മകരവിളക്ക് തീർഥാടനം : സുഗമവും സുരക്ഷിതവുമായി നടത്തും അവലോകന യോഗം ചേർന്നു
ശബരിമല മകരവിളക്ക് തീർഥാടനം സുഗമവും സുരക്ഷിതവുമായി നടത്തുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ. മകരവിളക്ക് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തിൽ ചേർന്ന അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാതികൾക്കിടവരുത്താതെ മണ്ഡലകാലം അവസാനിക്കുകയാണ്. 33,32,000 തീർഥാടകരാണ് ഡിസംബർ 25 വരെ ശബരിമലയിൽ എത്തിയത്. മകരവിളക്കിനും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതൽ തീർഥാടകരെ പ്രതീക്ഷിക്കുന്നു. എല്ലാവർക്കും ദർശനം ഒരുക്കും. സ്‌പോട്ട് ബുക്കിംഗ് നിലവിലെ പോലെ 5000 ആയി തുടരും. മകരവിളക്ക് ദിവസം കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. വ്യൂ പോയിന്റുകളിൽ സുരക്ഷാ വേലി സ്ഥാപിക്കും. ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ വകുപ്പുകൾ സംയുക്ത പരിശോധന നടത്തും. പൊലീസ്, ഫയർഫോഴ്‌സ്. വനം വകുപ്പുകളും പ്രത്യേക പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കും. മെഡിക്കൽ സംഘത്തിന്റെ സേവനം ഉണ്ടാകും. മകരജ്യോതി ദർശനത്തിനായി തീർഥാടകർ മരച്ചില്ലകളിൽ കയറുന്നത് കർശനമായി തടയും. മകരവിളക്കിനായി എത്തുന്നവർ നിർമിക്കുന്ന പർണശാലയിൽ പാചകം ചെയ്യുന്നത് അപകടമുണ്ടാക്കുമെന്നതിനാൽ ഭക്ഷണം എത്തിച്ച് നൽകും.
മകരവിളക്ക് ദിവസം കഴിഞ്ഞ വർഷം കെ എസ് ആർ ടി സി 800 ബസ് സർവീസ് നടത്തി. ഇത്തവണ കൂടുതൽ ബസ്സുകൾ സജ്ജമാക്കും. വിപുലമായ പാർക്കിംഗ് സൗകര്യം ഉറപ്പാക്കും. തമിഴ്‌നാട്ടിൽ നിന്നെത്തുന്ന വാഹനങ്ങൾക്ക് കുമളിയിൽ പാർക്കിംഗ് ഒരുക്കാൻ തമിഴ്‌നാട് വനംവകുപ്പിന്റെ സഹായം തേടും. കോട്ടയം, കോന്നി മെഡിക്കൽ കോളജുകളിൽ തീർഥാടകർക്കായി പ്രത്യേകം സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്.

പന്തളം കൊട്ടാരത്തിൽ നിന്നാരംഭിക്കുന്ന തിരുവാഭരണ ഘോഷയാത്ര സംഘത്തിന് സുഗമമായ പാത ഒരുക്കും. പൊലീസ് സുരക്ഷ ഉറപ്പാക്കും. മെഡിക്കൽ സംഘം ഘോഷയാത്രയെ അനുഗമിക്കും. തിരുവാഭരണ സംഘത്തിന് ശുദ്ധമായ കുടിവെള്ളവും വിശ്രമ കേന്ദ്രങ്ങളിൽ ആവശ്യസൗകര്യങ്ങളും ഉറപ്പാക്കും. പാതയിൽ തടസമായി നിൽകുന്ന മരച്ചില്ലകൾ വനം വകുപ്പ് മുറിച്ചുമാറ്റും. മകരവിളക്കിന് ശേഷം സംഘത്തിൻറെ തിരികെയുള്ള യാത്രയിൽ വന്യജീവി സംഘർഷം ഒഴിവാക്കാൻ നടപടി സ്വീകരിക്കും. എരുമേലി പേട്ടതുള്ളലിന് കോട്ടയം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തും.
ളാഹ സത്രത്തിലും പരിസര പ്രദേശങ്ങളിലും പശ്ചാത്തല സൗകര്യം ഉറപ്പാക്കും. കാനനപാതയിൽ പൊലീസ്, വനം വകുപ്പുകളുടെ സഹകരണത്തോടെ എക്‌സൈസ് കർശന പരിശോധന നടത്തും. ഡ്യൂട്ടിക്കായി എത്തുന്ന ഉദ്യോഗസ്ഥർക്ക് താമസവും ഭക്ഷണവും കൃത്യമായി ഉറപ്പാക്കും. വിശുദ്ധി സേനാംഗങ്ങളുടെ വേതനം കൂട്ടി നൽകും. അരവണ പ്രസാദം ഉൽപാദനം വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

കോന്നി എംഎൽഎ കെ. യു. ജനീഷ് കുമാർ, ദേവസ്വം സെക്രട്ടറി എം. ജി. രാജമാണിക്യം, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ, അംഗങ്ങളായ കെ രാജു, പി. ഡി. സന്തോഷ് കുമാർ, പത്തനംതിട്ട ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലാ പൊലീസ് മേധാവികളായ ആർ ആനന്ദ്, എ ഷാഹുൽ ഹമീദ്, എം പി മോഹനചന്ദ്രൻ, ശബരിമല എഡിഎം അരുൺ എസ് നായർ, റാന്നി ഡിഎഫ്ഒ എൻ. രാജേഷ്, പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ എസ് സന്ദീപ്, ദേവസ്വം കമ്മിഷണർ ബി സുനിൽ കുമാർ, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.










