തദ്ദേശ പൊതുതിരഞ്ഞെടുപ്പിനുള്ള ഒരുക്കം പൂര്‍ത്തിയായി
തദ്ദേശ സ്വയംഭരണ പൊതുതിരഞ്ഞെടുപ്പിന് ജില്ലയില്‍ ഒരുക്കം പൂര്‍ത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ല കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍. കളക്ടറേറ്റ് പമ്പ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജില്ല കലക്ടര്‍.
വോട്ടിംഗ് മെഷീനില്‍ സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും അടങ്ങുന്ന ബാലറ്റ് പേപ്പര്‍ സെറ്റ് ചെയ്ത് സ്‌ട്രോം ഗ് റൂമിലേക്ക് മാറ്റി. ജില്ലയിലെ 12 സ്‌ട്രോംഗ് റൂമുകള്‍ക്ക് കര്‍ശന പൊലിസ് സുരക്ഷ ഏര്‍പ്പെടുത്തി. വോട്ടിംഗ് മെഷീനുകളുടെയും തിരഞ്ഞെടുപ്പ് സാമഗ്രികളുടെയും വിതരണം ഡിസംബര്‍ എട്ട് രാവിലെ എട്ടിന് ജില്ലയിലെ 12 വിതരണ കേന്ദ്രങ്ങളില്‍ നടക്കും.
ജില്ലയിലെ 53 ഗ്രാമപഞ്ചായത്തിലായി 833 നിയോജകമണ്ഡലങ്ങളിലും എട്ട് ബ്ലോക്ക് പഞ്ചായത്തിലായി 114 നിയോജകമണ്ഡലങ്ങളിലും നാല് നഗരസഭകളിലായി 135 നിയോജകമണ്ഡലങ്ങളിലും ജില്ലാ പഞ്ചായത്തില്‍ 17 നിയോജകമണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ ഒമ്പതിന് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.

ജില്ലയില്‍ ആകെ 4,90,838 പുരുഷന്മാരും 5,71,974 വനിതകളും മൂന്ന് ട്രാന്‍സ്‌ജെന്‍ഡര്‍മാരും ഉള്‍പ്പടെ 10,62,815 വോട്ടര്‍മാരാണുള്ളത്. 1640 പുരുഷന്മാരും 1909 വനിതകളും ഉള്‍പ്പെടെ 3549 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. തിരഞ്ഞെടുപ്പിന് 1225 പോളിംഗ് സ്റ്റേഷനുകള്‍ ക്രമീകരിച്ചു. വോട്ടെടുപ്പിനായി ഫസ്റ്റ് ലെവല്‍ ചെക്കിംഗ് പൂര്‍ത്തികരിച്ച 2210 കണ്‍ട്രോള്‍ യൂണിറ്റും 6250 ബാലറ്റ് യൂണിറ്റും സജ്ജീകരിച്ചിട്ടുണ്ട്. ഇതില്‍ 1590 കണ്‍ട്രോള്‍ യൂണിറ്റും 4370 ബാലറ്റ് യൂണിറ്റും ബ്ലോക്ക്, മുന്‍സിപ്പല്‍ വരണാധികാരികള്‍ക്ക് വിതരണം ചെയ്തു.
പോളിംഗ് ഡ്യൂട്ടിയിലേക്ക് 1474 പ്രിസൈഡിംഗ് ഓഫീസര്‍മാര്‍, 1474 ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍, 2948 പോളിംഗ് ഉദ്യോഗസ്ഥരെയുമാണ് നിയോഗിച്ചിട്ടുള്ളത്. ഡ്യൂട്ടിയിലേക്ക് നിയോഗിച്ച ഉദ്യോഗസ്ഥരുടെ പരിശീലനം പൂര്‍ത്തിയായി. പോളിംഗ് ബൂത്തിലേക്കും വോട്ടെടുപ്പിനു ശേഷം സ്വീകരണ കേന്ദ്രത്തിലേക്കും പോളിംഗ് ടീമിനെ എത്തിക്കുന്നതിന് വാഹനം സജ്ജമാക്കി. ഓരോ വാഹനത്തിലും റൂട്ട് ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്. വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ അടിയന്തര സാഹചര്യത്തില്‍ ഇടപെടുന്നതിനും വിവര ശേഖരണത്തിനും 107 സെക്ടറല്‍ ഓഫീസര്‍മാരെ നിയോഗിച്ചു.
പോളിംഗ് സ്റ്റേഷനുകളിലെല്ലാം അടിസ്ഥാന സൗകര്യം ഉറപ്പാക്കി. ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്ക് റാമ്പ് സൗകര്യം ഒരുക്കും. സെന്‍സിറ്റീവ് ബുത്തുകളായ 17 പോളിംഗ് സ്റ്റേഷനുകളിലും വെബ് കാസ്റ്റിംഗ് സംവിധാനമുണ്ട്. വെബ് കാസ്റ്റിംഗ്, പോള്‍ മാനേജര്‍ എന്നിവയുടെ നിരീക്ഷണത്തിന് കളക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം ക്രമീകരിച്ചിട്ടുണ്ട്. ഹരിതചട്ടം പാലിച്ച് തിരഞ്ഞെടുപ്പ് നടപടിക്രമം പൂര്‍ത്തിയാക്കും.
മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ജില്ല, താലൂക്ക് തലത്തില്‍ ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലാതല സ്‌ക്വാഡിന്റെ ചുമതല തിരുവല്ല സബ് കളക്ടര്‍ സുമിത് കുമാര്‍ താക്കൂറിനാണ്.
മാതൃകാ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥി, പൊതുജനം, ഉദ്യോഗസ്ഥര്‍ എന്നിവരുടെ സംശയ നിവാരണത്തിനും പരാതി പരിഹാരത്തിനും തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കണ്‍വീനറായ ജില്ലാതല മോണിറ്ററിംഗ് സമിതി പ്രവര്‍ത്തിക്കുന്നു. പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ ഹെല്‍പ്പ് ഡെസ്‌കുമുണ്ട്. 0468 2222561, 9495628052 എന്നതാണ് നമ്പര്‍.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള മാര്‍ഗനിര്‍ദേശം പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനും തുടര്‍നടപടി ശുപാര്‍ശ ചെയ്യുന്നതിനും ജില്ലാ കളക്ടറുടെ അധികാര പരിധിയില്‍ വരുന്ന മാധ്യമ സംബന്ധിയായ കാര്യങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനും ജില്ലാ മീഡിയ റിലേഷന്‍സ് സമിതി പ്രവര്‍ത്തിക്കുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ പൊതു നിരീക്ഷകനായി കില ഡയറക്ടര്‍ എ നിസാമുദ്ദീനും ചെലവ് നിരീക്ഷകരായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച നാല് ഉദ്യോഗസ്ഥരും ജില്ലയിലുണ്ട്.
പോസ്റ്റല്‍ ബാലറ്റിന് ഡിസംബര്‍ ആറു വരെ അപേക്ഷിക്കാം. ഡിസംബര്‍ ഏഴിന് പോസ്റ്റല്‍ ബാലറ്റ് അയയ്ക്കും. പോളിംഗ് സ്റ്റേഷനായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ഡിസംബര്‍ എട്ടിനും ഒമ്പതിനും അവധിയായിരിക്കും. ജില്ലയില്‍ വോട്ടെടുപ്പ്, വോട്ടെണ്ണല്‍ നടപടി സമാധാനപരമായി പൂര്‍ത്തിയാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും സഹകരണം ഉണ്ടാകണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.










