എസ് ഐ ആര്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു, പൊതുജനങ്ങള്‍ക്ക് പരിശോധിക്കാം
നവംബര്‍ നാല് മുതല്‍ ജില്ലയില്‍ നടന്നുവന്ന സ്‌പെഷ്യല്‍ ഇന്റെന്‍സീവ് റിവിഷന്റെ (എസ് ഐ ആര്‍) കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. കളക്ട്രേറ്റില്‍ നടന്ന യോഗത്തില്‍ കരട് വോട്ടര്‍ പട്ടിക രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഷൈജു പി ജേക്കബ് കൈമാറി.
പൊതു ജനങ്ങള്‍ക്ക് ബൂത്ത് ലെവല്‍ ഓഫീസറെ ബന്ധപ്പെട്ടോ, ഓണ്‍ലൈന്‍ ആയോ കരട് വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാം. electoralsearch.eci. gov. in എന്ന ഇലക്ഷന്‍ കമ്മീഷന്‍ വെബ്‌സൈറ്റിലും പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അര്‍ഹരായ ആരുടെയെങ്കിലും പേര് വിട്ടുപോയിട്ടുണ്ടെങ്കില്‍ ജനുവരി 22 വരെ ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് മുന്‍പാകെ ആക്ഷേപം ഉന്നയിക്കാം. സാധുവായ രേഖകള്‍ സഹിതം ഹാജരായി അന്തിമ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം. പരാതി ഉള്ളതും 2002 ലെ വോട്ടര്‍പട്ടികയില്‍ പേരുള്ള ആളുകളുമായി ബന്ധമില്ലാത്തവരെയും ഹിയറിങിന് വിളിക്കും. ഫെബ്രുവരി 14 വരെ ഹിയറിങ് നടത്തുന്നതും ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള 12 രേഖകളില്‍ ഏതെങ്കിലുമായി ഹിയറിങ്ങിന് ഹാജരാകാവുന്നതുമാണ്.
മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ വോട്ടേഴ്‌സ് കോര്‍ണര്‍ www.ceo.kerala.gov.in/voters-corer വെബ്‌സൈറ്റിലെ റജിസ്റ്റര്‍ കംപ്ലയിന്റ്‌സ് ഓപ്ഷന്‍ വഴി ഓണ്‍ലൈനായും ആക്ഷേപങ്ങളും പരാതികളും സമര്‍പ്പിക്കാം.
താമസം മാറിപ്പോയത് കാരണം വോട്ടര്‍പട്ടികയില്‍ പേര് വന്നിട്ടില്ലാത്തവര്‍ക്ക് നിലവില്‍ താമസിക്കുന്ന സ്ഥലത്ത് അക്ഷയ കേന്ദ്രങ്ങള്‍, കോമണ്‍ സര്‍വീസ് സെന്ററുകള്‍ മുഖേനയും വോട്ടെര്‍ ഹെല്‍പ് ലൈന്‍ ആപ്ലിക്കേഷന്‍ മുഖേനയും പുതിയതായി പേര് ചേര്‍ക്കുന്നതിനുള്ള ഫോം 6 ആപ്ലിക്കേഷന്‍ സമര്‍പ്പിച്ച് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാവുന്നതാണ്.
ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ സുജ വര്‍ഗീസ്, ഇ ആര്‍ ഒയും ഡെപ്യൂട്ടി കളക്ടറുമായ മിനി കെ. തോമസ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഇലക്ഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.










