തദ്ദേശതിരഞ്ഞെടുപ്പ് : 10,62,815 വോട്ടര്‍മാര്‍ ബൂത്തിലേക്ക്

post

തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 10,62,815 വോട്ടര്‍മാര്‍ ഡിസംബര്‍ ഒമ്പതിന് സമ്മതിദാനവകാശം വിനിയോഗിക്കും. സ്ത്രീകള്‍ 5,71,974, പുരുഷന്‍മാര്‍ 4,90,838, ട്രാന്‍സ്‌ജെന്‍ഡര്‍ മൂന്ന് എന്നിങ്ങനെയാണ് കണക്ക്. നഗരസഭ, ത്രിതല പഞ്ചായത്ത് വാര്‍ഡുകളിലേക്ക് ആകെ 3,549 സ്ഥാനാര്‍ഥികളുണ്ട്. 1909 വനിതകള്‍, 1640 പുരുഷന്മാരുമാണ് മത്സരരംഗത്തുള്ളത്. 53 ഗ്രാമപഞ്ചായത്തുകളിലെ 833 നിയോജകമണ്ഡലങ്ങളിലായി 2710 സ്ഥാനാര്‍ഥികളും എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലെ 114 നിയോജകമണ്ഡലങ്ങളിലായി 346 സ്ഥാനാര്‍ഥികളും ജില്ലാ പഞ്ചായത്തിലെ 17 നിയോജകമണ്ഡലങ്ങളിലായി 54 സ്ഥാനാര്‍ഥികളും നഗരസഭയില്‍ 135 നിയോജകമണ്ഡലങ്ങളിലായി 439 സ്ഥാനാര്‍ഥികളും ജനവിധി തേടും. 1,225 പോളിംഗ് ബൂത്തുകളിലായി 6250 ബാലറ്റ് യൂണിറ്റും 2210 കണ്‍ട്രോള്‍ യൂണിറ്റും സജ്ജമായി. 5,896 പോളിംഗ് ഉദ്യോഗസ്ഥര്‍ വോട്ടെടുപ്പ് നിയന്ത്രിക്കും.

പോളിംഗ് തുടങ്ങുന്നതിന് മുമ്പ് സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ മോക്ക്‌പോള്‍ രാവില ആറിന് തുടങ്ങും. പോളിംഗ് സ്റ്റേഷനില്‍ നാല് പോളിംഗ് ഉദ്യോഗസ്ഥരും ഒരു പോലീസ് ഉദ്യോഗസ്ഥനും ഉണ്ടാകും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ക്യൂ ഉണ്ടാകും. കാഴ്ച പരിമിതിയുള്ളവരും ശാരീരിക അവശതയുള്ളവരും രോഗബാധിതരും പ്രായമായവരുമായ വോട്ടര്‍മാര്‍ക്ക് ക്യൂ ഇല്ലാതെ വോട്ട് രേഖപ്പെടുത്താം.

പോളിംഗ് സാമഗ്രികള്‍ ബൂത്തിലേയ്ക്ക് വിതരണം ചെയ്തു; കേന്ദ്രങ്ങള്‍ ജില്ലാ കലക്ടറും പൊതുനിരീക്ഷകനും സന്ദര്‍ശിച്ചു

തദ്ദേശ സ്വയംഭരണ പൊതുതിരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന ജില്ലയിലെ കേന്ദ്രങ്ങള്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണനും പൊതു നിരീക്ഷകന്‍ എ നിസാമുദ്ദീനും സന്ദര്‍ശിച്ചു. കോഴഞ്ചേരി സെന്റ് തോമസ് കോളജ്, എലിയറയ്ക്കല്‍ അമൃത വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പന്തളം എന്‍.എസ്.എസ് കോളജ്, അടൂര്‍ കേരള യൂണിവേഴ്സിറ്റി ബിഎഡ് സെന്റര്‍ എന്നീ കേന്ദ്രങ്ങള്‍ ജില്ലാ കലക്ടര്‍ സന്ദര്‍ശിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബീന എസ് ഹനീഫ്, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. റാന്നി സെന്റ് തോമസ് കോളജിലെ വിതരണ കേന്ദ്രത്തില്‍ പൊതുനിരീക്ഷകന്‍ സന്ദര്‍ശനം നടത്തി.


മല്ലപ്പള്ളി സി.എം.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തിരുവല്ല കാവുംഭാഗം ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നും പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്തു. അടൂര്‍ ഹോളി ഏഞ്ചല്‍സ് സ്‌കൂള്‍, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്, തിരുവല്ല എം.ജി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പന്തളം എന്‍.എസ്.എസ് കോളജ് എന്നിവിടങ്ങളില്‍ നഗരസഭയിലേക്കുള്ള പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്തു.