തദ്ദേശ തിരഞ്ഞെടുപ്പ്: പോളിംഗിന് ജില്ല സജ്ജം 9,121,33 വോട്ടര്‍മാര്‍ ബൂത്തിലേക്ക്

post

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള വോട്ടെടുപ്പിന് എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് അറിയിച്ചു. 52 ഗ്രാമപഞ്ചായത്തുകളും 8 ബ്ലോക്ക് പഞ്ചായത്തുകളും രണ്ട് നഗരസഭകളും ജില്ലാ പഞ്ചായത്തും ഉള്‍പ്പെടെ 63 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 1036 നിയോജകമണ്ഡലം/വാര്‍ഡുകളിലേക്കാണ് ഇന്ന് (ഡിസംബര്‍ ഒമ്പതിന്) വോട്ടെടുപ്പ് നടക്കുന്നത്. അന്തിമ വോട്ടര്‍പട്ടികപ്രകാരം ജില്ലയില്‍ 9,121,33 വോട്ടര്‍മാരുണ്ട്. ഇതില്‍ 4,43,521 പുരുഷന്‍മാരും 4,68,602 സ്ത്രീകളും 10 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടുന്നു. 10 പേര്‍ പ്രവാസികളാണ്. ജില്ലയിലെ എല്ലാ വോട്ടര്‍മാരും തങ്ങളുടെ പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തി മഹത്തായ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകണമെന്ന് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് റിസര്‍വ് ജീവനക്കാര്‍ ഉള്‍പ്പെടെ 4768 ഉദ്യോഗസ്ഥരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ജില്ലയില്‍ 1192 പോളിംഗ് ബൂത്തുകളാണുളളത്. ഇതില്‍ 73 എണ്ണം നഗരസഭകളിലും 1119 ബൂത്തുകള്‍ ഗ്രാമങ്ങളിലുമാണ്. ഒരു പ്രിസൈഡിംഗ് ഓഫീസര്‍, ഒരു ഫസ്റ്റ് പോളിങ് ഓഫീസര്‍, രണ്ട് പോളിങ് ഓഫീസര്‍ ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥരാണ് ഒരു ബൂത്തിലുണ്ടാകുക. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ വിപുലമായ സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

പോളിംഗ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. 6467 ബാലറ്റ് യൂണിറ്റുകളും 2194 കണ്‍ട്രോള്‍ യൂണിറ്റുകളും തിരഞ്ഞെടുപ്പിനായി കമ്മീഷന്‍ ചെയ്ത് സ്‌ട്രോങ്ങ് റൂമുകളില്‍ സൂക്ഷിച്ചിട്ടുണ്ട്. റിസര്‍വ് യൂണിറ്റുകളും സജ്ജമാണ്. തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തിനും ശേഖരണത്തിനും വോട്ടെണ്ണലിനുമായി ജില്ലയില്‍ 10 കേന്ദ്രങ്ങളുണ്ട്. 83 പ്രശ്നബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തി.

ജില്ലയില്‍ 3100 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്ത്. ഗ്രാമപഞ്ചായത്തിലേക്ക് 2494 സ്ഥാനാര്‍ഥികളും ബ്ലോക്ക് പഞ്ചായത്തിലേക്ക് 310, ജില്ലാ പഞ്ചായത്തില്‍ 61, നഗരസഭയില്‍ 235 പേരും മത്സരിക്കുന്നു. 1240 നാമനിര്‍ദേശപത്രികകള്‍ പിന്‍വലിച്ചു. 221 പത്രികകള്‍ തളളി.