ബേപ്പൂർ വാട്ടർഫെസ്റ്റ്: ബീച്ച് സ്‌പോർട്‌സ് മത്സരങ്ങൾക്ക് ഡിസംബർ 22ന് തുടക്കം
ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് അഞ്ചാം പതിപ്പിന്റെ പ്രചാരണാർഥം സംഘടിപ്പിക്കുന്ന ബീച്ച് സ്‌പോർട്‌സ് മത്സരങ്ങൾക്ക് ഡിസംബർ 22ന് തുടക്കമാകും. തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് ബേപ്പൂർ ബീച്ചിൽ കബഡി മത്സരത്തോടെയാണ് കായികാവേശത്തിന് തുടക്കമാകുക. പുരുഷ-വനിതാ വിഭാഗങ്ങളിലായി നാലു വീതം ടീമുകളാണ് കളത്തിലിറങ്ങുക. ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് ക്യാഷ് പ്രൈസ് സമ്മാനിക്കും. മത്സരം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് പി നിഖിൽ ഉദ്ഘാടനം ചെയ്യും.
23ന് ബീച്ച് ഫുട്ബോളിനും 24ന് ബീച്ച് വോളിബോളിനും ബേപ്പൂർ വേദിയാകും. ചെസ് മത്സരം, കളരി, കരാട്ടെ, മാർഷൽ ആർട്സ് ഡെമോൺസ്ട്രേഷൻ എന്നിവയും ഉണ്ടാകും.
ഡിസംബർ 26, 27, 28 തീയതികളിലായാണ് ബേപ്പൂർ വാട്ടർ ഫെസ്റ്റ്. ഫെസ്റ്റിന്റെ ഭാഗമായ വിവിധ പരിപാടികൾക്കും മത്സരങ്ങൾക്കും ബേപ്പൂർ, ചാലിയം, നല്ലൂർ, രാമനാട്ടുകര, ഫറോക്ക് വി പാർക്ക്, നല്ലളം വി പാർക്ക്, നല്ലളം അബ്ദുറഹ്‌മാൻ പാർക്ക് എന്നിവിടങ്ങളിലാണ് വേദിയൊരുങ്ങുക.










