എംഎല്‍എ ഇടപെട്ടു; അടിയന്തര ചികിത്സയ്ക്കായി ഗര്‍ഭിണിയെ തിരുവനന്തപുരത്തെത്തിച്ചു

post

പത്തനംതിട്ട : പൂര്‍ണ ഗര്‍ഭിണിയായ അടൂര്‍ സ്വദേശിനിയെ അടിയന്തര ചികിത്സയ്ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിക്കാനായത് ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ സമയോചിതമായ ഇടപെടലിലൂടെ.  അടൂര്‍ പറക്കോട് ചിരണിക്കല്‍ കുഴിങ്കാലില്‍ രാഖി(27)യെയാണ് കൃത്യസമയത്തിനുള്ളില്‍ ആശുപത്രിയിലെത്തിക്കാനായത്. ലോക്ക് ഡൗണായതിനാല്‍ വാഹനം കിട്ടാതെ വിഷമിച്ച കുടുംബത്തിന്റെ അവസ്ഥ പറക്കോട് വൈഎംസിഎ പ്രസിഡന്റും അടൂര്‍ നഗരസഭ മുന്‍ കൗണ്‍സിലറുമായ പൊന്നച്ചന്‍

എംഎല്‍എയുടെ പ്രോഗ്രാം കോര്‍-ഓഡിനേറ്ററായ ജോര്‍ജ് മുരിക്കനെ അറിയിച്ചു. ഉടന്‍ തന്നെ ഇക്കാര്യം ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതേ തുടര്‍ന്ന് എംഎല്‍എ ഇടപെട്ട് അടൂര്‍ ജനറല്‍ ആശുപത്രിയിലെ ആംബുലന്‍സ് ലഭ്യമാക്കി. ആദ്യം യുവതിയെ  അടൂര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചു. ഇവിടെ പ്രാഥമിക പരിശോധനയ്ക്കു ശേഷം 108 ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ച യുവതിക്ക് അടിയന്തിര ചികില്‍സ നല്‍കി.