അനധികൃത പാറ ഖനനം തടഞ്ഞു

post

ഉപ്പുതോടില്‍ വില്ലേജ് ഓഫീസറുടെ സ്റ്റോപ്പ് മെമ്മോ ലംഘിച്ച് നടത്തിവന്ന വന്‍തോതിലുള്ള അനധികൃത പാറ ഖനനം തടഞ്ഞു. ഖനനത്തിന് ഉപയോഗിച്ച ട്രാക്ടറും മറ്റ് അനുബന്ധ ഉപകരണങ്ങളും ഉദ്യോഗസ്ഥ സംഘം പിടിച്ചെടുത്തു. മരിയാപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് പിടിച്ചെടുത്ത വാഹനങ്ങള്‍. സ്ഥലത്ത് പാറ ഖനനം നടത്തുന്നത് തടഞ്ഞുകൊണ്ട് വില്ലേജ് ഓഫീസര്‍ നേരത്തെ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ ഉത്തരവ് ലംഘിച്ച് ഖനനം തുടരുകയായിരുന്നു. വന്‍തോതില്‍ മണ്ണ് നീക്കം ചെയ്യുകയും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പാറ പൊട്ടിക്കുകയും ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി.


ജനവാസ മേഖലയില്‍ യാതൊരുവിധ മുന്‍കരുതലുമില്ലാതെയാണ് സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് പാറ പൊട്ടിച്ചതെന്നും പരിശോധനയില്‍ തെളിഞ്ഞു. സംഭവസ്ഥലത്ത് സ്‌ഫോടകവസ്തുക്കളുടെ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്. പിടിച്ചെടുത്ത വാഹനങ്ങള്‍ മേല്‍നടപടികള്‍ക്കായി പോലീസിന് കൈമാറും. സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചതിനും, അനധികൃതമായി സ്‌ഫോടകവസ്തുക്കള്‍ കൈവശം വെച്ച് പാറ ഖനനം നടത്തിയതിനും ഉടമയ്ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കാന്‍ ഇടുക്കി സബ് കളക്ടര്‍ അനൂപ് ഗാര്‍ഗ് നിര്‍ദേശം നല്‍കി.