പ്രശ്നബാധിത ബൂത്തുകളിലെ വോട്ടെടുപ്പ് പ്രക്രിയ കമ്മീഷൻ നിരീക്ഷിക്കുന്നു
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തും ജില്ലാ കളക്ട്രേറ്റുകളിലുമുള്ള കൺട്രോൾ റൂമുകളിലാണ് പ്രശ്നബാധിത ബൂത്തുകളിൽ ഏർപ്പെടുത്തിയ ലൈവ് വെബ്കാസ്റ്റിങ് നിരീക്ഷിക്കുന്നത്. ബൂത്തുകളിൽ എന്തെങ്കിലും അസാധാരണ നടപടി കണ്ടാൽ ഉടൻ തന്നെ കമ്മീഷൻ ഇടപെട്ട് നടപടി സ്വീകരിക്കും. രണ്ടാംഘട്ട വോട്ടെടുപ്പിൽ വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി 2055 ബൂത്തുകളിലാണ് വെബ് കാസ്റ്റിങ് നിരീക്ഷണം നടത്തുന്നത്.
ബൂത്തിനുളളിൽ അതിക്രമിച്ചു കയറുകയോ, കൂട്ടംകൂടി നിന്ന് തിരഞ്ഞെടുപ്പിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഉടൻ പോലീസിന് നിർദ്ദേശം നൽകും. തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് രണ്ട് കൺട്രോൾ റൂമുകളാണ് പ്രവർത്തിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഉദ്യോഗസ്ഥർക്ക് പുറമെ പോലീസ്, എക്സൈസ്, ബിഎസ്എൻഎൽ, ഐകെഎം, മോട്ടോർ വാഹനവകുപ്പ്, കെൽട്രോൺ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുമാണ് നിരീക്ഷണം നടത്തുന്നത്.
ഇന്ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ ആകെ 480 പ്രശ്നബാധിത ബൂത്തുകളിലാണ് വെബ്കാസ്റ്റിങ് നിരീക്ഷണം നടത്തിയത്. ഇവിഎം തകരാറ് പോലുള്ള ചില അനിഷ്ടസംഭവങ്ങൾ കണ്ട ബൂത്തുകളിൽ ഉടൻ തന്നെ കമ്മീഷൻ നടപടി സ്വീകരിച്ചു.










