റെ പ്രതിനിധി പി.എ സജിമോൻ, കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രതിനിധി എബ്രഹാം സാമുവൽ, എൻ.കെ പ്രേമചന്ദ്രൻ എം.പിയുടെ പ്രതിനിധി കെ എസ് വേണുഗോപാൽ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.