കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പയിന്‍ ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു

post

കുളമ്പുരോഗ, ചര്‍മമുഴരോഗ നിയന്ത്രണ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ കുമ്പഴ മാടപ്പള്ളി ഫാമില്‍ നിര്‍വഹിച്ചു. ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സംയോജിതമായാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൃഗാശുപത്രിയുടെ നേതൃത്വത്തില്‍ വാക്‌സിനേഷന്‍ സ്‌ക്വാഡ് ക്ഷീരകര്‍ഷകരുടെ വീട്ടിലെത്തി പശു, എരുമ, കിടാവ് എന്നിവയ്ക്ക് സൗജന്യ കുത്തിവയ്പ്പ് നല്‍കും.

നാലുമാസത്തിന് താഴെ പ്രായമായ കിടാവ്, ഏഴു മാസത്തിനു മുകളില്‍ ഗര്‍ഭമുള്ള ഉരുക്കള്‍ എന്നിവയെ കുളമ്പുരോഗ കുത്തിവയ്പ്പില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നാലുമാസത്തിന് മുകളില്‍ പ്രായമായ കിടാരികള്‍ക്കും ഗര്‍ഭാവസ്ഥയിലുള്ള പശുക്കള്‍ക്കും ചര്‍മമുഴ രോഗപ്രതിരോധ കുത്തിവയ്പ്പ് എടുക്കാം. എരുമകള്‍ക്ക് ചര്‍മമുഴ രോഗപ്രതിരോധ കുത്തിവയ്പ്പ് ആവശ്യമില്ല. ജില്ലയിലെ 64,417 കാലികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതിനായി 103 സ്‌ക്വാഡുകള്‍ സജ്ജമാണ്. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. എസ് സന്തോഷ് അധ്യക്ഷനായി. ജില്ലാ കോഡിനേറ്റര്‍ ഡോ. ഡെന്നിസ് തോമസ്, ജില്ലാ മൃഗസംരക്ഷണവകുപ്പ് പബ്ലിക് റിലേഷന്‍ ഓഫീസര്‍ ഡോ. എബി. കെ. എബ്രഹാം, വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.