മൂന്നിടത്ത് വോട്ടെടുപ്പ് റദ്ദാക്കി
സ്ഥാനാർത്ഥികൾ മരിച്ചതിനാൽ മൂന്നിടത്തെ വോട്ടെടുപ്പ് റദ്ദാക്കിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിമ്പാടം വാർഡ്, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ വാർഡ്, തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡ് എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് റദ്ദാക്കിയത്.
പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ വാർഡിലെ പോളിങ് ബൂത്തിൽ ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് വാർഡുകളിലേയ്ക്കുള്ള വോട്ടെടുപ്പ് ഇന്ന് (ഡിസംബർ 9) നടന്നു. മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിമ്പാടം വാർഡ് ഉൾപ്പെടുന്ന ബ്ലോക്ക്, ജില്ലാപഞ്ചായത്ത് വാർഡുകളിലേയ്ക്കുള്ള വോട്ടെടുപ്പ് ഡിസംബർ 11 ന് നടക്കും. രണ്ട് ഗ്രാമപഞ്ചായത്ത് വാർഡുകളിലേയ്ക്കും ഒരു കോർപ്പറേഷൻ വാർഡിലേയ്ക്കുമുള്ള പുതിയ തിരഞ്ഞെടുപ്പ് തീയതി പിന്നീട് കമ്മീഷൻ വിജ്ഞാപനം ചെയ്യും.










